കോവിഡ് മഹാമാരി ആരംഭിച്ച് ആദ്യ 20 മാസങ്ങളില്‍, അതായത് 2020 മാര്‍ച്ചിനും 2021 ഒക്ടോബറിനും ഇടയിലുള്ള കാലയളവിൽ ഏകദേശം 19.2 ലക്ഷം കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ ഒരാളെയെങ്കിലും കോവിഡ് 19 (Covid 19) മൂലം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ദി ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് ഹെല്‍ത്ത് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. പഠനം നടത്തിയ 20 രാജ്യങ്ങളില്‍, കോവിഡിന്റെ ആദ്യത്തെ രണ്ട് തരംഗങ്ങളുടെ കാലയളവിൽ കോവിഡ് മൂലം അനാഥരായതോ അല്ലെങ്കില്‍ രക്ഷിതാക്കളില്‍ ഒരാളെയെങ്കിലും നഷ്ടപ്പെട്ടതോ ആയ കുട്ടികളുടെ എണ്ണം ഇന്ത്യയിലാണ് (India) കൂടുതലെന്നും മെഡിക്കല്‍ ജേർണല്‍ പറയുന്നു.
ഈ കാലയളവില്‍ മാതാപിതാക്കളിൽ ഒരാളെയെങ്കിലും നഷ്ടപ്പെട്ട ആകെ കുട്ടികളുടെ എണ്ണം 52 ലക്ഷമാണെന്നും പഠനം പറയുന്നു. 1000 കുട്ടികളില്‍ വെച്ച് അനാഥരായവരുടെ നിരക്ക് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് പെറുവിലാണ് (8.3%). തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കയും (7%). ലോകമെമ്പാടും 33 ലക്ഷം കുട്ടികള്‍ കോവിഡ് മൂലം അനാഥരായപ്പോള്‍, 18.3 ലക്ഷം പേര്‍ക്ക് വീട്ടിലെ മുത്തച്ഛനെയോ ഒരു മുതിര്‍ന്ന അംഗത്തെയോ നഷ്ടപ്പെട്ടതായി പഠനം പറയുന്നു.
2021 മെയ് 1നും 2021 ഒക്ടോബര്‍ 31നും ഇടയില്‍, കോവിഡ് 19ന്റെ ആദ്യ 14 മാസത്തെ അപേക്ഷിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം ഏകദേശം ഇരട്ടിയായി. ഇന്ത്യയില്‍ 2022 ഫെബ്രുവരി 5 വരെ കോവിഡ് മൂലം അനാഥരായ 3,890 പേരെ വനിതാ ശിശു വികസന മന്ത്രാലയത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. 2020 ഏപ്രിലിനും 2021 ജൂണിനുമിടയില്‍ 3,661 പേര്‍ക്ക് രക്ഷിതാക്കളില്‍ രണ്ട് പേരെയും കോവിഡ് 19 മൂലം നഷ്ടപ്പെട്ടുവെന്നാണ് നാഷണല്‍ കമ്മീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് പറയുന്നത്. ലാന്‍സെറ്റ് പഠനം നടത്തിയ കാലയളവിലെ കണക്കുകൾ തന്നെയാണ് ഇതും.
അതേസമയം, ഇന്ത്യയില്‍ 2020 ഏപ്രില്‍ മുതല്‍ 2021 ജൂണ്‍ 5 വരെയുള്ള കാലയളവില്‍ അനാഥരാവുകയോ മാതാപിതാക്കളെ നഷ്ടപ്പെടുകയോ കോവിഡോ മറ്റ് കാരണങ്ങളോ മൂലം ഉപേക്ഷിക്കപ്പെടുകയോ ചെയ്ത കുട്ടികളുടെ എണ്ണം 30,111 ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇക്കാലയളവില്‍ 26,176 കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടതായും 3,661 പേര് അനാഥരായതായും 274 പേര് ഉപേക്ഷിക്കപ്പെട്ടുവെന്നും വനിതാ-ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
മധ്യപ്രദേശില്‍ അനാഥരായത് 706 കുട്ടികളാണ്. അനാഥരായ കുട്ടികള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സംസ്ഥാനങ്ങള്‍ രാജസ്ഥാന് (671), ഉത്തര്‍പ്രദേശ് (383), ബിഹാര്‍ (308), ഒഡീഷ (281) എന്നിവയാണ്. മാതാപിതാക്കളില്‍ ഒരാള്‍ മാത്രം അവശേഷിക്കുന്ന കുട്ടികളുടെ എണ്ണം മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ആന്ധ്രാ പ്രദേശ്, രാജസ്ഥാന്, ബീഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ യഥാക്രമം 6865, 2784, 1923, 1801, 1,326, 1311 എന്നിങ്ങനെയാണ്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.