ഇന്ത്യയിലെ എട്ട് നഗരങ്ങളിലെ വായു മലിനീകരണത്തോത് (Air Pollution) ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്. 2005നും 2018നും ഇടയിൽ മുംബൈ, ബാംഗ്ലൂർ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, സൂറത്ത്, പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഒരു ലക്ഷത്തിലധികം അകാലമരണങ്ങൾക്ക് കാരണമായിട്ടുള്ളത് വായുമലിനീകരണം ആണെന്നാണ് റിപ്പോർട്ട്.
നാസ, യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) എന്നിവയുടെ സഹകരണത്തോടെ ബഹിരാകാശ നിരീക്ഷണങ്ങൾ ഉപയോഗിച്ച് ആഫ്രിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ 46 നഗരങ്ങളിലെ വായു ഗുണനിലവാരവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘമാണ് പഠനം നടത്തിയിരിക്കുന്നത്.
നഗരങ്ങളിൽ വായുവിൻെറ ഗുണനിലവാരത്തിൽ ഗണ്യമായ തകർച്ചയുണ്ടാവുന്നുവെന്നും ഇത് ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും സയൻസ് അഡ്വാൻസസ് ജേണലിൽ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നൈട്രജൻ ഡയോക്‌സൈഡ് (NO2) 14 ശതമാനം വരെയും സൂക്ഷ്മ കണികകൾ (PM2.5) 8 ശതമാനം വരെയും കൂടിയിട്ടുണ്ട്. അമോണിയ 12 ശതമാനം വരെയും മറ്റ് ജൈവ സംയുക്തങ്ങൾ 11 ശതമാനം വരെയും കൂടിയതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഉയർന്നുവരുന്ന വ്യവസായങ്ങൾ, റോഡ് ഗതാഗതത്തിൻെറയും വാഹനങ്ങളുടെയും വർധനവ്, മാലിന്യം കത്തിക്കൽ, ചാർക്കോളിൻെറയും കത്തിക്കാനുപയോഗിക്കുന്ന തടിയുടെയും വ്യാപകമായ ഉപയോഗം എന്നിവയാണ് വായുവിന്റെ ഗുണനിലവാരത്തിലുണ്ടായ ഈ ദ്രുതഗതിയിലുള്ള തകർച്ചയ്ക്ക് കാരണമെന്ന് യുഎസിലെ ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ ഉൾപ്പെടുന്ന സംഘം വ്യക്തമാക്കുന്നു. "തുറന്ന ഇടങ്ങളിൽ വെച്ച് ബയോമാസും പച്ചക്കറി മാലിന്യവും കത്തിക്കുന്നത് കഴിഞ്ഞ കുറച്ച് കാലത്തിനുള്ളിൽ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മലിനീകരണത്തോത് കൂട്ടാൻ കാരണമായിട്ടുണ്ട്," പഠനസംഘത്തിന് നേതൃത്വം നൽകിയ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിൽ (UCL) നിന്നുള്ള കർൺ വോഹ്‌റ പറഞ്ഞു.
നഗരങ്ങളിലെ ജനസംഖ്യ വർധിച്ചത് മലിനീകരണത്തോത് കൂട്ടുന്നതിൽ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. പഠനം നടത്തിയ 46ൽ 40 നഗരങ്ങളിലും നൈട്രജൻ ഡയോക്‌സൈഡ് വൻതോതിൽ കൂടിയിട്ടുണ്ട്. 33 നഗരങ്ങളിൽ ആരോഗ്യത്തിന് വെല്ലുവിളിയാവുന്നത് സൂക്ഷ്മ കണികകളുടെ വർധനവാണെന്നും പഠനറിപ്പോർട്ടിൽ പറയുന്നു. വായുമലിനീകരണം കാരണം അകാലത്തിൽ മരിക്കുന്നവരുടെ എണ്ണത്തിൽ ദക്ഷിണേഷ്യയിലാണ് വലിയ വർധനവുള്ളത്. ബംഗ്ലാദേശിലെ ധാക്കയിൽ 25000ത്തിലധികം മരണങ്ങളാണ് ഈ കാലയളവിൽ സംഭവിച്ചിട്ടുള്ളത്. ഒരു ലക്ഷത്തോളം അകാലമരണങ്ങൾ സംഭവിച്ചിട്ടുള്ളത് ഇന്ത്യയിലാണെന്നും പഠനം വ്യക്തമാക്കുന്നു.
ആഫ്രിക്കയിലെ ഉഷ്ണമേഖലാ നഗരങ്ങളിലെ മരണനിരക്ക് നിലവിൽ കുറവാണ്. ആരോഗ്യ സംരക്ഷണത്തിൻെറ കാര്യത്തിൽ സമീപകാലത്ത് ഇവിടെ കാര്യമായ ബോധവൽക്കരണം നടന്നതിനാലാണ് കുറവുണ്ടായതെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വരുന്ന പത്ത് വർഷത്തിനുള്ളിലായിരിക്കും വായു ഏറ്റവും മലിനമായ അവസ്ഥയിലെത്തുകയെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
"നേരത്തെ പറ്റിയ പിഴവുകൾ തിരുത്തുന്നതിനും പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിനും പകരം നമ്മൾ ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശത്തേക്ക് മലിനീകരണത്തോത് വ്യാപിപ്പിക്കുകയാണ്" പഠനസംഘത്തിലുള്ള എലോയിസ് മറായിസ് പറഞ്ഞു. പുതിയ പഠനത്തിലെ കണ്ടെത്തലുകൾ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ
ഇനിയെങ്കിലും മുൻകരുതലെടുക്കാനുള്ള മുന്നറിയിപ്പാണെന്നും ഗവേഷകർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.