മനോജ് ഗുപ്ത
കശ്മീരിൽ ലഷ്കർ ഇ തൊയ്ബ, ജയ്ഷെ മുഹമ്മദ്, അൽ ബദർ, ദ റസിസ്റ്റന്റ് ഫ്രണ്ട് തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് താഴേത്തട്ടിൽ സഹായം നൽകുന്ന 900ൽ അധികം പേർ പിടിയിലായി. ജമ്മു കശ്മീർ പൊലീസാണ് ഇവരെ പിടികൂടിയതെന്ന് ഉന്നത വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ്18നോട് പറഞ്ഞു. ഭീകരർക്ക് ആയുധങ്ങളും മറ്റ് ഉപകരണങ്ങളും എത്തിച്ചുനൽകുന്ന ഗ്രൗണ്ട് വർക്കേഴ്സാണ് പിടിടിയിലായത്. കശ്മീരിലെ ന്യൂനപക്ഷങ്ങൾക്ക് നേരെ തുടർച്ചയായി ആക്രമണമുണ്ടായ സാഹചര്യത്തിലാണ് നടപടി. കശ്മീർ താഴ്വരയിലെ ഏറ്റവും വലിയ പൊലീസ് നടപടിയാണിതെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.
പിടിയിലായവരെല്ലാം വിവിധ അന്വേഷണ ഏജൻസികളുടെ സംയുക്ത ചോദ്യം ചെയ്യലിലാണെന്നും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾക്ക് പിന്നിലെ പ്രവർത്തന മാതൃക മനസ്സിലാക്കാനാണ് ശ്രമിക്കുന്നതെന്നും വൃത്തങ്ങൾ അറിയിച്ചു. പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ അനുബന്ധ സംഘടനയായ ടിആർഎഫ് അടുത്തിടെ ഇത്തരം കൂട്ടക്കൊലകൾ നടത്തുന്ന പ്രധാന ഭീകര സംഘടനയായി മാറിയെന്ന് താഴ്വരയിൽ നിന്നുള്ള ചിലർ നേരത്തെ സിഎൻഎൻ-ന്യൂസ് 18നോട് വെളിപ്പെടുത്തിയിരുന്നു.
പ്രമുഖ കശ്മീരി പണ്ഡിറ്റ് വ്യവസായി മഖൻ ലാൽ ബിന്ദ്രൂവിന്റെയും മറ്റ് രണ്ട് സാധാരണക്കാരുടെയും മരണത്തിന്റെ ഉത്തരവാദിത്തം ടിആർഎഫ് ഏറ്റെടുത്തിരുന്നു. ബിന്ദ്രൂ മെഡിക്കേറ്റിന്റെ ഉടമയായ ബിന്ദ്രൂ (68) വിനെ ഈ ആഴ്ച ആദ്യം ഫാർമസിയിൽ വെച്ച് അക്രമിസംഘം വെടിവെച്ചുകൊല്ലുകയായിരുന്നു. ബിന്ദ്രൂവിനെ കൊലപ്പെടുത്തി ഏതാനും മിനിറ്റുകൾക്ക് ശേഷം, ബിഹാറിലെ ഭഗൽപൂർ സ്വദേശിയായ വീരേന്ദ്ര പാസ്വാൻ എന്ന റോഡരികിലെ കച്ചവടക്കാരനെ തീവ്രവാദികൾ വെടിവെച്ചു കൊന്നു. ഏതാണ്ട് ഒരേ സമയം, വടക്കൻ കശ്മീരിലെ ബന്ദിപോറ ജില്ലയിലെ നായിദ്ഖായിൽ പ്രാദേശിക ടാക്സി സ്റ്റാൻഡ് പ്രസിഡന്റ് മുഹമ്മദ് ഷാഫി ലോണിനെ തീവ്രവാദികൾ വെടിവെച്ചു കൊന്നു.
സെപ്റ്റംബർ 30 ന്, ശ്രീനഗറിലെ ഒരു സർക്കാർ സ്കൂളിലെ രണ്ട് അധ്യാപകരെ തീവ്രവാദികൾ വെടിവെച്ചു കൊന്നിരുന്നു. പ്രദേശത്തെ ന്യൂനപക്ഷമായ സിഖ്, ഹിന്ദു വിഭാഗത്തിൽപെടുന്നവരായിരുന്നു ഇവർ. ബുദ്ഗാം നിവാസിയായ സുപിന്ദർ കൗർ (46), ജമ്മുവിലെ ജാനിപൂർ സ്വദേശി ദീപക് ചന്ദ് (39) എന്നിവരാണ് കൊല്ലപ്പെട്ടത്.. സംഭവം നടക്കുമ്പോൾ അവർ രണ്ടുപേരും ശ്രീനഗറിലെ ഈദ്ഗാഹിലെ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ സംഘം ക്യാമ്പസിന് അകത്തായിരുന്നു.
സെപ്റ്റംബർ അവസാനത്തിൽ തന്നെ ഏഴ് സാധാരണക്കാരാണ് കശ്മീരിൽ കൊല്ലപ്പെട്ടത്. അവരിൽ മൂന്ന് പേർ ഹിന്ദു, സിഖ് സമുദായങ്ങളിൽ നിന്നുള്ളവരാണ്. "അക്രമ രീതികളിൽ വലിയൊരു മാറ്റം നമുക്ക് കാണാൻ കഴിയും. മുസ്ലീങ്ങളല്ലാത്തവരും ന്യൂനപക്ഷങ്ങളും അംഗീകരിക്കപ്പെടില്ലെന്ന മോശമായ സന്ദേശം നൽകാൻ അവർ ആഗ്രഹിക്കുന്നു. ഈ ഭീകര ഗ്രൂപ്പുകൾക്ക് പുതിയ താമസ നിയമത്തിലും പുതിയ തെരഞ്ഞെടുപ്പ് പ്രക്രിയയിലും അമർഷമുണ്ട്. സമൂഹത്തിനും കശ്മീരിനും വേണ്ടി പ്രവർത്തിക്കുന്നവരെയാണ് അവർ ലക്ഷ്യമിടുന്നത് ”- താഴ്വരയിൽ നിന്നുള്ള ഒരു ഉന്നതൻ ന്യൂസ് 18 നോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jaish-e-Mohammad, Jammu Kashmir, Lashkar-e-Taiba, Religious minorities