• HOME
  • »
  • NEWS
  • »
  • india
  • »
  • ഒരു ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോൺ അണക്കെട്ടിൽ; തിരിച്ചെടുക്കാൻ 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഒരു ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോൺ അണക്കെട്ടിൽ; തിരിച്ചെടുക്കാൻ 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ

സുഹൃത്തുക്കൾക്കൊപ്പം സെൽഫിയെടുക്കുന്നതിനിടെയാണ് ഫോൺ വെള്ളത്തിൽ വീണതെന്നാണ് റിപ്പോർട്ടുകള്‍

  • Share this:

    ഛത്തീസ്ഗഡ്: സെൽഫിയെടുക്കുന്നതിനിടെ 96000 രൂപ വിലയുള്ള മൊബൈൽ ഫോൺ വെള്ളത്തിൽ പോയത് തിരിച്ചെടുക്കാനായി റിസർവോയർ വറ്റിച്ച സർ‍ക്കാർ ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. ഛത്തിസ്ഗഢിലെ കാങ്കർ ജില്ലയിലാണ് സംഭവം. കോലിബേഡ ​ബ്ലോക്കിലെ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ബിശ്വാസിന്റെ 96,000 രൂപ വിലയുള്ള സാംസങ് ഗാലക്സി എസ്-23 മൊബൈൽ ഫോണാണ് 15 അടി വെള്ളമുള്ള ജലസംഭരണിയിൽ വീണത്.

    ഉപയോഗശൂന്യമെന്ന് കാണിച്ച് വെള്ളം വറ്റിക്കാൻ പ്രാദേശിക ഡിവിഷനൽ ഓഫിസറിൽ നിന്നും വാക്കാൽ അനുമതി വാങ്ങിയതിന് ശേഷമായിരുന്നു ഉദ്യോഗസ്ഥന്‍റെ നടപടി. അഞ്ചടി വരെ വെള്ളം വറ്റിക്കാനാണ് ഉദ്യോഗസ്ഥൻ വാക്കാൽ അനുമതി നൽകിയത്. എന്നാൽ മൂന്ന് ദിവസമെടുത്ത് 15അടി താഴ്ചയുള്ള വെള്ളമാണ്30 എച്ച് പി കൂറ്റൻ പമ്പ് ഉപയോ​ഗിച്ച് ഇയാൾ വറ്റിച്ചത്. ഏകദേശം 1500 ഏക്കർ ജലസേചനത്തിനുപയോ​ഗിക്കാവുന്ന 21ലക്ഷം ലിറ്റർ വെള്ളം ഇയാൾ പാഴാക്കി.

    പദവി ദുരുപയോഗം ചെയ്യുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽനിന്ന് രേഖാമൂലം അനുമതി വാങ്ങാത്തതിനും  ജില്ലാ കലക്ടര്‍  രാജേഷിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.  രാജേഷ് തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കൊപ്പം സെൽഫിയെടുക്കുന്നതിനിടെയാണ് ഫോൺ വെള്ളത്തിൽ വീണതെന്നാണ് റിപ്പോർട്ടുകള്‍. ഔദ്യോഗിക വിവരങ്ങൾ അടങ്ങുന്ന ഫോൺ ആയതിനാലാണ് വെള്ളം വറ്റിച്ചതെന്നാണ് രാജേഷ് നല്‍കുന്ന വിശദീകരണം. അതേസമയം വെള്ളം വറ്റിച്ചതോടെ മൊബൈൽ ഫോണ്‍ തിരികെ ലഭിച്ചെങ്കിലും  മൂന്നുദിവസം വെള്ളത്തിൽ കിടന്നതിനാൽ ഉപയോഗശൂന്യമായ നിലയിലാണ്.

    Published by:Vishnupriya S
    First published: