നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഓടക്കുഴല്‍ വിളി കേട്ടോ? തബല, കുഴല്‍ നാദങ്ങള്‍ വാഹനത്തിന് ഹോണ്‍ ആക്കണമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

  ഓടക്കുഴല്‍ വിളി കേട്ടോ? തബല, കുഴല്‍ നാദങ്ങള്‍ വാഹനത്തിന് ഹോണ്‍ ആക്കണമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

  തബല, വയലിന്‍, ബ്യൂഗിള്‍, പുല്ലാങ്കുഴല്‍ തുടങ്ങിയ വാദ്യ ഉപകരണങ്ങളുടെ നാദം വാഹന ഹോണായി കേള്‍ക്കണമെന്നാണ് ഉദ്ദേശിക്കുന്നത്: ഗഡ്കരി

  നിതിൻ ഗഡ്കരി

  നിതിൻ ഗഡ്കരി

  • Share this:
   മിക്ക ഇന്ത്യന്‍ നഗരങ്ങളിലും ശബ്ദ മലിനീകരണം ഒരു മുഖ്യ പ്രശ്‌നമാണ്. വാഹനങ്ങളുടെ ഹോണുകളാണ് പ്രധാനമായും ഈ പ്രശ്നം സൃഷ്ടിക്കുന്നത്. ശബ്ദ മലിനീകരണം ജനങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് പഠനങ്ങളും വന്നിട്ടുണ്ട്. ഇപ്പോള്‍ ഇതിനൊരു പരിഹാരം കാണാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, വാഹനത്തിന്റെ ഹോണുകളുടെ ശബ്ദം കൂടുതല്‍ ആശ്വാസകരമാക്കുന്നതിനായി പുതിയ നിയമ നിര്‍മ്മാണം നടത്തുന്നതിനായി ശ്രമിക്കുന്നുവെന്ന് ലോക്മത് റിപ്പോര്‍ട്ട് ചെയ്യുന്നു.

   പുതിയ നിയമങ്ങള്‍ക്കായി ഗതാഗത മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്ത്യന്‍ സംഗീത ഉപകരണങ്ങളുടെ ശബ്ദം ഉള്‍പ്പെടുന്ന 'ശരിയായ തരം ഹോണ്‍' ഉപയോഗിക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ഗഡ്കരി പറഞ്ഞു. “ഞാന്‍ നാഗ്പൂരിലെ ഒരു ഫ്‌ളാറ്റില്‍ പതിനൊന്നാം നിലയിലാണ് താമസിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂര്‍ ഞാന്‍ പ്രാണായാമം ചെയ്യുന്നു. പക്ഷേ, വാഹന ഹോണുകള്‍ പ്രഭാത നിശബ്ദതയെ ശല്യപ്പെടുത്തുകയാണ്. ഇതേതുടര്‍ന്നാണ് വാഹനങ്ങളുടെ ഹോണുകള്‍ ശരിയായ രീതിയില്‍ ആയിരിക്കണമെന്ന ചിന്ത മനസ്സില്‍ വന്നത്,” അദ്ദേഹം പറഞ്ഞു.

   അതിനായി കാര്‍ ഹോണുകളുടെ ശബ്ദം ഇന്ത്യന്‍ സംഗീത ഉപകരണങ്ങളായിരിക്കണമെന്ന ഒരു ആശയത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയെന്നും അത് നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും ഗഡ്കരി പറയുന്നു. “തബല, വയലിന്‍, ബ്യൂഗിള്‍, പുല്ലാങ്കുഴല്‍ തുടങ്ങിയ വാദ്യ ഉപകരണങ്ങളുടെ നാദം വാഹന ഹോണായി കേള്‍ക്കണമെന്നാണ് ഉദ്ദേശിക്കുന്നത്,” ഗഡ്കരി പറഞ്ഞു.   ഈ നിയമങ്ങളില്‍ ചിലത് ഓട്ടോ നിര്‍മ്മാതാക്കള്‍ക്കും ബാധകമാണ്. അതിനാല്‍, വാഹനം നിര്‍മ്മിക്കുമ്പോള്‍, അതിന് ശരിയായ തരം ഹോണ്‍ ഉണ്ടായിരിക്കുമെന്നും ഇതു സംബന്ധിച്ച നിയമം ഉടന്‍ നടപ്പാക്കുമെന്നും ഗഡ്കരി വ്യക്തമാക്കി. നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ വാഹന ഹോണിന്റെ പരമാവധി ശബ്ദം 112 ഡെസിബല്ലാണ്. ഇതിലും ഉച്ചത്തില്‍ പുറപ്പെടുവിക്കാവുന്നത് ട്രെയിന്‍ ഹോണുകള്‍ക്കാണ്. ഏകദേശം 130-150 ഡെസിബല്‍ ശബ്ദം ട്രെയിന്‍ ഹോണിന് പുറപ്പെടുവിക്കാം

   നേരത്തെ, ഫ്‌ളെക്‌സ് ഇന്ധന എഞ്ചിനുകള്‍ കൊണ്ടുവരണമെന്നും വാഹന നിര്‍മ്മാതാക്കളോട് ഗഡ്കരി അഭ്യര്‍ത്ഥിച്ചിരുന്നു. രാജ്യത്തെ വാഹനങ്ങളില്‍ പെട്രോളിനും ഡീസലിനും പകരമായി ഉപയോഗിക്കാവുന്ന മറ്റൊരു ബദല്‍ മാര്‍ഗമായ എഥനോള്‍ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു കേന്ദ്ര ഗതാഗത മന്ത്രിയുടെ അഭ്യര്‍ത്ഥന. എഥനോള്‍ കലര്‍ന്ന പെട്രോള്‍ ശുദ്ധമായ പെട്രോളിനേക്കാളും ഡീസലിനേക്കാളും മലിനീകരണം കുറവുള്ളതാണ്.

   എഥനോള്‍ ഉപയോഗം കൂടുമ്പോള്‍ രാജ്യത്തെ അന്തരീക്ഷ മലിനീകരണം കുറയുമെന്നാണ് കണക്കുകൂട്ടല്‍. ഫ്‌ളെക്‌സ്-ഇന്ധന എഞ്ചിനുകള്‍ക്ക് പെട്രോളിലും എഥനോളിലും പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഫ്‌ളെക്‌സ് ഇന്ധന എഞ്ചിനുകളുടെ നിര്‍മ്മാണത്തിന് വാഹന വ്യവസായ മേഖല മടിക്കുന്നതിനുള്ള പ്രധാന കാരണം എഥനോള്‍ കലര്‍ന്ന പെട്രോളിന്റെ വിതരണ ശൃംഖലയുടെ അഭാവമാണ്. അടുത്തിടെ നടന്ന സിയാം വാര്‍ഷിക കണ്‍വെന്‍ഷനില്‍, രാജ്യത്തൊട്ടാകെ ഉടന്‍ തന്നെ എഥനോള്‍ പമ്പുകളുടെ ഒരു ശൃംഖല സ്ഥാപിക്കുമെന്ന് വാഹന വ്യവസായ പങ്കാളികള്‍ക്ക് ഗഡ്കരി ഉറപ്പ് നല്‍കിയിട്ടുണ്ട്.
   Published by:user_57
   First published:
   )}