• HOME
 • »
 • NEWS
 • »
 • india
 • »
 • ലക്ഷദ്വീപിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും; വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ്

ലക്ഷദ്വീപിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും; വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ്

സുപ്രീം കോടതി ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  ലക്ഷദ്വീപിലെ (Lakshadweep) സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് (mid-day meal) മാംസാഹാരം തുടരാൻ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ്. സുപ്രീം കോടതി ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. മാംസം, മത്സ്യം, മുട്ട എന്നിവയുള്‍പ്പടെയുള്ള ഭക്ഷണങ്ങള്‍ ഉപയോഗിക്കാം.

  അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി ഇവിടുത്തെ സ്‌കൂളുകളിൽ മാംസാഹാരങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ ദ്വീപ് സ്വദേശിയായ അഡ്വ. അജ്മല്‍ അഹമ്മദാണ് സുപ്രീം കോടതിയെ സമീപിച്ചത്.

  ലക്ഷദ്വീപിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് ചിക്കനും മറ്റു മാംസാഹാരങ്ങളും ഒഴിവാക്കി പ്രഥമദൃഷ്ട്യാ മറ്റൊരു മെനുവിലേക്ക് മാറുന്നത് ദേശീയ ഉച്ചഭക്ഷണ പരിപാടിക്ക് വിരുദ്ധമാണെന്ന് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പോയ വർഷം നിരീക്ഷിച്ചിരുന്നു.

  ഡയറി ഫാമുകൾ അടച്ചുപൂട്ടാനും ഉച്ചഭക്ഷണ പദ്ധതിയുടെ മെനുവിൽ നിന്ന് മാംസം ഒഴിവാക്കാനുമുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനങ്ങൾ സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവിലായിരുന്നു ചീഫ് ജസ്റ്റിസ് എം. മണികുമാർ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

  വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ പ്രതികരണമനുസരിച്ച്, വിദ്യാർത്ഥികൾക്ക് നൽകുന്ന ഏക സസ്യേതര ഭക്ഷണം മത്സ്യവും മുട്ടയും മാത്രമാണ്. വിദ്യാർത്ഥികൾക്ക് നാല് ദിവസം മത്സ്യം വിളമ്പുമ്പോൾ, ഒരു ദിവസം മുട്ടയും മീനും തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ചൊവ്വാഴ്ചകളിൽ മാത്രം അവർക്ക് ചോറ്, പരിപ്പ്, ചെറുപയർ എന്നിവയ്‌ക്കൊപ്പം മുട്ട മാത്രമേ നൽകൂ. ഇതിനുമുമ്പ് ചിക്കനും ബീഫും മട്ടണും ഇടയ്ക്കിടെ വിളമ്പിയിരുന്നതായി വിദ്യാർഥികൾ പറയുന്നു.

  പ്രഫുൽ പട്ടേൽ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ, ബംഗളൂരു ആസ്ഥാനമായുള്ള അക്ഷയപാത്ര ഫൗണ്ടേഷന് ഉച്ചഭക്ഷണ പദ്ധതി കൈമാറാൻ ഭരണകൂടം പദ്ധതിയിടുന്നു എന്ന ആരോപണവും ഉയർന്നിരുന്നു. ഇവർ നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പാറില്ല എന്നതിന്റെ പേരിൽ നേരത്തെയും വിമർശനം നേരിട്ടിരുന്നു.

  പ്രാദേശിക വിപണിയിൽ ലഭ്യമായ ഇനങ്ങൾക്കനുസരിച്ചാണ് പഴങ്ങളും മാംസാഹാരവും നൽകുന്നത്. യോഗത്തിലെ തീരുമാനമനുസരിച്ച് മാംസം ഒഴിവാക്കുകയും മത്സ്യം, മുട്ട, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ മെനുവിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും സഹകരിച്ചാണ് കേന്ദ്രാവിഷ്‌കൃത ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നത്.

  കുട്ടികൾക്ക് പാകം ചെയ്തതും പോഷകസമൃദ്ധവുമായ ഉച്ചഭക്ഷണം നൽകാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങളുടെ ഭരണത്തിനുമാണ്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013ൽ നിർദ്ദേശിച്ചിട്ടുള്ള പോഷകാഹാര ഉള്ളടക്കം നിറവേറ്റുന്നതിന് പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അവരുടെ മെനു നിശ്ചയിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

  കഴിഞ്ഞ കുറച്ച് നാളുകളായി ലക്ഷദ്വീപിൽ ഭക്ഷണ രീതികൾ അടിച്ചേൽപ്പിക്കുന്നതിനെ കുറിച്ച് ധാരാളം പ്രതിഷേധം ഉണ്ടായിട്ടുണ്ട്. കൂടാതെ ഉച്ചഭക്ഷണവും ചർച്ചയ്ക്ക് കാരണമായി.

  പദ്ധതി പ്രകാരം, സർക്കാർ, സർക്കാർ-എയ്ഡഡ് സ്‌കൂളുകൾക്ക് സ്‌കൂളിൽ പോകുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകുന്നതിന് ഗ്രാന്റ് നൽകുന്നു. ഇതിനു രണ്ടു നേട്ടങ്ങളുണ്ടാവുമെന്ന് അധികാരികൾ വിശ്വസിക്കുന്നു; കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് പരിഹരിക്കലും, വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കിനെതിരെയുള്ള പ്രോത്സാഹനവും.

  നിലവിലെ നയം അനുസരിച്ച്, ഒരു പ്രൈമറി സ്കൂൾ കുട്ടിക്ക് പ്രതിദിനം 450 കലോറിയും 12 ഗ്രാം പ്രോട്ടീനും മൂല്യമുള്ള ഭക്ഷണം ലഭിക്കണം. കൂടാതെ അപ്പർ പ്രൈമറി (6-8 സ്റ്റാൻഡേർഡ്) വിദ്യാർത്ഥികൾക്ക് ഇത് 700 കലോറിയും 20 ഗ്രാം പ്രോട്ടീനുമാണ്.
  Published by:user_57
  First published: