2022ല്‍ ഹിന്ദുത്വ സൈദ്ധാന്തികന്‍ വിഡി സവര്‍ക്കറുടെ ജന്മവാര്ഷിക ദിനമായ മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവെച്ച ഒരു വീഡിയോ സന്ദേശം വളരെയേറെ ചര്‍ച്ചയായിരുന്നു. രാഷ്ട്രനിര്‍മ്മാണത്തിനുള്ള പ്രധാന വഴിയാണ് ‘ദേശീയത’യെന്ന് നമ്മളെ പഠിപ്പിച്ച വ്യക്തിയാണ് സവര്‍ക്കര്‍ എന്നായിരുന്നു അന്ന് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞത്. ഇപ്പോഴിതാ ഒരു വര്‍ഷത്തിന് ശേഷം സവര്‍ക്കറുടെ 140-ാം ജന്മവാര്ഷിക ദിനത്തില്‍ തന്നെ പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ പോകുന്നു. പരമാധികാരത്തിന്റെയും നീതിയുടെയും പ്രതീകമായ ചെങ്കോല്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുകയും ചെയ്യും.
ചെങ്കോല്‍ വീണ്ടും രാജ്യതലസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ചൂട് പിടിച്ച ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. തമിഴ് സംസ്കാരത്തിലേക്ക് ബിജെപി ആധിപത്യം സ്ഥാപിക്കാനൊരുങ്ങുകയാണോ എന്ന് പലരും സംശയിച്ചു. എന്നാല്‍ ഹിന്ദുത്വ ഭാരതീയ ആധിപത്യമാണ് പാര്‍ട്ടി ലക്ഷ്യം വെയ്ക്കുന്നത് എന്നാണ് ഇതില്‍ നിന്നെല്ലാം മനസിലാക്കേണ്ടത്.
പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ തെരഞ്ഞെടുത്ത തീയതിയും അതിനായി സംഘടിപ്പിക്കുന്ന ആചാരങ്ങളും ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വേണം ഇവ കൂട്ടിവായിക്കാന്‍.
മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജ്യത്തിന്റെ സംസ്കാരത്തോട് എങ്ങനെ പെരുമാറിയെന്നുള്ള ഓര്‍മ്മപ്പെടുത്തലിനാണ് ഈ സന്ദര്‍ഭം പാര്‍ട്ടി ഉപയോഗപ്പെടുത്തുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൂടാതെ സാവര്‍ക്കര്‍ എന്ന വ്യക്തിത്വത്തെ തെറ്റിദ്ധരിപ്പിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തേയും പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്.
”ചെങ്കോല്‍ വീണ്ടും തിരികെ കൊണ്ടുവന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നമ്മുടെ പരമാധികാരത്തിന്റെ ചിഹ്നമാണത്. വിദേശഭരണത്തില്‍ നിന്ന് അധികാരം നമ്മുടെ രാജ്യത്തിന് കൈമാറിയതിന്റെ അടയാളം കൂടിയാണിത്. പുരാതന സംസ്കാരത്തെ കൂടിയാണ് ചെങ്കോല്‍ അടയാളപ്പെടുത്തുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ ഇത്രയും നാള് ഇക്കാര്യത്തെപ്പറ്റി അറിയാത്തത് ഞെട്ടലുണ്ടാക്കുന്നു,’ എന്നാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ അംഗമായ സഞ്ജീവ് സന്യാല്‍ പറഞ്ഞു.
ചെങ്കോല്‍ പുതിയ പാര്‍ലമെന്റില്‍ സ്ഥാപിക്കുന്നതിലൂടെ വടക്കേ ഇന്ത്യയുടേയും തെക്കേ ഇന്ത്യയുടേയും സംസ്കാരത്തിന്റെ ഒത്തുച്ചേരലാണ് സാധ്യമാകുന്നത് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.
എന്നാല്‍ ഇന്ത്യയുടെ പുരാതന പാരമ്പര്യം, സംസ്കാരം, ചരിത്രം, എന്നിവയില്‍ ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ച് അതുവഴി ഇന്ത്യന്‍ എന്ന മനോഭാവത്തില്‍ ആധിപത്യം പുലര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളിലൊന്ന് മാത്രമാണീ പുതിയ തീരുമാനം എന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ അഭിപ്രായം.
”തമിഴ് വംശജരിലേക്കുള്ള ആധിപത്യമല്ല ഈ തീരുമാനത്തിലൂടെ വെളിവാകുന്നത്. ദേശീയ ധാര്‍മ്മികതയാണ് ഇവിടെ ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ വിവിധയിനം രാജവംശങ്ങള്‍ നിലനിന്നിരുന്നു. തമിഴിലെ പ്രധാന കൃതിയായ ചിലപ്പതികാരത്തിലും ചെങ്കോലിനെപ്പറ്റി പരാമര്‍ശമുണ്ട്. തമിഴ്നാട്ടിലും കേരളത്തിലും ചെങ്കോലിന് പ്രാധാന്യമുണ്ട്. നിയമവാഴ്ച, സര്‍ക്കാരിന്റെ പ്രതിബദ്ധത എന്നിവ സൂചിപ്പിക്കുന്ന പ്രതീകമാണിത്. ചെങ്കോല്‍ ഒരു ഭാഷയിലും സംസ്ഥാനത്തിലും മാത്രം ഒതുങ്ങരുത്. ഭാഷയെയും സംസ്കാരത്തെയും വിഭജിക്കുന്ന കെണിയില്‍ നാം വീഴരുത്. സംസ്കാരം എന്നത് അനശ്വരമായ ഒന്നാണ്. ഇന്ത്യന്‍ ബോധവും ധാര്‍മ്മികതയും തിരികെ കൊണ്ടുവരുന്നതിനാണിത്,” ഇന്ദിരഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സിന്റെ മെമ്പര്‍ സെക്രട്ടറിയും അക്കാദമിക് മേധാവിയുമായ സച്ചിതാനന്ദ ജോഷി പറഞ്ഞു.
സാവര്‍ക്കര്‍, ചെങ്കോല്‍, സ്വാതന്ത്ര്യം
”ആ ദിവസം സാവര്‍ക്കറുടെ ജന്മവാര്ഷിക ദിനമാണ്. നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തി കൂടിയാണ് വിനായക് സാവര്‍ക്കര്‍. ഇത് അദ്ദേഹത്തിന് മരണാന്തരം ലഭിക്കുന്ന ഒരു ഉപഹാരമായിരിക്കും,” സഞ്ജീവ് സന്യാല്‍ പറഞ്ഞു.
ഉദ്ഘാടനത്തിന് വളരെ യാദൃച്ഛികമായാണ് ഈ ദിവസം തെരഞ്ഞെടുത്തതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള വിശദീകരണം. ബോധപൂര്‍വമല്ല ഈ ദിവസം തെരഞ്ഞെടുത്തതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
അതേസമയം രാഷ്ട്രപതിയുടെ പദവിയെ കുറച്ച് കാണുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള 19 രാഷ്ട്രീയ പാര്‍ട്ടികള്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ദക്ഷിണേന്ത്യയിലെ അധികാര കൈമാറ്റത്തിന്റെ ചിഹ്നമായ സ്വര്‍ണ്ണം പൂശിയ ചെങ്കോല്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഈ പ്രഖ്യാപനം നടത്തിയത്.
രാജ്യത്തെ ജനങ്ങളുടെ ഓര്‍മ്മകളില്‍ പോലും ചെങ്കോല്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ അലഹാബാദിലുള്ള വസതിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്.
അതേസമയം പുരാതന ഇന്ത്യന്‍ സംസ്കാരത്തെ ഓര്‍മ്മിപ്പിക്കുന്ന നിരവധി വസ്തുക്കള്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഇനിയും കൊണ്ടുവരുമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.