ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യവുമായി ഇന്ത്യ. ഓപ്പറേഷൻ കാവേരി എന്ന ദൗത്യം ഇന്നുമുതലാണ് ആരംഭിച്ചത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചതാണ് ഇക്കാര്യം. അഞ്ഞൂറോളം ഇന്ത്യക്കാരെ തുറമുഖ നഗരമായ പോർട്ട് സുഡാനിൽ എത്തിച്ചിട്ടുണ്ട്. സുഡാൻ തുറമുഖത്ത് കാത്തിരിക്കുന്ന ഇന്ത്യക്കാരുടെ രണ്ട് ചിത്രങ്ങളും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ട്വിറ്ററിൽ പങ്കുവെച്ചു.
“സുഡാനിൽ കുടുങ്ങിക്കിടക്കുന്ന നമ്മുടെ പൗരന്മാരെ തിരികെ കൊണ്ടുവരാൻ ഓപ്പറേഷൻ കാവേരി പുരോഗമിക്കുകയാണ്. അഞ്ഞൂറോളം ഇന്ത്യക്കാർ പോർട്ട് സുഡാനിലെത്തിയിട്ടുണ്ട്. കൂടുതൽ പേരെ ഇനിയും എത്തിക്കും. നമ്മുടെ കപ്പലുകളും വിമാനങ്ങളും അവരെ നാട്ടിലേക്ക് കൊണ്ടുവരാൻ സജ്ജമാണ്. സുഡാനിലെ നമ്മുടെ എല്ലാ സഹോദരങ്ങളെയും സഹായിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്,” ജയശങ്കർ പറഞ്ഞു.
Operation Kaveri gets underway to bring back our citizens stranded in Sudan.
About 500 Indians have reached Port Sudan. More on their way.
Our ships and aircraft are set to bring them back home.
Committed to assist all our bretheren in Sudan. pic.twitter.com/8EOoDfhlbZ
— Dr. S. Jaishankar (@DrSJaishankar) April 24, 2023
സുഡാനലെ സംഘർഷത്തെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ രണ്ട് ഹെവി ലിഫ്റ്റ് വിമാനങ്ങളും ഒരു കപ്പലും സൗദി അറേബ്യയിലേക്ക് അയച്ചതായി ഏപ്രിൽ 23 ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സംഘർഷം കുറയുന്നത് അനുസരിച്ച് സുഡാനിൽ നിന്ന് കൂടുതൽ ആളുകളെ ഒഴിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യൻ ദൗത്യസംഘം. “രണ്ട് ഇന്ത്യൻ എയർഫോഴ്‌സ് സി-130ജെ നിലവിൽ ജിദ്ദയിൽ തുടരുകയാണ്. കൂടാതെ, ഐഎൻഎസ് സുമേധ പോർട്ട് സുഡാനിലെത്തി,” വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, അക്രമം നാശം വിതച്ച സുഡാനിൽ നിന്ന് ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ഭാഗമായി ഫ്രാൻസ് മറ്റ് 27 രാജ്യങ്ങളിലെ പൗരന്മാർക്കൊപ്പം കുറച്ച് ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സുഡാനിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ ഫ്രഞ്ച് വ്യോമസേന ഒഴിപ്പിച്ച് ജിബൂട്ടിയിലെ ഫ്രാൻസിന്റെ സൈനിക താവളത്തിലേക്ക് കൊണ്ടുവന്നതായി വാർത്താ ഏജൻസിയായ എഎൻഐയുടെ പ്രത്യേക റിപ്പോർട്ട് പറയുന്നു.
സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ കുടുങ്ങിയ സൗദി വിമാനത്തിലെ ജീവനക്കാരെ സൗദി അറേബ്യയും ഒഴിപ്പിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഫ്രാൻസും ജർമ്മനിയും തിങ്കളാഴ്ച 700 ഓളം ആളുകളെ ഒഴിപ്പിച്ചതായി അറിയിച്ചു, ഇതുവരെ 500 ലധികം പൗരന്മാരെ തുറമുഖത്തേക്ക് ഒഴിപ്പിച്ചതായും ജിദ്ദയിലേക്കുള്ള കൊണ്ടുവരാനായി കാത്തിരിക്കുകയാണെന്നും ഇന്തോനേഷ്യ അറിയിച്ചു. ചൈന, ഡെൻമാർക്ക്, ലെബനൻ, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളും പൗരന്മാരെ ഒഴിപ്പിച്ചതായി അറിയിച്ചു, ജപ്പാൻ ജിബൂട്ടിയിൽ നിന്ന് ഒഴിപ്പിക്കൽ സംഘത്തെ അയയ്ക്കാൻ തയ്യാറെടുക്കുകയാണെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് പ്രത്യേക റിപ്പോർട്ടിൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: S jaishankar, Sudan