ന്യൂഡൽഹി: കള്ളപ്പണം നഷ്ടപ്പെട്ടവരാണ് നോട്ടുനിരോധനം ഏർപ്പെടുത്തിയപ്പോൾ കരഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസ് 18 നെറ്റ് വർക് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിയുമായുള്ള എക്സ്ക്ലുസിവ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
കള്ളപ്പണം പുറത്തെടുക്കാൻ കഴിയാതെ വന്നവരാണ് നോട്ടു നിരോധനം ഏർപ്പെടുത്തിയപ്പോൾ ഏറ്റവും കൂടുതൽ കരഞ്ഞത്. കള്ളപ്പണം പുറത്തെടുക്കാൻ കഴിയാതെ വന്നതിനാൽ പാവപ്പെട്ടവരുടെ വോട്ട് ബാങ്ക് നഷ്ടപ്പെട്ടവരാണ് അവർ. അന്ന് ബുദ്ധിമുട്ടിയ അവർ ഇപ്പോഴും ബുദ്ധിമുട്ടിലാണ്. അവർ ഇപ്പോഴും കരച്ചിൽ നിർത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
2017ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നോട്ടു നിരോധനത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളെ തുടർന്നായിരുന്നു. എന്നാൽ, ആ തെരഞ്ഞെടുപ്പിൽ വിജയിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
നോട്ടു നിരോധനത്തെ തുടർന്ന് ബിസിനസ് തകർന്നവർക്ക് ഇപ്പോഴും അതിൽ നിന്ന് കര കയറാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, നോട്ടുനിരോധനത്തെ തുടർന്ന് ആദ്യത്തെ കുറച്ചുകാലം കഷ്ടപ്പെട്ടവർ ഇപ്പോൾ തങ്ങൾക്കൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മോദിയിലും ബി.ജെ.പിയിലും ജനങ്ങൾക്കുള്ള വിശ്വാസമാണ് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ വൻ വിജയത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിലെ ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയ്ക്ക് ഒരു ബൂസ്റ്റ് ആയിരുന്നു നോട്ടുനിരോധനം. നോട്ടുനിരോധനത്തെ തുടർന്ന് പോസിറ്റിവ് ആയ നിരവധി മാറ്റങ്ങളുണ്ടായതായും പ്രധാനമന്ത്രി മോദി പറഞ്ഞു. നോട്ടുനിരോധനം വന്നതിനു ശേഷം ആദായനികുതി അടയ്ക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായി. അനധികൃതമായി പ്രവർത്തിച്ചു കൊണ്ടിരുന്ന കമ്പനികളെ അടിച്ചമർത്താനും ഇതിന് കഴിഞ്ഞു.
നോട്ടുനിരോധനം നിലവിൽ വന്നതോടെ അനധികൃതമായി പ്രവർത്തിച്ചുവന്നിരുന്ന മൂന്നര ലക്ഷത്തിലധികം കമ്പനികളാണ് പൂട്ടിയത്. കോടിക്കണക്കിന് രൂപയാണ് സർക്കാർ ഖജനാവിലേക്ക് എത്തിയത്. കള്ളപ്പണം കുറഞ്ഞതോടെ ഭൂമിവില കാര്യമായി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.