• HOME
  • »
  • NEWS
  • »
  • india
  • »
  • സത്യപ്രതിജ്ഞക്ക് പിന്നാലെ മഹാരാഷ്ട്രയിൽ 70,000 കോടി രൂപയുടെ 9 അഴിമതി കേസുകള്‍ എഴുതിതള്ളി

സത്യപ്രതിജ്ഞക്ക് പിന്നാലെ മഹാരാഷ്ട്രയിൽ 70,000 കോടി രൂപയുടെ 9 അഴിമതി കേസുകള്‍ എഴുതിതള്ളി

ബിജെപിയെ പിന്തുണച്ചതിനുള്ള ഉപകാര സ്മരണയെന്ന് കോൺഗ്രസും ശിവസേനയും; സാധാരണ നടപടിയെന്ന് മഹാരാഷ്ട്ര ആന്റി കറപ്ഷൻ ബ്യൂറോ

News18 Malayalam

News18 Malayalam

  • Share this:
    മുംബൈ: എഴുപതിനായിരം കോടിയുടെ മഹാരാഷ്ട്ര ജലസേചന അഴിമതിയുമായി ബന്ധപ്പെട്ട ഒൻപതു കേസുകളിൽ അന്വേഷണം അവസാനിപ്പിച്ചു. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 48 മണിക്കൂറിനകമാണ് കേസ് എഴുതിത്തളളിയത്. മഹാരാഷ്ട്ര ആന്റി കറപ്ഷൻ ബ്യൂറോ ആണ് ക്ലീന്‍ചിറ്റ് നൽകിയത്. ബിജെപിയെ പിന്തുണച്ചതിനുള്ള ഉപകാര സ്മരണയായാണ് കേസുകൾ എഴുതി തള്ളിയതെന്ന് ശിവസേനയും കോൺഗ്രസും ആരോപിച്ചു. എന്നാൽ പതിവ് നടപടി മാത്രമാണെന്നാണ് പൊലീസ് പറയുന്നത്.

    Also Read- രമ്യ ഹരിദാസിനെ കൈയ്യേറ്റം ചെയ്തെന്ന് കോൺഗ്രസ്; പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവച്ചു

    കേസുകൾ അജിത് പവാറിനെതിരെയുള്ളതല്ലെന്ന് പൊലീസ് പറഞ്ഞു.. നവംബർ 28ന് മുൻപ് കേസ് അന്വേഷണത്തിൽ നടപടി വേണമെന്ന ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും അവർ പറയുന്നു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളുമായി കേസുകൾ എഴുതി തള്ളിയതിന് യാതൊരു ബന്ധവുമില്ലെന്ന് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ ജനറൽ പരംവീർ സിംഗ് പറഞ്ഞു. 'ഈ ഒൻപതു കേസുകളിലും അജിത് പവാറിന് പങ്കില്ല. മറ്റുകേസുകളിൽ അന്വേഷണം നടക്കുകയാണ്. ഈ അഴിമതിയുമായി ബന്ധപ്പെട്ട് 3000ത്തിൽ അധികം ക്രമക്കേടുകളിൽ അന്വേഷണം നടക്കുകയാണ്'- അദ്ദേഹം പറഞ്ഞു.

    2010നും 2012നും ഇടയിൽ കോൺഗ്രസ്- എൻസിപി മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാർ. അഴിമതി ആരോപണത്തെ തുടർന്നാണ് അദ്ദേഹം രാജിവെച്ചത്. 2009ൽ ചട്ടവിരുദ്ധമായി 20,000 കോടിയുടെ 38 പദ്ധതികൾക്ക് അംഗീകാരം നൽകിയെന്ന കേസിലാണ് അജിത് പവാറിനെതിരെ ആരോപണം ഉയർന്നത്. 70,000 കോടി രൂപ മേഖലയിൽ ചെലവഴിച്ചെങ്കിലും 0.1 ശതമാനം വളർച്ചമാത്രമാണ് ഈ കാലയളവിലുണ്ടായിരുന്നതെന്നാണ് ബിജെപി ആരോപിച്ചത്.

    2014ൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് അഴിമതി കേസുകൾ രജിസ്റ്റർ ചെയ്തത്. എന്നാൽ ഇതിൽ അന്വേഷണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. ജലസേചന അഴിമതി അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
    First published: