• HOME
  • »
  • NEWS
  • »
  • india
  • »
  • Tree Felling | 2020-21ല്‍ വികസന പദ്ധതികള്‍ക്കായി ഇന്ത്യയിലുടനീളം മുറിച്ചത് 30 ലക്ഷത്തിലധികം മരങ്ങള്‍; ഒറ്റ മരവും മുറിക്കാതെ ഡല്‍ഹി

Tree Felling | 2020-21ല്‍ വികസന പദ്ധതികള്‍ക്കായി ഇന്ത്യയിലുടനീളം മുറിച്ചത് 30 ലക്ഷത്തിലധികം മരങ്ങള്‍; ഒറ്റ മരവും മുറിക്കാതെ ഡല്‍ഹി

ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ ഈ കാലയളവിൽ ഒരു മരം പോലും മുറിച്ചിട്ടില്ലെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്.

  • Share this:
    2020-21 വര്‍ഷത്തില്‍ ഇന്ത്യയിലുടനീളം പൊതുവായ അടിസ്ഥാന സൗകര്യ പദ്ധതികളുടെ നിര്‍മ്മാണത്തിനും വികസനത്തിനുമായി ഏകദേശം 31 ലക്ഷം മരങ്ങളാണ് മുറിച്ചുമാറ്റിയത്. വനം (സംരക്ഷണ) നിയമപ്രകാരം 30,97,721 മരങ്ങള്‍ മുറിച്ചുമാറ്റിയെന്നും 2020-21ല്‍ നഷ്ടപരിഹാരമെന്നോണം വനവല്‍ക്കരണത്തിനായി 359 കോടി രൂപ ചെലവഴിച്ചതായും ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു. ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ ഈ കാലയളവിൽ ഒരു മരം പോലും മുറിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി തിങ്കളാഴ്ച ലോക്‌സഭയില്‍ അറിയിച്ചു.

    ''വിവിധ നിയമങ്ങള്‍, ചട്ടങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, കോടതികളുടെ നിര്‍ദ്ദേശങ്ങള്‍ എന്നിവ വ്യവസ്ഥപ്പെടുത്തുന്നതിന് അനുസൃതമായാണ് അതത് സംസ്ഥാന സര്‍ക്കാരുകള്‍ / കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ മരം മുറിക്കുന്നതിനുള്ള അനുമതി നല്‍കുന്നത്. എന്നിരുന്നാലും, 2020-21 കാലയളവില്‍ 30,97,721 മരങ്ങള്‍ മുറിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് 1980ലെ വനം (സംരക്ഷണ) നിയമത്തിന്റെ വ്യവസ്ഥ പ്രകാരം മന്ത്രാലയം മുന്‍കൂര്‍ അനുമതി നല്‍കിയിട്ടുണ്ട്,'' യാദവ് രേഖാമൂലമുള്ള പ്രസ്താവനയില്‍ പറഞ്ഞു. വനം (സംരക്ഷണം) നിയമം, 1980 പ്രകാരം വനപ്രദേശം ഇതര ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ പകരം ആ പ്രദേശത്ത് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വനവല്‍ക്കരണം നടത്തേണ്ടതുണ്ട്.

    മുറിച്ച 30.97 ലക്ഷം മരങ്ങള്‍ക്ക് പകരമായി 3.6 കോടിയിലധികം തൈകള്‍ നട്ടുപിടിപ്പിച്ചു. വനവല്‍ക്കരണത്തിന്റെ ഭാഗമായി 358.87 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചതായി മന്ത്രി സഭയെ അറിയിച്ചു. 2020-21 കാലയളവില്‍ ഡല്‍ഹിയില്‍ വികസന പദ്ധതികള്‍ക്കായി ഒരു മരം പോലും മുറിച്ചിട്ടില്ലെന്നും എന്നാല്‍ വനവല്‍ക്കരണ പദ്ധതിക്ക് കീഴില്‍ തവലസ്ഥാനത്ത് 53,000 തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ടെന്നും ഇതിനായി 97 ലക്ഷം രൂപ ചെലവഴിച്ചതായും മന്ത്രി അറിയിച്ചു.

    മന്ത്രി പങ്കുവച്ച കണക്കുകള്‍ പ്രകാരം, ഏറ്റവും കൂടുതല്‍ മരങ്ങള്‍ മുറിച്ചത് മധ്യപ്രദേശിലും (16,40,532) ഉത്തര്‍പ്രദേശിലും (3,11,998), ഒഡീഷയിലും (2,23,375) ആണ്. എന്നിരുന്നാലും, വനവല്‍ക്കരണത്തിനായി ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് ഗുജറാത്താണ് (52 കോടി). തൊട്ടുപിന്നാലെ ഉത്തരാഖണ്ഡും (48.2 കോടി) ഹരിയാനയും (45 കോടി).

    അതേസമയം ഈ മാസം ആദ്യം പുറത്തിറക്കിയ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടുവിജ്ഞാപനത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നിയന്ത്രണച്ചട്ടങ്ങളുടെ വിവരങ്ങളും ചേര്‍ത്തിരുന്നു. അതുപ്രകാരം 5000 ചതുരശ്രമീറ്ററിന് മുകളില്‍ വിസ്തീര്‍ണമുള്ള ഭവനസമുച്ചയങ്ങളോ വാണിജ്യ കെട്ടിടങ്ങളോ നിര്‍മിക്കുമ്പോള്‍ നിര്‍മാണപരിധിയുടെ 10 ശതമാനം പ്രദേശത്തെങ്കിലും മരങ്ങള്‍ നടണമെന്ന് നിര്‍ദേശിക്കുന്നു.

    കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയോ പുതുക്കിപ്പണിയലോ നടത്തുമ്പോഴും ഇത് ബാധകമായിരിക്കും. അയ്യായിരം ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഓരോ 80 ചതുരശ്രമീറ്റര്‍ ഭൂമിയിലും ഒരു മരമെങ്കിലും നട്ടിരിക്കണം. അതായത് മൊത്തം പ്ലോട്ടിന്റെ പത്തുശതമാനമെങ്കിലും മരങ്ങളുണ്ടെന്ന് ഉറപ്പാക്കണം. നിര്‍മാണഭൂമിയില്‍ നിലവിലുള്ള മരങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്താം. കരട് വിജ്ഞാപനത്തെക്കുറിച്ച് 60 ദിവസത്തിനുള്ളില്‍ അഭിപ്രായം അറിയിക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്.
    Published by:Sarath Mohanan
    First published: