ന്യൂഡൽഹി: ഹിന്ദി ഭാഷാ വിവാദത്തിൽ മലക്കംമറിഞ്ഞ് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ഒരിക്കലും നിർദേശിച്ചിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. മാതൃഭാഷയ്ക്കുശേഷം രണ്ടാം ഭാഷയായി ഹിന്ദി പഠിക്കാമോയെന്ന് അഭ്യർഥിക്കു മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ജാർഖണ്ഡിലെ റാഞ്ചിയിൽ ഹിന്ദുസ്ഥാൻ പബ്ലിക്കേഷൻസ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ഹിന്ദി ഭാഷാ വിഷയത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അമിത് ഷായുടെ നിലപാട് മാറ്റമെന്നാണ് സൂചന.
പ്രാദേശിക ഭാഷകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം പ്രസംഗത്തിനിടെ ആവർത്തിച്ച് സംസാരിച്ചു. 'ഹിന്ദി സംസാരിക്കാത്ത സംസ്ഥാനത്തുനിന്നാണ് ഞാൻ വരുന്നത്. ഗുജറാത്തിയാണ് എന്റെ സംസ്ഥാനത്തെ മാതൃഭാഷ, ഹിന്ദിയല്ല. എന്റെ പ്രസംഗം കേൾക്കുന്നവർ അത് ശ്രദ്ധയോടെ ചെയ്യുക. ആർക്കെങ്കിലും രാഷ്ട്രീയം കളിക്കണമെങ്കിൽ അത് അവരുടെ ഇഷ്ടം'- അമിത് ഷാ പറഞ്ഞു.
രാജ്യത്തിന് ഒരു പൊതുഭാഷ വേണമെന്നും ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ ഒരുമിപ്പിക്കാൻ കഴിയുമെന്നുമാണ് ദേശീയ ഹിന്ദി ദിനാചരണ പരിപാടിയിൽ പങ്കെടുത്ത് അമിത് ഷാ പറഞ്ഞത്. ഒരു രാജ്യം, ഒരു ഭാഷ എന്ന ഈ ആശയം അദ്ദേഹം ട്വീറ്റ് ചെയ്യുക കൂടി ചെയ്തതോടെയാണ് വിവാദം കത്തിപ്പടർന്നത്. ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ അമിത് ഷായുടെ ഹിന്ദി നയത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. എൻഡിഎ ഘടകകക്ഷികളും അമിത് ഷായ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഇപ്പോൾ ഹിന്ദി വിഷയത്തിൽ നിലപാട് മാറ്റാൻ അമിത് ഷാ തയ്യാറായതെന്നാണ് റിപ്പോർട്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.