നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മഹാരാഷ്ട്രയില്‍ ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ന്നു; വെന്റിലേറ്ററില്‍ കിടന്ന 22 രോഗികള്‍ ഓക്സിജൻ കിട്ടാതെ മരിച്ചു

  മഹാരാഷ്ട്രയില്‍ ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ന്നു; വെന്റിലേറ്ററില്‍ കിടന്ന 22 രോഗികള്‍ ഓക്സിജൻ കിട്ടാതെ മരിച്ചു

  ടാങ്കർ ചോർച്ച മൂലം ആശുപത്രിയിലെ ഓക്സിജൻ വിതരണം അരമണിക്കൂറോളം നിലച്ചു

  Screengrab

  Screengrab

  • Share this:
   മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്കർ ചോർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ 22 രോഗികൾ മരിച്ചു. നാസിക്കിലെ സാക്കിർ ഹുസൈൻ ആശുപത്രിയിലാണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയത്ത് 171 ഓളം രോഗികൾ ആശുപത്രിയിലുണ്ടായിരുന്നതായാണ് വിവരം.

   ടാങ്കർ ചോർച്ച മൂലം ആശുപത്രിയിലെ ഓക്സിജൻ വിതരണം അരമണിക്കൂറോളം നിലച്ചിരുന്നതായി നാസിക് മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ കൈലാഷ് ജാദവ് അറിയിച്ചു. ചോര്‍ച്ചയെ തുടര്‍ന്ന് നിരവധി രോഗികള്‍ക്ക് ഓക്‌സിജന്‍ കിട്ടാതായതാണ് മരണകാരണം. വെന്റിലേറ്ററില്‍ കിടന്ന 22 രോഗികളാണ് മരിച്ചത്.

   ഓക്സിജൻ കിട്ടാതായതോടെ രോഗികൾ മരണവെപ്രാളത്തിലായി. സ്വകാര്യ കമ്പനി നൽകുന്ന ഓക്സിജൻ ടാങ്കിലാണ് ചോർച്ചയുണ്ടായത്. ടാങ്കിന്റെ അറ്റകുറ്റപ്പണി നടക്കുകയാണെന്ന് നാസിക് കളക്ടർ സൂരജ് മന്ദാരെ അറിയിച്ചു. ചോർച്ച നിയന്ത്രണവിധേയമാക്കിയതായി മഹാരാഷ്ട്ര മന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായും മന്ത്രി അറിയിച്ചു.


   അതേസമയം, ചോർച്ചയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ് രംഗത്തു വന്നു. നേരത്തേ പതിനൊന്ന് രോഗികൾ മരിച്ചെന്നായിരുന്നു പുറത്തു വന്ന വാർത്തകൾ. പുതിയ വിവരമനുസരിച്ചാണ് വെന്റിലേറ്ററില് കഴിഞ്ഞിരുന്ന 22 രോഗികള്‍ മരിച്ചതായി സ്ഥിരീകരിച്ചത്.


   മരിച്ചവരിൽ കോവിഡ് രോഗികളുമുണ്ടെന്നാണ് വിവരം. നാസിക്ക് മുന്‍സിപ്പല്‍ കോര്‍പറേഷന്റെ കീഴിലാണ് ആശുപത്രി. സംഭവത്തെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിക്ക് പുറത്തുള്ള കൂറ്റന്‍ ഓക്‌സിജന്‍ ടാങ്കിലെ ചോർച്ച കാരണം പരിസരം പുക മൂടിയ നിലയിലായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

   You may also like:Covid 19 | ഡല്‍ഹിയില്‍ ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമാകുന്നു; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

   കോവിഡ് വ്യാപനത്തിനിടെ രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നതിനിടെയാണ് ഓക്സിജൻ ടാങ്കർ ചോർച്ചയുമുണ്ടായിരിക്കുന്നത്. ഡൽഹിയിൽ ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമാകുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ പറഞ്ഞിരുന്നു. മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

   വര്‍ദ്ധിച്ചു വരുന്ന കോവിഡ് കേസുകളുടെയും ഓക്സിജന്റെ ലഭ്യത കുറവും കണക്കിലെടുത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തതായി മഹരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 'ബുധനാഴ്ച രാത്രി എട്ടിന് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. എല്ലാ മന്ത്രിമാരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്'അദ്ദേഹം പറഞ്ഞു.

   ബുധനാഴ്ച രാത്രി ലോക്ഡൗണ്‍ സംബന്ധിച്ച കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്ന് ടോപ്പെ അറിയിച്ചു. 'മെഡിക്കല്‍ ഓക്സിജന്റെ ലഭ്യതകുറവ് കണക്കിലെടുത്ത് മഹാരാഷ്ട്ര പൂര്‍ണമായി അടച്ചിടലിലേക്ക് നീങ്ങുകയാണ്. ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും'മന്ത്രി അസ്ലം ഷെയ്ഖ് പറഞ്ഞു.
   Published by:Naseeba TC
   First published:
   )}