• HOME
  • »
  • NEWS
  • »
  • india
  • »
  • 'ബിജെപിയ്ക്ക് ഒന്നും ഒളിക്കാനില്ല, ഒന്നിനെയും ഭയപ്പെടുന്നുമില്ല'; അദാനി - ഹിൻബർഗ് വിവാദത്തിൽ അമിത് ഷാ

'ബിജെപിയ്ക്ക് ഒന്നും ഒളിക്കാനില്ല, ഒന്നിനെയും ഭയപ്പെടുന്നുമില്ല'; അദാനി - ഹിൻബർഗ് വിവാദത്തിൽ അമിത് ഷാ

ആയിരം ഗൂഢാലോചനകള്‍ നടന്നാലും സത്യത്തെ മറയ്ക്കാനാകില്ല. സത്യം സൂര്യനെ പോലെ തിളങ്ങുമെന്നും അദേഹം പറഞ്ഞു

  • Share this:

    ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരെ അമേരിക്കന്‍ നിക്ഷേപ ഗവേഷണ ഏജന്‍സിയായ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് ചര്‍ച്ചയാകുകയാണ്. വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. ബിജെപിയ്ക്ക് ഒന്നും ഒളിക്കാന്‍ ഇല്ലെന്നും ഒന്നിനെയുംഭയപ്പെടാന്‍ ഇല്ലെന്നും ആണ് അദ്ദേഹത്തിന്റെ പ്രതികരണം. എഎന്‍ഐ ന്യൂസ് ഏജൻസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ മനസ്സ് തുറന്നത്.

    ”പ്രതികരിക്കുന്നതിന് ശരിയായ സമയമല്ല ഇത്. എന്നാലും പറയുകയാണ്. ബിജെപിയ്ക്ക് ഒന്നും ഒളിക്കാന്‍ ഇല്ല. അതുപോലെ പാര്‍ട്ടി ഒന്നിനെയും ഭയപ്പെടുന്നുമില്ല,’ എന്നാണ് അമിത് ഷാ പറഞ്ഞത്. ഭരണഘടനാ സ്ഥാപനങ്ങള്‍ ബിജെപി സര്‍ക്കാര്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ് എന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിനും അമിത് ഷാ മറുപടി നല്‍കി.

    Also read- ബിബിസി ന്യൂഡൽഹി ഓഫീസിൽ ആദായനികുതി വകുപ്പ് പരിശോധന; അന്വേഷണം വെളിപ്പെടുത്താത്ത വരുമാനത്തെക്കുറിച്ച്

    ”ഇക്കാര്യം ഉന്നയിച്ച് പോകേണ്ടത് കോടതിയിലേക്കാണ്. കോടതികള്‍ ഒന്നും തന്നെ ബിജെപി സ്വാധീനത്തിലുള്ളവയല്ല,’ എന്നും ഷാ പറഞ്ഞു. ” എന്തുകൊണ്ടാണ് അവര്‍ കോടതിയെ സമീപിക്കാത്തത്? പെഗാസസ് വിവാദം വന്നപ്പോഴും ഞാന്‍ പറഞ്ഞു തെളിവുകളുമായി കോടതിയെ സമീപിക്കാന്‍. എങ്ങനെ പ്രശ്‌നങ്ങളുണ്ടാക്കാം എന്ന് മാത്രമേ അവര്‍ക്ക് അറിയൂ. വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചവര്‍ക്ക് കോടതി വിധി ലഭിച്ചിട്ടുണ്ട്. അന്വേഷണവും പൂര്‍ത്തിയായി,’ അമിത് ഷാ പറഞ്ഞു.

    ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും ബിബിസി ഡോക്യുമെന്ററിയും ആഗോള ഗൂഢാലോചനയുടെ ഭാഗമാണോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ആയിരം ഗൂഢാലോചനകള്‍ നടന്നാലും സത്യത്തെ മറയ്ക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

    Also read- ഇന്ത്യ മറക്കാത്ത ദിനം; പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് നാലാണ്ട്

    ” ആയിരം ഗൂഢാലോചനകള്‍ നടന്നാലും സത്യത്തെ മറയ്ക്കാനാകില്ല. സത്യം സൂര്യനെ പോലെ തിളങ്ങും. 2002 മുതല്‍ അവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ഇതെല്ലാം ചെയ്യുന്നുണ്ട്,’ അമിത് ഷാ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഓരോ തവണ വിവാദങ്ങള്‍ വരുമ്പോഴും, പ്രധാനമന്ത്രി ജനകീയ പിന്തുണ നേടി ശക്തനായ നേതാവായി മാറുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

    അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ബജറ്റ് സമ്മേളനത്തിലും വിഷയം ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ പാര്‍ലമെന്റ് സംയുക്ത സമിതി രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും പ്രഷുബ്ധമായ പശ്ചാത്തലത്തില്‍ സഭ പിരിച്ചുവിടുകയായിരുന്നു. മാര്‍ച്ച് 13ന് സഭ സമ്മേളനം പുനരാരംഭിക്കും.

    Published by:Vishnupriya S
    First published: