മുംബൈ നഗരത്തിന് നവ്യാനുഭവമായി രാധികാ മര്‍ച്ചന്റിന്റെ ഭരതനാട്യം അരങ്ങേറ്റം. രാജ്യത്തെ അറിയപ്പെടുന്ന ബിസിനസ് കുടുംബത്തിൽ നിന്നുള്ള അംഗമായ രാധിക മര്‍ച്ചന്റ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ ഇളയ മകന് ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധുവാണ്. ജിയോ വേൾഡ് സെന്ററിലെ ഗ്രാൻഡ് തിയേറ്ററിൽ നടന്ന അരങ്ങേറ്റത്തില്‍ പങ്കെടുക്കാനത്തിയ പ്രമുഖരെ മുകേഷ് അംബാനിയും നീത അംബാനിയും ചേര്‍ന്ന് സ്വീകരിച്ചു.
എൻകോർ ഹെൽത്ത്കെയർ സിഇഒ വീരന്റ് മർച്ചന്റിന്റെയും ഷൈല മർച്ചന്റിന്റെയും മകളായ രാധിക, ശ്രീ നിഭ ആർട്സിലെ ഭാവന താക്കറിന്റെ ശിഷ്യയായാണ്. രാധികയുടെ ആദ്യ പ്രകടനത്തെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും ഞായറാഴ്ച ബികെസിയിലെ ജിയോ വേൾഡ് സെന്ററിലെ ഗ്രാൻഡ് തിയേറ്ററിൽ നഗരത്തിലെ എല്ലാവരും ഉണ്ടായിരുന്നു.
പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ അതിഥികള്‍
മാജിക്കൽ ധീരുഭായ് അംബാനി സ്ക്വയറിലൂടെ ജിയോ വേൾഡ് സെന്ററിലെ ഗ്രാൻഡ് തിയറ്ററിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍ അംബാനി, മര്‍ച്ചന്റ് കുടുംബത്തിലെ അംഗങ്ങള്‍ സ്വീകരിക്കാനെത്തി.
രാധികയുടെ അതിമനോഹരമായ പ്രകടനം തന്നെയായിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണം.
8 വർഷത്തിലേറെയായി രാധികയെ ഭരതനാട്യം പരിശീലിപ്പിച്ച ഗുരു ശ്രീമതി ഭാവന താക്കറിനും ഇത് അഭിമാന നിമിഷമായി മാറി.
നീതാ അംബാനിക്ക് ശേഷം അംബാനി കുടുംബത്തിലെത്തുന്ന രണ്ടാമത്തെ നര്ത്തിയാകും രാധിക. ബിസിനസ് സംബന്ധനായ തിരക്കുകള്‍ക്കിടയിലും തന്നിലെ നൃത്തത്തെ പരിപോഷിപ്പിക്കുന്നതിനായി സമയം കണ്ടെത്തുന്നവരാണ് അവര്‍.
പരമ്പരാഗത ഭരതനാട്യ ശൈലിയിലെ പുഷ്പാഞ്ജലി, ഗണേശ വന്ദനം എന്നിവയോടെ നൃത്തം ആരംഭിച്ച രാധിക ഭരതനാട്യത്തിലെ പല പ്രധാന പദങ്ങളും അവതരിപ്പിച്ചു.
അച്യുതം കേശവം, ശബരിയുടെ രാഗമാലിക, ഗോപികാനടനം,ശിവ പഞ്ചാക്ഷര എന്നിവ അവയില്‍ ചിലതാണ്. ഗംഭീര കൈയ്യടിയോടെയാണ് രാധികയുടെ പ്രകടനത്തിനെ സദസ് അനുമോദിച്ചത്.
സല്മാന് ഖാന്, രണ്‍വീര്‍ സിങ് അടക്കമുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ക്രിക്കറ്റ് താരം സഹീര്ഖാന് പങ്കാളി സാഗരിക ഘാട്കെക്കൊപ്പമാണ് അരങ്ങേറ്റം കാണാനെത്തിയത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.