• HOME
 • »
 • NEWS
 • »
 • india
 • »
 • Liquor | മദ്യപിച്ചിട്ട് 'കിക്ക്' കിട്ടുന്നില്ല; വെള്ളം ചേര്‍ത്തെന്ന് സംശയം; മന്ത്രിക്ക് പരാതി നല്‍കി 42കാരന്‍

Liquor | മദ്യപിച്ചിട്ട് 'കിക്ക്' കിട്ടുന്നില്ല; വെള്ളം ചേര്‍ത്തെന്ന് സംശയം; മന്ത്രിക്ക് പരാതി നല്‍കി 42കാരന്‍

ഏപ്രിൽ 12ന് രണ്ടു കുപ്പി മദ്യം വാങ്ങി കുടിച്ചിട്ടും ലഹരി ഇല്ലാതെ വന്നതോടെയാണ് മദ്യത്തിൽ വെള്ളം ചേർത്തതായി ലോകേന്ദ്ര സത്യയ്ക്ക് സംശയം തോന്നിയത്

 • Share this:
  മദ്യപിച്ചിട്ടും ‘കിക്ക്’ കിട്ടുന്നില്ലെന്ന പരാതിയുമായി മന്ത്രിക്ക് മുന്നിലെത്തി മദ്യപൻ. മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽനിന്നുള്ള ലോകേന്ദ്ര സത്യ എന്നയാളാണ്, മദ്യത്തിന് കിക്ക് കിട്ടുന്നില്ലെന്നും വിൽക്കുന്നത് വെള്ളം ചേർത്ത മദ്യമാണെന്ന് സംശയിക്കുന്നതായും പരാതി നൽകിയത്. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയ്ക്കു പുറമേ എക്സൈസ് വകുപ്പിനും പോലീസ് ഉദ്യോഗസ്ഥർക്കും ലോകേന്ദ്ര സത്യ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.

  കഴിഞ്ഞ ഏപ്രിൽ 12ന് രണ്ടു കുപ്പി മദ്യം വാങ്ങി കുടിച്ചിട്ടും ലഹരി ഇല്ലാതെ വന്നതോടെയാണ് മദ്യത്തിൽ വെള്ളം ചേർത്തതായി ലോകേന്ദ്ര സത്യയ്ക്ക് സംശയം തോന്നിയത്. ഇതോടെയാണ് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

  മദ്യപിച്ചിട്ടും ലഹരി കിട്ടുന്നില്ലെന്ന് ഇയാൾ മദ്യം വാങ്ങിയ കടയിലെ ജീവനക്കാരോട് പരാതിപ്പെട്ടിരുന്നു. എന്നാൽ, തന്റെ പരാതി കേൾക്കാൻ ഇവർ തയാറായില്ലെന്ന് ലോകേന്ദ്ര സത്യ പറയുന്നു. ഇതിന്റെ പേരിൽ എന്തു വേണമെങ്കിലും ചെയ്യാനും ഇവർ വെല്ലുവിളിച്ചു. ഇതോടെയാണ്  മന്ത്രിക്കും മറ്റ് അധികാരികള്‍ക്കും  പരാതി നല്‍‌കാന്‍ ലോകേന്ദ്ര തീരുമാനിച്ചത്.

  ആഭ്യന്തര മന്ത്രിക്കു നൽകിയ പരാതിക്കു പുറമേയാണ് ഇവിടെ വിൽക്കുന്ന മദ്യത്തിൽ വെള്ളം ചേർക്കുന്നതായി സംശയമുണ്ടെന്നു കാട്ടി എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും ലോകേന്ദ്ര പരാതി നൽകിയിട്ടുണ്ട്. പരാതിക്ക് തെളിവായി അന്ന് വാങ്ങിയ രണ്ടു കുപ്പി മദ്യവും ഇയാൾ ഹാജരാക്കിയിട്ടുണ്ട്. മദ്യം പരിശോധിച്ച് തന്റെ വാദം ശരിയാണെന്ന് കണ്ടെത്തിയാൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കേസെടുക്കണമെന്നാണ് ഇയാളുടെ ആവശ്യം.

  വർഷങ്ങളായി മദ്യപിക്കുന്ന ആളാണ് താൻ. മദ്യത്തിന്റെ രുചിയും ഗുണവും തനിക്ക് നന്നായി അറിയാം. ഈ വഞ്ചനയ്ക്ക് എതിരെ പരാതിയുമായി ഞാന്‍ ഉപഭോക്തൃഫോറത്തെ സമീപിക്കും. അവശേഷിച്ച രണ്ട് കുപ്പി തെളിവിനായി എന്റെ കയ്യിലുണ്ട്. ലോകേന്ദ്ര പറയുന്നു.

  വില കുറഞ്ഞ മദ്യം സംസ്ഥാനത്ത് കിട്ടാനില്ല: വ്യാജമദ്യത്തിനെതിരെ ജാഗ്രത വേണമെന്ന് എക്സൈസ്


  കേരളത്തില്‍  വില കുറഞ്ഞ മദ്യത്തിനു ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വ്യാജ മദ്യത്തിനെതിരെ ജാഗ്രത വേണമെന്ന് എക്സൈസിന്റെ മുന്നറിയിപ്പ്. സ്പിരിറ്റ് വിലയിലുണ്ടായ വർധനവാണ് ക്ഷാമത്തിനു കാരണം. മുൻ അബ്കാരി കേസുകളിലെ പ്രതികളെ നിരീക്ഷിക്കാനും വ്യാജവാറ്റ് നേരത്തെ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കാനും എക്സൈസ് കമ്മിഷണർ നിർദേശം നൽകി.

  കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് പലയിടത്തും ബാറുകളിലും ബവ്റിജസ് ഔട്ട്ലറ്റുകളിലും വിലകുറഞ്ഞ മദ്യം കിട്ടാനില്ലാത്ത സ്ഥിതിയാണ്. വിലകൂടിയ ബ്രാൻഡുകൾ മാത്രമാണ് പലയിടത്തും ഉള്ളത്. കേരളത്തിൽ സ്പിരിറ്റ് ഉൽപ്പാദനം ഇല്ല. ഒരു മാസം  മുന്‍പ് വരെ ഒരു ലീറ്റർ സ്‌പിരിറ്റ് കേരളത്തിലെത്തുമ്പോഴുള്ള വില ലിറ്ററിനു 53 രൂപവരെയായിരുന്നു. ഇപ്പോഴത് 70 രൂപയ്ക്കു മുകളിലായി. ഒരു കെയ്സ് മദ്യം ഉൽപ്പാദിപ്പിക്കാൻ ഉൽപ്പാദകർക്ക് 60 രൂപ കൂടുതൽ വേണ്ടി വരും. കേരള സർക്കാര്‍ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് ഉൽപ്പാദിപ്പിക്കുന്ന ജവാൻ റമ്മിനായി 57 രൂപയ്ക്കാണ് ഒരു ലീറ്റർ സ്പിരിറ്റ് വാങ്ങിയിരുന്നത്. ഇപ്പോഴത് ലീറ്ററിന് 75 രൂപയായി. കേരളത്തിലേക്കു സ്പിരിറ്റ് എത്തുന്ന ഇതര സംസ്ഥാനങ്ങളിൽ ഉൽപ്പാദനം കുറഞ്ഞതാണ് തിരിച്ചടിയായത്.

  മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിൽ സ്പിരിറ്റെത്തുന്നത്. അവിടെയുള്ള കമ്പനികൾ വില കൂട്ടിയതാണ് തിരിച്ചടിയായത്. തീരെ വിലകുറഞ്ഞ മദ്യത്തിനു മാത്രമാണ് ക്ഷാമം ഉള്ളതെന്നും മറ്റുള്ള മദ്യത്തിനു ക്ഷാമമില്ലെന്നുമാണ് ബെവ്കോയുടെ വിശദീകരണം. അതേസമയം വിലകൂട്ടണം എന്നാവശ്യപ്പെട്ട് വിലകുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കുന്ന കമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
  Published by:Arun krishna
  First published: