• HOME
  • »
  • NEWS
  • »
  • india
  • »
  • Manish Sisodia | അഴിമതിയല്ല, കെജ്‍രിവാളാണ് അവരുടെ പ്രശ്നം; സിബിഐ റെയ്ഡ് അനാവശ്യമെന്ന് സിസോദിയ

Manish Sisodia | അഴിമതിയല്ല, കെജ്‍രിവാളാണ് അവരുടെ പ്രശ്നം; സിബിഐ റെയ്ഡ് അനാവശ്യമെന്ന് സിസോദിയ

2024 പൊതുതെരഞ്ഞെടുപ്പിൽ കെജ്രിവാൾ നരേന്ദ്രമോദിക്ക് വെല്ലുവിളിയായി മാറുമെന്ന് ബിജെപിക്ക് നല്ല ബോധ്യമുണ്ട്. അതിനാലാണ് തൻെറ ഓഫീസും വീടുമെല്ലാം റെയ്ഡ് ചെയ്തതെന്ന് സിസോദിയ പറഞ്ഞു.

  • Last Updated :
  • Share this:
    പഞ്ചാബിലെയും ഡൽഹിയിലെയും എഎപി സർക്കാരുകളെ ബിജെപി അനാവശ്യമായി വേട്ടയാടുന്നുവെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പുതിയ മദ്യനയം പ്രഖ്യാപിച്ചതിന് ശേഷം സിസോദിയയുടെ വീട്ടിലും ഓഫീസിലുമെല്ലാം സിബിഐ റെയ്ഡ് നടന്നിരുന്നു. അഴിമതി ആരോപണങ്ങളെ തുടർന്നാണ് റെയ്ഡ് നടന്നത്. എന്നാൽ തങ്ങൾ യാതൊരുവിധ അഴിമതിയും നടത്തിയിട്ടില്ലെന്നും അരവിന്ദ് കെജ്രിവാളിനെ എങ്ങനെയും ആക്രമിക്കുക എന്നത് മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും സിസോദിയ വ്യക്തമാക്കി.

    കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് സിസോദിയ നടത്തിയത്. ഡൽഹിയിൽ പ്രഖ്യാപിച്ച മദ്യനയം എതിർപ്പുകളെ തുടർന്ന് സർക്കാർ തന്നെ പിൻവലിച്ചിരുന്നു. അഴിമതിയില്ലെന്ന് തങ്ങൾക്ക് തികഞ്ഞ ബോധ്യമുണ്ട്. എന്നാൽ, 2024 പൊതുതെരഞ്ഞെടുപ്പിൽ കെജ്രിവാൾ നരേന്ദ്രമോദിക്ക് വെല്ലുവിളിയായി മാറുമെന്ന് ബിജെപിക്ക് നല്ല ബോധ്യമുണ്ട്. അതിനാലാണ് തൻെറ ഓഫീസും വീടുമെല്ലാം റെയ്ഡ് ചെയ്തതെന്ന് സിസോദിയ പറഞ്ഞു.

    “വരുന്ന മൂന്നോ നാലോ ദിവസത്തിനുള്ളിൽ സിബിഐയോ ഇഡിയോ എന്നെ അറസ്റ്റ് ചെയ്തേക്കാം. ഏതായാലും ഞങ്ങളെ അങ്ങനെയൊന്നും തകർക്കാൻ സാധിക്കില്ല. ഞാനൊരു അഴിമതിയും നടത്തിയിട്ടില്ല. അരവിന്ദ് കെജ്രിവാളിന് കീഴിലെ വിദ്യാഭ്യാസ മന്ത്രി മാത്രമാണ് ഞാൻ. 2024ലെ പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയും എഎപിയുമായിരിക്കും നേർക്കുനേർ വരിക,” സിസോദിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

     ഡൽഹി സർക്കാരിന്‍റെ മദ്യനയം: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പടെ 15 പേർക്കെതിരെ സിബിഐ കേസെടുത്തു

    ആരായിരിക്കും ഇനി മോദിക്ക് എതിരാളിയെന്ന് ജനങ്ങൾ പലപ്പോഴും ചോദിക്കാറുണ്ട്. ദേശീയതലത്തിൽ തന്നെ ഇപ്പോൾ കാര്യങ്ങൾ കെജ്രിവാളിന് അനുകൂലമായി മാറിയിട്ടുണ്ട്. ഇനി മോദിയും കെജ്രിവാളും തമ്മിലായിരിക്കും പോരാട്ടമെന്നും സിസോദിയ കൂട്ടിച്ചേർത്തു.

    ഡൽഹി സർക്കാർ നേരത്തെ പ്രഖ്യാപിച്ച മദ്യനയത്തെയും അദ്ദേഹം ന്യായീകരിച്ചു. മദ്യനയം നടപ്പിലായിരുന്നുവെങ്കിൽ ഡൽഹിക്ക് കോടികളുടെ അധികവരുമാനം ലഭിക്കുമായിരുന്നു. ബിജെപിയുടെ പ്രശ്നം അഴിമതിയോ മദ്യനയമോ ഒന്നുമല്ല. അവർ ഭയപ്പെടുന്നത് കെജ്രിവാളിന് ലഭിക്കുന്ന സ്വീകാര്യതയാണ്. “മദ്യമായിരുന്നു പ്രശ്നമെങ്കിൽ സിബിഐ ആദ്യം പോവേണ്ടത് ഗുജറാത്തിലേക്കാണ്,” സിസോദിയ തുറന്നടിച്ചു.

    “പഞ്ചാബിലെ വിജയത്തിന് ശേഷം കെജ്രിവാൾ ദേശീയതലത്തിൽ തന്നെ ഒരു പ്രതീക്ഷയായി വളർന്നിരിക്കുകയാണ്. അത് ബിജെപി ഭയക്കുന്നു. കെജ്രിവാളിനെ തടയുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് എൻെറ ഓഫീസിൽ റെയ്ഡ് നടന്നത്. അദ്ദേഹത്തെ ലക്ഷ്യമിട്ടുള്ള തിരക്കഥയുടെ ഭാഗമായാണ് ഈ റെയ്ഡെല്ലാം നടക്കുന്നത്,” സിസോദിയ പറഞ്ഞു.

    പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഡൽഹി ഉപമുഖ്യമന്ത്രി കടന്നാക്രമിച്ചു. സംസ്ഥാന സർക്കാരുകളെയെല്ലാം താഴെയിറക്കാൻ സ്വപ്നം കണ്ടാണ് മോദി നടക്കുന്നതെന്ന് സിസോദിയ കുറ്റപ്പെടുത്തി. “ചില സംസ്ഥാനങ്ങളിൽ എന്താണ് നടന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇത് നിങ്ങൾക്ക് ചേരില്ല മോദി ജി. കേന്ദ്രം ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം നിങ്ങൾക്കുണ്ട്. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അവരവരുടെ സംസ്ഥാനങ്ങൾ ഭരിക്കാൻ വിടുക,” അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തുന്ന അഴിമതിക്കേസിലെ പ്രധാനപ്പെട്ട 15 പേരിൽ ഒരാളാണ് മനീഷ് സിസോദിയ. അഴിമതി, ക്രിമിനൽ ഗൂഢാലോചന, അക്കൗണ്ടുകളിൽ തിരിമറി നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് 11 പേജുള്ള കുറ്റപത്രത്തിൽ ഉള്ളത്.
    Published by:Arun krishna
    First published: