ബിരിയാണിയുമില്ല, മീനുമില്ല; പാർലമെന്‍റ് ക്യാന്‍റീനുകളിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമായേക്കും

നിലവിൽ പാർലമെന്‍റ് ക്യാന്‍റീനിലെ ബിരിയാണി, ചിക്കൻ കട്ട്ലറ്റ്, ഫിഷ്, ചിപ്സ് തുടങ്ങിയ വിഭവങ്ങൾ ഏറെ ജനപ്രിയമാണ്.

News18 Malayalam | news18-malayalam
Updated: January 14, 2020, 7:14 PM IST
ബിരിയാണിയുമില്ല, മീനുമില്ല; പാർലമെന്‍റ് ക്യാന്‍റീനുകളിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമായേക്കും
biriyani
  • Share this:
ന്യൂഡൽഹി: പാർലമെന്‍റ് മന്ദിരത്തിനുള്ളിലെ അഞ്ച് ക്യാന്‍റീനുകളിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമായേക്കും. ക്യാന്‍റീൻ നടത്തിപ്പിനുള്ള പുതിയ ടെൻഡറിൽ സ്വകാര്യ കാറ്ററിങ്ങുകാരായ ഹൽദിറാം, ബിക്കനേർവാല എന്നിവർ മാത്രമാണുള്ളത്. ഐആർസിടിസിക്ക് പകരമുള്ള ഈ രണ്ടു സ്വകാര്യ കമ്പനികളും വെജിറ്റേറിയൻ ഭക്ഷണം മാത്രമാണ് നൽകുന്നത്. ഇതിന് അർഥം വൈകാതെ പാർലമെന്‍റ് മന്ദിരത്തിലെ ക്യാന്‍റീനുകളിൽ ഭക്ഷണം കഴിക്കാൻ എത്തുന്ന എംപിമാർക്കും മറ്റ് സ്റ്റാഫുകൾക്കും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ ലഭിക്കൂവെന്നാണ്.

ഭക്ഷ്യസമിതിയുടെ അഭാവത്തിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയായിരിക്കും പുതിയ ക്യാന്‍റീൻ നടത്തിപ്പ് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക. നിലവിലെ സാഹചര്യത്തിൽ വെജിറ്റേറിയൻ ഭക്ഷണം നൽകുന്ന ഹൽദിറാമും ബിക്കനേർവാലയും തമ്മിൽ ആണ് ക്യാന്‍റീൻ നടത്തിപ്പിനുള്ള ടെൻഡറിൽ സജീവമായി പങ്കെടുത്തിട്ടുള്ളത്.

നിലവിൽ പാർലമെന്‍റ് ക്യാന്‍റീനിലെ ബിരിയാണി, ചിക്കൻ കട്ട്ലറ്റ്, ഫിഷ്, ചിപ്സ് തുടങ്ങിയ വിഭവങ്ങൾ ഏറെ ജനപ്രിയമാണ്. അതുകൊണ്ടുതന്നെ ക്യാന്‍റീൻ വെജിറ്റേറിയനാക്കുന്നത് വിവാദമാകാൻ സാധ്യതയുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഐ‌ആർ‌സി‌ടി‌സി കാന്റീനിൽ വിളമ്പുന്ന ഭക്ഷണത്തിൻറെ ഗുണനിലവാരത്തെക്കുറിച്ചും പാർലമെൻറ് അംഗങ്ങൾക്ക് നൽകുന്ന സബ്‌സിഡികളെക്കുറിച്ചും പരാതികൾ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് ക്യാന്‍റീൻ നടത്തിപ്പിനായി പുതിയ ടെൻഡർ ക്ഷണിച്ചത്.

പാർലമെന്‍റ് ക്യാന്‍റീനുകളിൽ നൽകുന്ന സബ്സിഡി സംബന്ധിച്ചും വിവാദം നിലവിലുണ്ട്. ഇപ്പോൾ വളരെ കുറഞ്ഞ നിരക്കിലാണ് ഭക്ഷണം നൽകുന്നത്. ഇതിന്‍റെ നിരക്ക് പരിഷ്ക്കരിക്കണമെന്ന അഭിപ്രായം ശക്തമാണ്. വരാനിരിക്കുന്ന ബജറ്റ് സെഷനിൽ പാർലമെന്റിന്റെ ബിസിനസ് ഉപദേശക സമിതി യോഗത്തിൽ പുതിയ കാറ്ററിങ് കമ്പനിയെ നിയമിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. അതിനൊപ്പം ഭക്ഷണ നിരക്കുകളും പരിഷ്ക്കരിക്കുമെന്നാണ് വിവരം. സബ്സിഡി ഉപേക്ഷിക്കണമെന്ന സ്പീക്കർ ഓം ബിർളയുടെ നിർദ്ദേശം വിന്റർ സെഷനിൽ എല്ലാ എംപിമാരും സമ്മതിച്ചിരുന്നു.

പാർലമെന്റിന്റെ വാർഷിക ഭക്ഷ്യച്ചെലവ് 17 കോടി രൂപയാണ്. ഇതിൽ വലിയൊരളവ് സബ്സിഡി ഇനത്തിലാണ് ചെലവാക്കുന്നത്. 17 കോടി രൂപയിൽ 14 കോടി രൂപയെങ്കിലും എംപിമാർക്കും ജീവനക്കാർക്കുമുള്ള സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളുമായാണ് ചെലവാക്കുന്നത്. അതേസമയം ക്യാന്‍റീനിലെ ഭക്ഷണത്തിനുള്ള സബ്സിഡി ഒഴിവാക്കുന്നതിനെ ചില എംപിമാർ എതിർത്തിരുന്നു. ക്യാന്‍റീൻ സ്ഥിരമായി ഉപയോഗിക്കുന്ന പാർലമെന്‍റിലെ ജീവനക്കാർക്ക് ഇത് തിരിച്ചടിയാകുമെന്നായിരുന്നു എംപിമാർ ചൂണ്ടിക്കാട്ടിയത്.
Published by: Anuraj GR
First published: January 14, 2020, 7:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading