• HOME
  • »
  • NEWS
  • »
  • india
  • »
  • Grain ATM | എടിഎം വഴി റേഷൻ; ധാന്യ എടിഎം അവതരിപ്പിക്കാനൊരുങ്ങി ഒഡീഷ

Grain ATM | എടിഎം വഴി റേഷൻ; ധാന്യ എടിഎം അവതരിപ്പിക്കാനൊരുങ്ങി ഒഡീഷ

2021-ൽ യുഎന്നിന്റെ ലോക ഭക്ഷ്യ പദ്ധതിയുമായി (World Food Programme (WFP) ) ഒഡീഷ സർക്കാർ നിരവധി പങ്കാളിത്ത കരാറുകളിൽ ഒപ്പുവെച്ചിരുന്നു.

  • Share this:
    ദേശീയ-സംസ്ഥാന ഭക്ഷ്യസുരക്ഷാ പദ്ധതികളിൽ ഉൾപ്പെടുന്ന ഗുണഭോക്താക്കൾക്ക് ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകൾ (automated teller machines (ATMs)) വഴി റേഷൻ ധാന്യങ്ങൾ വിതരണം ചെയ്യാനൊരുങ്ങി ഒഡീഷ സർക്കാർ (Odisha government). ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലാകും ഈ സൗകര്യം ഏർപ്പെടുത്തുകയെന്ന് സംസ്ഥാന ഭക്ഷ്യ വിതരണ ഉപഭോക്തൃക്ഷേമ മന്ത്രി അതനു സബ്യസാചി നായക് (Atanu Sabyasachi Nayak) നിയമസഭയിൽ അറിയിച്ചു. തുടക്കത്തിൽ ഭുവനേശ്വറിലാകും ഈ സേവനം ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ഈ സേവനം പ്രയോജനപ്പെടുത്തുന്നതിനായി ഗുണഭോക്താക്കൾക്ക് പ്രത്യേക കോഡുള്ള കാർഡ് നൽകും. എടിഎമ്മിൽ ടച്ച് സ്‌ക്രീൻ ഉള്ള ബയോമെട്രിക് സംവിധാനവും സജ്ജീകരിക്കും. ഓരോ ഗുണഭോക്താവും തങ്ങളുടെ ആധാർ നമ്പറോ റേഷൻ കാർഡ് നമ്പറോ നൽകേണ്ടതുണ്ട്.

    ബാങ്ക് എടിഎമ്മുകൾക്കു സമാനമായിട്ടാകും ഈ ധാന്യ എടിഎമ്മും (Grain ATM) പ്രവർത്തിക്കുക. പ്രത്യേകം സജ്ജീകരിച്ച എടിഎം യന്ത്രങ്ങൾ വഴിയാകും ഭക്ഷ്യധാന്യങ്ങൾ ലഭിക്കുക. ഭൂരിഭാ​ഗം റേഷൻ ഉപഭോക്താക്കൾക്കും ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (National Food Security Act (NFSA)), സംസ്ഥാന ഭക്ഷ്യസുരക്ഷാ പദ്ധതി (State Food Security Programme (SFSP)) എന്നീ പദ്ധതികളുടെ ഭാ​ഗമായി അരി ലഭിക്കുന്നുണ്ട്.

    2021-ൽ യുഎന്നിന്റെ ലോക ഭക്ഷ്യ പദ്ധതിയുമായി (World Food Programme (WFP) ) ഒഡീഷ സർക്കാർ നിരവധി പങ്കാളിത്ത കരാറുകളിൽ ഒപ്പുവെച്ചിരുന്നു. കരാർ അനുസരിച്ച്, പൊതുവിതരണ സമ്പ്രദായത്തിന്റെയും നെല്ല് സംഭരണത്തിന്റെയും പരിവർത്തനം, ധാന്യ എടിഎം, സ്മാർട്ട് മൊബൈൽ സ്റ്റോറേജ് യൂണിറ്റുകൾ എന്നീ മാറ്റങ്ങളെല്ലാം സംസ്ഥാനത്ത് നടപ്പിലാക്കേണ്ടതുണ്ട്.

    കഴിഞ്ഞ വർഷം ഹരിയാനയിലെ ഗുരുഗ്രാമിലാണ് രാജ്യത്തെ ആദ്യത്തെ ധാന്യ എടിഎം സ്ഥാപിച്ചത്. ലോക ഭക്ഷ്യ പദ്ധതിയുടെ കീഴിലാണ് ഈ യന്ത്രവും സ്ഥാപിക്കപ്പെട്ടത്. കോവിഡ് കാലത്ത് പൊതു ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾക്ക് മുന്നിലെ തിക്കും തിരക്കും നീണ്ട ക്യൂവുമൊക്കെ ഒഴിവാക്കാനാണ് സംസ്ഥാന സർക്കാർ ഈ ധാന്യ എടിഎം സ്ഥാപിച്ചത്. 'ഓട്ടോമേറ്റഡ്, മൾട്ടി കമോഡിറ്റി, ഗ്രെയിൻ ഡിസ്പെൻസിങ് മെഷീൻ' (Automated, Multi Commodity, Grain Dispensing Machine) എന്നാണ് ഈ യന്ത്രത്തിന്റെ പേര്. അഞ്ചു മുതൽ ഏഴു മിനിറ്റു വരെ സമയത്തിനുള്ളിൽ 70 കിലോഗ്രാം ധാന്യങ്ങൾ വരെ മെഷീനിൽ നിന്ന് ലഭിക്കും. അരിയും ഗോതമ്പുമൊക്കെ ഇങ്ങനെയെത്തും. ധാന്യം കൊണ്ടു പോകുന്നതിനായി പ്രത്യേക കൂടുകളും കരുതേണ്ടതില്ല. ആവശ്യമുള്ള ധാന്യം മെഷീനിൽ തന്നെ സ്ഥാപിച്ചിരിക്കുന്ന കവറുകളിലായാണ് ലഭിക്കുക. ഹരിയാനക്കു പിന്നാലെ ഉത്തരാഖണ്ഡ് സർക്കാരും ധാന്യ എടിഎം അവതരിപ്പിച്ചിരുന്നു.

    ധാന്യ എടിഎമ്മിന്റെ പ്രവർത്തനം എങ്ങനെ?

    * എടിഎമ്മിൽ ബയോമെട്രിക് സംവിധാനമുണ്ടാകും

    * ഗുണഭോക്താവ് അവരുടെ ആധാറോ റേഷൻ കാർഡ് നമ്പറോ നൽകണം

    * ആധികാരികത ഉറപ്പാക്കിയാൽ എടിഎം വഴി ധാന്യങ്ങൾ നൽകും
    Published by:Amal Surendran
    First published: