• HOME
  • »
  • NEWS
  • »
  • india
  • »
  • മോദിയേക്കുറിച്ചുള്ള ബിജെപി നേതാവും നടിയുമായ ഖുശ്ബുവിന്റെ പഴയ ട്വീറ്റ് വൈറല്‍

മോദിയേക്കുറിച്ചുള്ള ബിജെപി നേതാവും നടിയുമായ ഖുശ്ബുവിന്റെ പഴയ ട്വീറ്റ് വൈറല്‍

2018ൽ കോൺഗ്രസിലായിരുന്നപ്പോൾ ഖുശ്ബു ചെയ്ത ട്വീറ്റാണ് ഇപ്പോൾ വൈറലായത്

  • Share this:

    ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി കോൺഗ്രസ് പ്രവർത്തകർ. ‘മോദി എന്നതിന്റെ അർത്ഥം അഴിമതി എന്നാക്കി മാറ്റാമെന്ന്’ 2018ൽ കോൺഗ്രസിലായിരുന്നപ്പോൾ ഖുശ്ബു ട്വീറ്റ് ചെയ്തിരുന്നു. ഇതാണിപ്പോൾ വൈറലായിരിക്കുന്നത്.

    ക്രിമിനൽ മാനനഷ്ട കേസിൽ സൂറത്ത് കോടതിയുടെ ശിക്ഷാവിധിക്ക് പിന്നാലെയാണ് ലോക്സഭാ സെക്രട്ടറി രാഹുലിനെ അയോഗ്യനാക്കി വിഞ്ജാപനമിറക്കിയത്. കള്ളന്മാർക്കെല്ലാം ‘മോദി’യെന്ന പേര് എന്തുകൊണ്ടുവന്ന എന്നു ചോദിച്ചതിനാണ് ബിജെപി എംഎൽഎയുടെ മാനനഷ്ട പരാതിയിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതി രണ്ടു വർഷം തടവ് വിധിച്ചത്.

    ‘മോദി എന്നതിന്റെ അർത്ഥം അഴിമതി എന്നാക്കാം. അതാണ് നല്ലത്. നീരവ്, ലളിത്, നമോ = അഴിമതി’ – എന്നായിരുന്നു ഖുശ്ബുവിന്‍റെ ട്വീറ്റ്. കോണ്‍ഗ്രസ് നേതാക്കൾ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കുന്നുണ്ട്. ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി ഇപ്പോൾ ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദറിനെതിരെ കേസ് കൊടുക്കുമോ എന്നും പ്രവർത്തകർ ചോദിക്കുന്നുണ്ട്.

    Also Read- Rahul Gandhi News LIVE: ‘ചോദ്യങ്ങൾ തുടരും; ജയിലിനെ ഭയക്കുന്നില്ല’; മോദി-അദാനി ബന്ധം ആവർത്തിച്ച് രാഹുൽ ഗാന്ധി

    അതേസമയം, ഖുശ്ബു സുന്ദർ തന്റെ പഴയ ട്വീറ്റിനെക്കുറിച്ച് പ്രതികരിക്കുകയോ ട്വീറ്റ് പിൻവലിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതികരിച്ചിരുന്നു.

    ”നിർഭാഗ്യവശാൽ താൻ ഒരു പാർലമെന്റേറിയനാണെന്ന് അദ്ദേഹം കുറച്ച് ദിവസങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ സത്യമായി. പോസിറ്റീവ് ആയി ചിന്തിക്കുക. നിഷേധാത്മകത നിങ്ങളെ എവിടെയും എത്തിക്കില്ല”- ഖുശ്ബു ട്വീറ്റ് ചെയ്തു.

    Published by:Rajesh V
    First published: