• HOME
  • »
  • NEWS
  • »
  • india
  • »
  • ബംഗാളിൽ അനധികൃത പടക്കനിര്‍മാണശാലയിൽ സ്‌ഫോടനം: 9 മരണം; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് BJP

ബംഗാളിൽ അനധികൃത പടക്കനിര്‍മാണശാലയിൽ സ്‌ഫോടനം: 9 മരണം; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് BJP

സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജി 2.5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

  • Share this:

    പശ്ചിമ ബംഗാളിലെ മേദിനിപൂര്‍ ജില്ലയിലെ ഏഗ്ര ബ്ലോക്കിൽ അനധികൃത പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജി 2.5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഈ പടക്കനിര്‍മ്മാണശാലയുടെ ഉടമയെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും. പിന്നീട് ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നുവെന്നും മമത പറഞ്ഞു.

    അതേസമയം സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇക്കാര്യത്തോടും മമത പ്രതികരിച്ചു. എന്‍ഐഎ അന്വേഷണം നടത്തുന്നതില്‍ തനിക്ക് എതിര്‍പ്പൊന്നുമില്ലെന്നും എന്നാല്‍ വിഷയം രാഷ്ട്രീയവല്‍ക്കരിക്കുന്നതിനോട് താല്‍പ്പര്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്കും നഷ്ടങ്ങളുണ്ടായവര്‍ക്കും സഹായകമാകുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് പശ്ചിമ ബംഗാള്‍ പരിസ്ഥിതി വകുപ്പ് മന്ത്രി മനാസ് രഞ്ജന്‍ ചൗധരി പറഞ്ഞു.

    Also read-കിരൺ റിജിജുവിനെ നിയമ വകുപ്പിന്റെ ചുമതലയിൽ നിന്ന് മാറ്റി; അർജുൻ റാം മേഘ്‌വാൾ പുതിയ നിയമമന്ത്രി

    ” അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മ്മാണശാലകളെപ്പറ്റി വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ ഞങ്ങളെ അറിയിക്കേണ്ടതാണ്. അത്തരം പടക്കനിര്‍മ്മാണ ശാലകള്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കും,” അദ്ദേഹം പറഞ്ഞു. അതേസമയം സ്‌ഫോടനത്തില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഒരു റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗിലാണ് ഈ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ആ കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

    സ്‌ഫോടനത്തെപ്പറ്റിയുള്ള അന്വേഷണം എന്‍ഐഎയ്ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി രംഗത്തെത്തി. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗവര്‍ണര്‍ സിവി ആനന്ദബോസ് എന്നിവര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌ഫോടനസ്ഥലത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് നിയമവിരുദ്ധമായ രീതിയിലാണ് മൃതദേഹങ്ങള്‍ പശ്ചിമ ബംഗാള്‍ പോലീസ് മാറ്റുന്നത് എന്നും അദ്ദേഹം ആരോപിച്ചു. സ്‌ഫോടനം നടന്ന കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നുവെന്ന് പ്രദേശവാസികളും പറഞ്ഞു.

    Published by:Vishnupriya S
    First published: