• HOME
  • »
  • NEWS
  • »
  • india
  • »
  • AIADMK | അണ്ണാ ഡിഎംകെയ്ക്ക് 'ഇരട്ടത്തല' ഒ പന്നീര്‍ശെല്‍വത്തിന് അനുകൂലമായി മദ്രാസ് ഹൈക്കോടതി

AIADMK | അണ്ണാ ഡിഎംകെയ്ക്ക് 'ഇരട്ടത്തല' ഒ പന്നീര്‍ശെല്‍വത്തിന് അനുകൂലമായി മദ്രാസ് ഹൈക്കോടതി

പുതിയ ഉത്തരവോടെ ഇപിഎസിനെ തെരഞ്ഞെടുത്തത് അസാധുവാകും. ഇതോടെ നാല് മാസത്തിനുള്ളില്‍ സാധാരണ തെരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാകാമെന്ന അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്.

  • Last Updated :
  • Share this:
    എഐഎഡിഎംകെ (AIADMK) നേതാവ് ഒ പനീര്‍ശെല്‍വത്തിന് (OPS) അനുകൂലമായി മദ്രാസ് ഹൈക്കോടതിയുടെ (Madras Highcourt) ഉത്തരവ്. പാര്‍ട്ടി കാര്യങ്ങളില്‍ ജൂണ്‍ 23ന് മുന്‍പുള്ള സ്ഥിതി തുടരാനാണ് കോടതി (court) ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ജൂലൈ 11ന് ചേര്‍ന്ന നിര്‍ണ്ണായക യോഗത്തില്‍ എടപ്പാടി കെ പളനിസ്വാമിയെ (EPS) പാര്‍ട്ടിയുടെ ഇടക്കാല സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്താണ് ഒപിഎസും ജനറല്‍ കൗണ്‍സില്‍ മെമ്പര്‍ പി വൈരമുത്തുവും കോടതിയെ സമീപിച്ചത്. നടപടി പാര്‍ട്ടി ബൈലോയ്ക്ക് എതിരാണെന്നും പനീര്‍ശെല്‍വം ആരോപിച്ചിരുന്നു. ജസ്റ്റിസ് ജി ജയചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

    ഇതോടെ ഒ പനീർ സെൽവം പാർട്ടി കോ ഓഡിനേറ്ററായും എടപ്പാടി പളനിസാമി പാർട്ടിയുടെ സഹ കോർഡിനേറ്ററായും തുടരും.ഒരു കമ്മീഷണറുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി കോര്‍ഡിനേറ്റര്‍ക്കും ജോയിന്റ് കോര്‍ഡിനേറ്റര്‍ക്കും പുതിയ ജനറല്‍ കൗണ്‍സില്‍ യോഗം വിളിക്കാമെന്നും തെരഞ്ഞെടുപ്പ് നടത്താമെന്നും ജഡ്ജി പറഞ്ഞു.

    പുതിയ ഉത്തരവോടെ ഇപിഎസിനെ തെരഞ്ഞെടുത്തത് അസാധുവാകും. ഇതോടെ നാല് മാസത്തിനുള്ളില്‍ സാധാരണ തെരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാകാമെന്ന അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്.

    മുതിര്‍ന്ന അഭിഭാഷകരായ ഗുരു കൃഷ്ണകുമാര്‍, പിഎച്ച് അരവിന്ദ് പാണ്ഡ്യന്‍, എകെ ശ്രീറാം എന്നിവരാണ് ഒപിഎസിനും വൈരമുത്തുവിനും വേണ്ടി കോടതിയില്‍ ഹാജരായത്. സാധാരണ നടപടി ക്രമം അനുസരിച്ച് ജനറല്‍ കൗണ്‍സില്‍ മീറ്റിംഗിന് 15 ദിവസം മുന്‍പ് മെമ്പര്‍മാര്‍ക്ക് നോട്ടീസ് അയക്കണം. എന്നാല്‍ കേസില്‍ പറഞ്ഞിരിക്കുന്ന മീറ്റിംഗില്‍ 15 ദിവസത്തെ ഇടവേള എന്ന ചട്ടം പാലിച്ചിരുന്നില്ല. പാര്‍ട്ടി ആസ്ഥാനത്ത് നിന്നും നോട്ടീസ് അയച്ചതിന്റെ നിയമ സാധുതയെയും ഒപിഎസ് വിഭാഗം ചോദ്യം ചെയ്തു.

    ഉദ്ദേശ ലക്ഷ്യത്തോടെയുള്ള വീഴ്ചയാണ് ഇതെന്നും പാര്‍ട്ടിയില്‍ കൃത്രിമ സ്തംഭനാവസ്ഥ സൃഷ്ടിച്ചെന്നും ഒപിഎസ് വാദിച്ചു. പാര്‍ട്ടിയുടെ മുഴുവന്‍ താല്‍പര്യങ്ങളെയും പ്രതിനിധീകരിക്കാന്‍ ഒരു ചെറിയ ബോഡി (ജിസി) ഉണ്ടാക്കാന്‍ ശ്രമം നടത്തുകയാണെന്ന് ഗുരു കൃഷ്ണകുമാര്‍ പറഞ്ഞു.

    പ്രസീഡിയം ചെയര്‍മാന് ജിസി മീറ്റിംഗ് നടത്താന്‍ മാത്രമേ അധികാരമുള്ളൂ എന്നും എന്നാല്‍ മീറ്റിംഗിനായി മെമ്പര്‍മാരെ വിളിക്കാന്‍ അധികാരമില്ലെന്നും അരവിന്ദ് പാണ്ഡ്യന്‍ വാദിച്ചു. ജനറല്‍ സെക്രട്ടറിയോ ജോയിന്റ് കോഡിനേറ്ററോ അല്ലാതെ മറ്റാര്‍ക്കും യോഗം വിളിക്കാന്‍ ബൈലോ പ്രകാരം അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് വരുത്തിയ നിയമഭേദഗതിയെയും അദ്ദേഹം കുറ്റപ്പെടുത്തി.

    ഇപിഎസിന് വേണ്ടി മുന്‍ അഡ്വക്കറ്റ് ജനറല്‍ (എജി) വിജയ് നാരായണ്‍, എസ്ആര്‍ രാജഗോപാല്‍, നര്‍മദ സമ്പത്ത് എന്നിവരാണ് ഹാജരായത്. ജനറല്‍ കൗണ്‍സില്‍ മീറ്റിംഗ് വിളിച്ചതില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഇവര്‍ വാദിച്ചു.

    കോര്‍ഡിനേറ്റര്‍, ജോയിന്റ് കോര്‍ഡിനേറ്റര്‍ സ്ഥാനങ്ങളുടെ കാലാവധി അവസാനിച്ചതിനാലാണ് പാര്‍ട്ടി ആസ്ഥാന ഭാരവാഹികള്‍ മീറ്റിംഗിനായി നോട്ടീസ് അയച്ചത് എന്ന് ഇപിഎസ് പക്ഷം വ്യക്തമാക്കി. ഒഴിവു വന്ന തസ്തികകളിലേയ്ക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ 2021 ഡിസംബറില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍, പിന്നീട് നടന്ന ജിസി മീറ്റിംഗ് ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നില്ല.

    ഇതിനു മുന്‍പും ജിസി മീറ്റിംഗ് ആസ്ഥാനത്തെ ഓഫീസ് ഭാരവാഹികള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും ഇപിഎസ് പക്ഷം ചൂണ്ടിക്കാട്ടി.
    Published by:Arun krishna
    First published: