ന്യൂഡൽഹി: ബലാകോട്ട് ആക്രമണത്തിന് പിന്നാലെ വ്യോമസേന വിമാനം തകർന്നത് ഇന്ത്യയുടെ തന്നെ മിസൈൽ പതിച്ചാണെന്ന് എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിംഗ് ഭദൗരിയ. ജമ്മു കശ്മീരിലെ ബഡ്ഗാമിൽ ഫെബ്രുവരി 27നാണ് വിമാനം തകർന്നത്. ഇക്കാര്യത്തിൽ വ്യോമസേന നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയുടെതന്നെ മിസൈൽ പതിച്ചാണ് വിമാനം തകർന്നതെന്ന് വ്യക്തമായത്.
ഈ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്നും എയർ ചീഫ് മാർഷൽ വ്യക്തമാക്കി. 'ഇത് വലിയ തെറ്റാണെന്ന് ഞങ്ങൾ അംഗീകരിക്കുന്നു, ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കും'- രാകേഷ് കുമാർ സിംഗ് ഭദൗരിയ വ്യക്തമാക്കി.
വിംങ് കമാൻഡറായ സിദ്ധാർത്ഥ് വസിഷ്ത് പറത്തിയ വ്യോമസേന വിമാനമാണ് ബുഡ്ഗാമിൽ തകർന്നത്. ഫെബ്രുവരി 27 ന് രാവിലെ 9.30 ഓടെ പാകിസ്ഥാൻ വ്യോമസേന ജെറ്റുകൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ചതിന് തൊട്ടുപിന്നാലെ രാവിലെ 10.10 ന് ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ശേഷമാണ് വിമാനം തകർന്നത്. ജമ്മു മേഖലയിലെ രാജൗരി സെക്ടറിൽ പാകിസ്ഥാൻ വ്യോമസേന അതിർത്തി ലംഘിച്ചത്, ശ്രീനഗർ വ്യോമതാവളത്തിൽ നിന്ന് വിമാനം പറന്നുയർന്ന അതേ സമയത്തായിരുന്നു. പാക് ആക്രമണത്തിലാണ് വ്യോമസേന വിമാനം തകർന്നതെന്നായിരുന്നു വാർത്തകൾ വന്നത്. എന്നാൽ ഇന്ത്യയുടെ തന്നെ മിസൈൽ പതിച്ചാണ് വിമാനം തകർന്നതെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. സംഭവത്തിൽ നാല് ഉദ്യോഗസ്ഥരും ഒരു സിവിലയനും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചിരുന്നു. വ്യോമ
വ്യോമസേന വിമാനത്തിലെ 'ഐഡന്റിഫിക്കേഷൻ ഓഫ് ഫ്രണ്ട് (ഐ.എഫ്.എഫ്) സംവിധാനം സ്വിച്ച് ഓഫ് ചെയ്തതായും ഗ്രൗണ്ട് സ്റ്റാഫും വിമാനത്തിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള ആശയവിനിമയത്തിലും ഏകോപനത്തിലും “തന്ത്രപരമായ വീഴ്ച” ഉണ്ടായെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഒരു വിമാനമോ ഹെലികോപ്റ്ററോ സൗഹൃദപരമോ ശത്രുതാപരമോ ആണെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന വ്യോമ പ്രതിരോധ റഡാറുകൾ പ്രവർത്തിപ്പിക്കുന്നതിൽ വ്യോമസേനയ്ക്ക് വീഴ്ച പറ്റിയെന്നും അന്വേഷണത്തിൽ വ്യക്തമായി.
അപകടത്തിൽ ഇസ്ലാമാബാദിന് പങ്കില്ലെന്ന് പാകിസ്ഥാൻ സായുധ സേന വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ അന്ന് പറഞ്ഞിരുന്നു. “ഇന്ത്യൻ അതിർത്തിക്കുള്ളിൽ ഒരു ഇന്ത്യൻ വിമാനം തകർന്നതായി റിപ്പോർട്ടുകൾ ഉണ്ട്, ഞങ്ങൾക്ക് ആ സംഭവവുമായി യാതൊരു ബന്ധവുമില്ല”- അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Balakot strike, IAF, IAF Chief, India-Pak War, Indian Air Force