ന്യൂഡൽഹി: അവശ്യ വസ്തുക്കളുടെ ജിഎസ്ടി (GST) നിരക്ക് വർധനവ് സംബന്ധിച്ച തീരുമാനം ജിഎസ്ടി കൗൺസിലിൽ എല്ലാ സംസ്ഥാനങ്ങളുടേയും യോജിപ്പോടെയാണ് എടുത്തതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ജിഎസ്ടി വർധനവിനെതിരെ കേരളത്തിന്റെ പ്രതിഷേധം ഉയർന്നതിനിടയിലാണ് ധനമന്ത്രിയുടെ വിശദീകരണം.
അവശ്യ ഭക്ഷ്യവസ്തുക്കളുടെ ജിഎസ്ടിയെ ചൊല്ലി വിവാദവും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധവും നടക്കുന്നതിനിടെ ട്വിറ്ററിലാണ് മന്ത്രിയുടെ പ്രതികരണം. ചണ്ഡീഗഢില്‍ കഴിഞ്ഞമാസം ചേര്‍ന്ന 47-ാമത് ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ എതിര്‍പ്പൊന്നുമില്ലാതെയാണ് തീരുമാനമെടുത്തതെന്ന് മന്ത്രി ട്വീറ്റിൽ പറയുന്നു. നിരക്ക് ഏകീകരണം സംബന്ധിച്ച മന്ത്രിതല സമിതിയിൽ കേരളവും അംഗമായിരുന്നു.
കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, പഞ്ചാബ്, ഛത്തീസ്ഘഡ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നീ ബിജെപി ഇതര സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങൾ അഞ്ച് ശതമാനം ലെവി ചുമത്താൻ സമ്മതിച്ചിരുന്നുവെന്ന് ട്വീറ്റിൽ പറയുന്നു.
ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യവസ്ഥയിൽ സംസ്ഥാനങ്ങൾ ഭക്ഷ്യധാന്യങ്ങൾക്ക് വിൽപ്പന നികുതിയോ വാറ്റോ ചുമത്തിയിട്ടുണ്ടെന്നും ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, മൈദ, തൈര്, ലസ്സി എന്നിവയുടെ നിലവിലെ നികുതിവെട്ടിപ്പ് തടയാൻ ആവശ്യമായ തീരുമാനമാണിതെന്നും നിർമല സീതാരാമൻ ട്വീറ്റുകളിൽ വ്യക്തമാക്കി.
Also Read-
ആശുപത്രിവാസം ഇനി പൊള്ളും; 5000 രൂപയിൽ കൂടുതൽ വാടകയുള്ള മുറികൾക്ക് GSTജിഎസ്ടി കൗൺസിലിൽ നിരക്ക് വർധന ശുപാർശ ചെയ്ത മന്ത്രിതല ഉപസമിതിയിൽ കർണാടക മുഖ്യമന്ത്രിയായിരുന്നു അധ്യക്ഷൻ. കേരളം, ബംഗാൾ, രാജസ്ഥാൻ, യുപി, ഗോവ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ അംഗങ്ങളും ഉപസമിതിയിൽ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരും, മന്ത്രിതല ഉപസമിതി അടക്കം വിവിധ തലങ്ങളിൽ പരിശോധിക്കപ്പെട്ട നിർദേശം എല്ലാ സംസ്ഥാനങ്ങളുടെയും യോജിപ്പോടെയാണ് ജിഎസ്ടി കൗൺസിൽ അംഗീകരിച്ചത്.
അതേസമയം, കുടുബശ്രീ പോലുള്ള ചെറുകിട സംരഭകരുടെ ഭക്ഷ്യവസ്തുക്കൾക്ക് കേരളം നികുതി ഈടാക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ചെറിയ അളവിലുള്ള ഭക്ഷ്യവസ്തുക്കൾക്ക് ഇളവ് നൽകും. കേന്ദ്രം എന്തു നിലപാടെടുത്താലും പ്രശ്നമില്ല. പാക്കറ്റിലെ ഭക്ഷ്യ വസ്തുക്കളുടെ നികുതി സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്നു ധനമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.