കൈക്കൂലി (bribe) വാങ്ങുന്നത് മാത്രമല്ല, നൽകുന്നതും കുറ്റകരമാണെന്ന് കോടതി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടേതാണ് (Punjab-Haryana High Court) ഉത്തരവ്. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട ഒരു കേസിലെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ജോലി വാഗ്ദാനം ചെയ്ത് ഹരീന്ദർ ശർമ എന്നയാൾ ലക്ഷങ്ങൾ തട്ടിയെടുത്തു എന്നതായിരുന്നു കേസ്. കേസിൽ ഹരീന്ദർ ശർമക്ക് ജാമ്യം അനുവദിക്കപ്പെട്ടു. കൈക്കൂലി വാങ്ങി എന്നു തെളിയിക്കുന്ന രേഖകൾ ഉണ്ടെങ്കിൽ മാത്രമേ കേസ് നിലനിൽക്കുകയുള്ളൂ എന്നും ജാമ്യാപേക്ഷ പരിഗണണിച്ചുകൊണ്ട് ജസ്റ്റിസ് വികാസ് ബാഹ്ൽ (Justice Vikas Bahl) വ്യക്തമാക്കി. കുറ്റാരോപിതനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന് ലുധിയാന പൊലീസ് പറഞ്ഞു.
ലുധിയാന സ്വദേശിയാണ് ഹരീന്ദർ ശർമ. പഞ്ചാബ് ഇലക്ട്രിസിറ്റി ബോർഡിൽ (Punjab Electricity Board department) അസിസ്റ്റന്റ് ലൈൻമാനായി ജോലി ചെയ്യുകയായിരുന്നു ഹരീന്ദർ ശർമയെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. ഏഴ് പേർക്ക് ജോലി നൽകാം എന്ന് വാഗ്ദാനം ചെയ്ത് ഇയാൾ 42 ലക്ഷം രൂപ കൈപ്പറ്റി എന്നാണ് കേസ്.
ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വഹണത്തിനു നിയമപരമായി സ്വീകരിക്കാവുന്ന ഫീസിനു പുറമേ വാങ്ങുന്ന ആനുകൂല്യങ്ങള്‍ കൈക്കൂലിയുടെ പരിധിയില്‍ വരും. അഴിമതിക്കും കൈക്കൂലിക്കും എതിരായ നിയമങ്ങൾ രാജ്യത്ത് നിലവിലുണ്ടെങ്കിലും അവയൊക്കെ പലപ്പോഴും നോക്കുകുത്തികളാകാറാണ് പതിവ്. ഒന്ന് ഒപ്പിടാൻ മുതൽ, ജോലി നൽകുന്നതിനു വരെ കൈക്കൂലി കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുണ്ട് നമുക്കു ചുറ്റും. നിസഹായാവസ്ഥ കൊണ്ട് പലരും ഇത്തരം സംഭവങ്ങൾ പുറത്തു പറയാറുമില്ല.
കൈക്കൂലി നൽകുന്നയാൾക്കും സ്ഥാപനങ്ങൾക്കും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന അഴിമതി നിരോധന (ഭേദഗതി) ബിൽ രാജ്യസഭ 2018 ൽ പാസ്സാക്കിയിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് മുൻപ് തന്നെ പ്രാബല്യത്തിലുണ്ടായിരുന്ന 1947 - ലെ അഴിമതി നിരോധന നിയമമാണ്. അതുവരെ പൊതുപ്രവർത്തകരുടെ കൈക്കൂലിയും അഴിമതിയും തടയാൻ നിലവിലുണ്ടായിരുന്നത്. 1988-ൽ 1947-ലെ അഴിമതി നിരോധന നിയമത്തിൽ സമഗ്രമാറ്റം വരുത്തി പുതിയൊരു നിയമം പാർലമെന്റ് പാസാക്കി. ഈ നിയമമാണ് 2018-ൽ ഭേദഗതി ചെയ്തത്.
വ്യക്തികൾക്ക് പരമാവധി ഏഴു വർഷം തടവും സ്ഥാപനങ്ങൾക്ക് പിഴയുമാണ് ബില്ലിൽ നിർദേശിച്ചിട്ടുള്ളത്. കൈക്കൂലി നല്‍കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെങ്കില്‍ അക്കാര്യം ഏഴു ദിവസത്തിനകം അന്വേഷണ ഏജന്‍സിയെ അറിയിച്ചിരിക്കണം. കൈക്കൂലി വാങ്ങാൻ പ്രേരിപ്പിക്കുന്നതിനും പരമാവധി ഏഴുവർഷം തടവാണ് ബില്ലിൽ വ്യവസ്ഥ ചെയ്തത്.
കൈക്കൂലി ചോദിക്കുന്നതും സ്വീകരിക്കുന്നതും അതിനു ശ്രമിക്കുന്നതും വഴിവിട്ട നടപടിയാണെന്നും അഴിമതി നിരോധന ബില്ലിൽ പറയുന്നു. അനുകൂല തീരുമാനങ്ങൾക്കു പ്രതിഫലം വാഗ്ദാനം ചെയ്യുന്ന വ്യക്തികളും സ്ഥാപനങ്ങളും നിയമം അനുശാസിക്കുന്ന പ്രകാരം ശിക്ഷ ഏറ്റുവാങ്ങണം. സ്ഥാപനത്തിന്റെ തലവന് പരാമവധി ഏഴു വർഷംവരെ തടവ് ലഭിക്കും.∙
സര്‍ക്കാര്‍ ജീവനക്കാര്‍, രാഷ്ട്രീയക്കാര്‍, ഭരണതല-ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർക്കെതിരെ പരാതി ലഭിച്ചാല്‍ അന്വേഷണം ആരംഭിക്കുന്നതിനു മുമ്പ് സര്‍ക്കാരിന്റെ പ്രത്യേക അനുവാദം വാങ്ങണമെന്നും ബില്ലിൽ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.∙ ഉദ്യോഗത്തിൽനിന്നു വിരമിച്ചവർക്കെതിരെയുള്ള നടപടികൾക്കും സർക്കാരിന്റെ അനുമതി വാങ്ങണം.∙ കേസ് വിചാരണ, പ്രത്യേക കോടതി രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bribe, Punjab High court