ആഗ്ര: കേന്ദ്രമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കിടെ സ്റ്റേജിലേക്ക് ഇരുമ്പ് വിളക്കുകാൽ തകർന്ന് വീണ് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. തലനാരിഴയ്ക്കാണ് സ്റ്റേജിലുണ്ടായിരുന്ന കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ രക്ഷപെട്ടത്. വെള്ളിയാഴ്ച സദർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഭീം നഗ്രി പ്രദേശത്ത് അംബേദ്കർ ജയന്തി അനുസ്മരണ പരിപാടിക്കിടെ നടന്ന സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.
രാത്രി 9.30 ഓടെ ശക്തമായ കാറ്റ് വീശാൻ തുടങ്ങിയതിനെ തുടർന്ന് വിളക്കുകൾ സ്ഥാപിച്ചിരുന്ന ഇരുമ്പ് കൊടിമരം പരിപാടിക്കിടെ വേദിയിൽ ഇരുന്ന വിശിഷ്ട വ്യക്തികളുടെ മേൽ പതിച്ചതായി പൊലീസ് പറഞ്ഞു. സംഭവസമയത്ത് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കേന്ദ്ര പാർലമെന്ററി കാര്യ-സാംസ്കാരിക സഹമന്ത്രി അർജുൻ റാം മേഘ്വാൾ വേദിയിൽ നിന്ന് പ്രസംഗിക്കുകയായിരുന്നു.
സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സദർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ധർമേന്ദ്ര ദാഹിയ പറഞ്ഞു. പ്രദേശവാസിയായ രാജേഷ് കുമാർ (50) ആണ് മരിച്ചത്.
പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. വേദിയിൽ ഇരുന്നിരുന്ന പ്രമുഖർ, ബിജെപി നേതാക്കൾ, പരിപാടി സംഘാടകർ തുടങ്ങിയവരുടെ മേൽ ഇരുമ്പ് വിളക്കുകാൽ വീണതായി ദൃക്സാക്ഷി പറഞ്ഞു.
ഗ്രാമീണ മേളയ്ക്കിടെ നഗ്നനൃത്തം; പത്തുപേർ അറസ്റ്റിൽ
കിഴക്കൻ ഗോദാവരി: ഗ്രാമീണ മേളയ്ക്കിടെ നഗ്നനൃത്തം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ഗോദാവരി ജില്ലയിലെ ഉപ്പംഗല ഗ്രാമത്തിൽ മേളയിൽ നഗ്നനൃത്തം നടത്തിയതിനാണ് 10 പേരെ ആന്ധ്രാപ്രദേശ് പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഏപ്രിൽ 14, 15 തീയതികളിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് ഗ്രാമീണ മേളയുടെ ഭാഗമായി നഗ്ന നൃത്തം അരങ്ങേറിയതെന്ന് പോലീസ് പറഞ്ഞു.
Also Read-
Hindu Sena | 'കാവിയെ അപമാനിച്ചാൽ കർശന നടപടി'; ജെഎൻയുവിന് ചുറ്റും പോസ്റ്ററുകൾ സ്ഥാപിച്ച് ഹിന്ദു സേന
കിഴക്കൻ ഗോദാവരി ജില്ലയിലെ തല്ല്രേവു മണ്ഡലത്തിലെ ഉപ്പംഗല ഗ്രാമത്തിലെ പോലേരുഅമ്മ ജാതരയിൽ നടത്തിയ ‘നഗ്നനൃത്തം’ വാട്സാപ്പ് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൊരിങ്ക പൊലീസ് അന്വേഷണം ആരംഭിച്ചു. വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിൽ 10 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. “ഒരു കേസ് രജിസ്റ്റർ ചെയ്യുകയും 10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവം എപ്പോഴാണെന്ന് ഞങ്ങൾക്ക് അറിയില്ല, എല്ലാ വിശദാംശങ്ങളും ഉടൻ ലഭിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. കൂടുതൽ പേർ അറസ്റ്റിലായേക്കുമെന്നും പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.