ഫോണുകൾ,ലാപ്‌ടോപ്പുകൾ,ചാർജറുകൾ ഉൾപ്പെടെയുളള ഇലക്‌ട്രോണിക് ഉപകരണങ്ങൾ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയുടെ പേരില്‍ ഇനിമുതൽ പുറത്തെടുക്കേണ്ടി വരില്ല. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാൻ പുതിയ സംവിധാനം വരുന്നതോടെയാണ് ഇത് സാധ്യമാവുക. വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഇലക്‌ട്രോണിക് ഉപകരണങ്ങൾ നീക്കം ചെയ്യാതെ ബാഗുകൾ സ്‌ക്രീൻ ചെയ്യുന്നതിനുള്ള പുതിയ സ്കാനറുകൾക്ക് ഒരു മാസത്തിനുള്ളിൽ സ്ഥാപിക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നടപടി തുടങ്ങി. ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും പുതിയ യന്ത്രങ്ങൾ ആദ്യം സ്ഥാപിക്കുമെന്നും ഒരു വർഷത്തിനുള്ളിൽ മറ്റ് വിമാനത്താവളങ്ങളിലും സജ്ജമാക്കുമെന്നാണ് റിപ്പോർട്ട്.
രാജ്യത്തെ ഏറ്റവും തിരക്കേറിയ ചില വിമാനത്താവളങ്ങളിൽ കഴിഞ്ഞയാഴ്ച യാത്രക്കാരുടെ തിരക്ക് നേരിടാൻ കൂടുതൽ സുരക്ഷാ ഉപകരണങ്ങളും ജീവനക്കാരെയും സജ്ജമാക്കേണ്ടി വന്നിരുന്നു. ഇതോടെയാണ് പുതിയ നീക്കം.ഡ്യുവൽ എക്സ്റേ, കംപ്യൂട്ടർ ടോമോഗ്രഫി, ന്യൂട്രോൺ ബീം ടെക്നോളജി തുടങ്ങിയ സംവിധാനങ്ങളോടെയുള്ള പുതിയ സ്കാനറുകളാണ് സ്ഥാപിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.