ശതാബ്ദി (Shatabdi), വന്ദേ ഭാരത് (Vande Bharat) ട്രെയിനുകളിൽ ഇനി യാത്രക്കാര്‍ക്ക് റേഡിയോ സംഗീതം (Radio Music) ആസ്വദിക്കാം. ഉത്തര റെയില്‍വേ (Northern Railway) അറിയിക്കുന്നതനുസരിച്ച് ഡല്‍ഹി, ലഖ്നൗ, ഭോപ്പാല്‍, ചണ്ഡീഗഡ്, അമൃത്സര്‍, അജ്മീര്‍, ഡെറാഡൂണ്‍, കാണ്‍പൂര്‍, വാരണാസി, കത്ര, കാത്ഗോദം എന്നിവിടങ്ങളിലേക്കുള്ള ശതാബ്ദി/വന്ദേ ഭാരത് ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവർക്കാണ് റേഡിയോ സംഗീതം ആസ്വദിക്കാൻ കഴിയുക. ഡല്‍ഹി ഡിവിഷനിലെ എല്ലാ ശതാബ്ദി, വന്ദേ ഭാരത് ട്രെയിനുകളിലും യാത്രക്കാർക്ക് റേഡിയോ സേവനം ലഭ്യമാക്കാൻ ഉത്തര റെയില്‍വേ ഇന്‍-ഡോര്‍ എന്റര്ടെയ്ന്മെന്റ് കമ്പനിയായ ഊക്ക റേഡിയോയ്ക്ക് (Ooka Radio) കരാര്‍ നല്‍കിയിട്ടുണ്ട്.
"പാസഞ്ചേഴ്സ് അഡ്രസ് സിസ്റ്റം വഴി ട്രെയിനുകളില്‍ യാത്രക്കാർക്ക് ഇഷ്ടമുള്ള സംഗീതം ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കും'', റെയില്‍വേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഡല്‍ഹി ഡിവിഷനിലെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഡിംപി ഗാര്‍ഗ്, ഡല്‍ഹി ഡിവിഷനിലെ പ്രവീണ്‍ കുമാര്‍ സീനിയര്‍ ഡിസിഎം എന്നിവരുടെ നേതൃത്വത്തിലാണ് റേഡിയോ സേവനങ്ങള്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
READ ALSO- Railway Travel Insurance| ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ റെയില്‍വേ ട്രാവല്‍ ഇന്‍ഷുറന്‍സ് കൂടി തിരഞ്ഞെടുക്കൂ; നേട്ടങ്ങൾ നിരവധി
വന്ദേ ഭാരത്, ശതാബ്ദി ട്രെയിനുകളില്‍ ഓരോ യാത്രക്കാര്‍ക്കും ആസ്വാദ്യകരമായ യാത്രാനുഭവം സമ്മാനിക്കുക എന്നതാണ് ഇതിലൂടെ പ്രാഥമികമായി ലക്ഷ്യമിടുന്നത്. ട്രെയിനുകളില്‍ വ്യത്യസ്ത തരം സംഗീതം കേള്‍ക്കുന്നത് യാത്രക്കാര്‍ ഇഷ്ടപ്പെടുമെന്നും റെയില്‍വേ അറിയിച്ചു. 10 ശതാബ്ദി എക്സ്പ്രസ് ട്രെയിനുകളിലും 2 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിലും റേഡിയോ വഴി പരസ്യം ചെയ്യുന്നതിനും ഈ സേവനം സഹായിക്കും.
''മണിക്കൂറിൽ 50 മിനിറ്റ് നേരം വിനോദവും 10 മിനിറ്റ് നേരം വാണിജ്യ പരസ്യങ്ങളും എന്ന നിലയിലാണ് റേഡിയോ സേവനങ്ങൾ നൽകുകയെന്നും അറിയിപ്പില്‍ പറയുന്നു. ഈ സേവനത്തിലൂടെ റെയില്‍വേയ്ക്ക് പ്രതിവര്‍ഷം 43.20 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഫോണിലൂടെ ഉറക്കെ സംസാരിക്കുകയോ ഉച്ചത്തില്‍ പാട്ട് വെയ്ക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി റെയില്‍വേ മന്ത്രാലയം നേരത്തെ രംഗത്തെത്തിയിരുന്നു. യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യത്തിന് ട്രെയിനിലെ ജീവനക്കാരും ഉത്തരവാദികളായിരിക്കും. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രാലയത്തിന് നിരന്തരം പരാതികള്‍ ലഭിച്ചിരുന്നു. ഈ പരാതികളാണ് കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്താന്‍ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.
READ ALSO- Indian Railway | ഇന്ത്യൻ റെയില്‍വേയില്‍ 2.65 ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു: കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍
60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും റെയില്‍വേ ജീവനക്കാര്‍ ആവശ്യമായ എല്ലാ സഹായവും നല്‍കണമെന്നും റെയില്‍വേ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ച നീണ്ടു നില്ക്കുന്ന ക്യാമ്പയിന് ആരംഭിച്ചതായി പശ്ചിമ റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥന് അറിയിച്ചു. ക്യാമ്പയിന്റെ ഭാഗമായി, ടിക്കറ്റ് ചെക്കര്‍മാരും മറ്റ് റെയില്‍വേ ജീവനക്കാരും ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കാതിരിക്കാന്‍ യാത്രക്കാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇയര്ഫോണിലല്ലാതെ പാട്ട് കേള്‍ക്കരുതെന്ന് ജീവനക്കാര്‍ യാത്രക്കാരോട് നിര്‍ദേശിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.