ഇന്റർഫേസ് /വാർത്ത /India / പഞ്ചാബിൽ നിന്ന് വൈക്കോൽ കാലിത്തീറ്റയായി കേരളത്തിലേക്ക് എത്തും; വരുന്നത് കിസാൻ റെയിൽ പദ്ധതി വഴി

പഞ്ചാബിൽ നിന്ന് വൈക്കോൽ കാലിത്തീറ്റയായി കേരളത്തിലേക്ക് എത്തും; വരുന്നത് കിസാൻ റെയിൽ പദ്ധതി വഴി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

പാൽ ഉൽപാദനത്തിന്റെ കാര്യത്തിൽ കേരളം പഞ്ചാബിന് തൊട്ടുപിന്നിലാണ്

  • Share this:

പഞ്ചാബിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ (paddy straw) എത്തിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. കാലിത്തീറ്റ ക്ഷാമവും വിലവർദ്ധനയും രൂക്ഷമായതിനാൽ, കേരളത്തിലെ ക്ഷീര കർഷകർക്ക് ഇത് ആശ്വാസമാകും എന്നാണ് പ്രതീക്ഷ. പുതിയ സംരംഭം ഇരു സംസ്ഥാനങ്ങളുടെയും കാർഷിക മേഖലയ്‌ക്ക് ഗുണം ചെയ്യുമെന്ന് പഞ്ചാബ് മൃഗസംരക്ഷണ മന്ത്രി ലാൽജിത് സിംഗ് ഭുള്ളർ പറഞ്ഞു.

സംസ്ഥാനത്തെ കർഷകർക്ക് ആവശ്യമായ വൈക്കോലിനെക്കുറിച്ചുള്ള കൃത്യമായ കണക്ക് കേരളം ഇതുവരെ തയ്യാറാക്കിയിട്ടില്ല. കിസാൻ റെയിൽ പദ്ധതിക്കു കീഴിൽ വൈക്കോൽ കേരളത്തിൽ എത്തിക്കാനാണ് തീരുമാനം. ഉൽപാദന കേന്ദ്രങ്ങളെ വിൽപന കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് കാർഷിക മേഖലയുടെ വരുമാനം വർധിപ്പിക്കാനാണ് കേന്ദ്രസർക്കാർ കിസാൻ റെയിൽ പദ്ധതി ആവിഷ്കരിച്ചത്.

കിസാൻ റെയിൽ ട്രെയിൻ വഴി പഞ്ചാബിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ എത്തിക്കുന്നതു വഴി നിരവധി ക്ഷീരകർഷകർക്ക് പ്രയോജനം ലഭിക്കുമെന്ന് കേരള മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പഞ്ചാബിലെ കർഷകർ നെല്ലിൽ നിന്നുള്ള വൈക്കോലിനെക്കാൾ ​ഗോതമ്പിന്റെ വൈക്കോലാണ് കന്നുകാലികൾക്ക് കൂടുതലായി നൽകുന്നത്.

പാൽ ഉൽപാദനത്തിന്റെ കാര്യത്തിൽ കേരളം പഞ്ചാബിന് തൊട്ടുപിന്നിലാണ്. എന്നാൽ കാലിത്തീറ്റയുടെ വിലവർദ്ധന കേരളത്തിലെ ക്ഷീരകർഷകരെ പ്രതികൂലമായി ബാധിച്ചു. കേരളം ഒരു തീരദേശ സംസ്ഥാനമായതിനാൽ തന്നെ കന്നുകാലികൾക്ക് തീറ്റയായി ഉപയോഗിക്കാവുന്ന തരത്തിലുള്ള മതിയായ വിളകൾ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നില്ല.

കേരള സർക്കാരുമായി ഒപ്പുവെക്കേണ്ട ധാരണാപത്രത്തിന്റെ രൂപരേഖ തയ്യാറാക്കാൻ പഞ്ചാബ് സർക്കാർ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വൈക്കോലടക്കമുള്ള മാലിന്യങ്ങള്‍ കത്തിക്കുന്നത് പഞ്ചാബില്‍ മലിനീകരണ പ്രശ്നം രൂക്ഷമാക്കിയിരിക്കുകയാണ്. ഇതുമൂലം ഡൽഹിയിലടക്കം ഗുരുതര വായു മലിനീകരണം ഉണ്ടാകുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

കൊറോണ വൈറസ് മഹാമാരിയും തുടര്‍ന്നുള്ള ലോക്ക്‌ഡൗണും മൂലം കേരളത്തിലെ ക്ഷീരകർഷകർ കൂടുതൽ പ്രതിസന്ധിയിലായിരുന്നു. വിറ്റഴിക്കാനാകാത്ത പാൽ പല ക്ഷീരകർകരും ഒഴുക്കിക്കളഞ്ഞ വാർത്തയും പുറത്തു വന്നിരുന്നു.

കന്നുകാലികള്‍ക്കും ഉടമകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തുന്ന 'ഗോ സമൃദ്ധി പ്ലസ്'പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചിരുന്നു. സര്‍ക്കാര്‍ സബ്‌സിഡിയോടെ കുറഞ്ഞ പ്രീമിയം നിരക്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നതാണ് പദ്ധതി. ഒരു വര്‍ഷം, മൂന്ന് വര്‍ഷം എന്നീ കാലയളവുകളുള്ള പദ്ധതിയില്‍, അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ വരെ കര്‍ഷകനും രണ്ട് ലക്ഷം രൂപ വരെ ലഭിക്കും.ഒരു വര്‍ഷത്തേക്ക് 42 രൂപയും മൂന്ന് വര്‍ഷത്തേക്ക് 114 രൂപയും മാത്രമാണ് ഇതിനായി അടയ്‌ക്കേണ്ടി വരിക. മൃഗസംരക്ഷണ വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നടപ്പിലാക്കുന്ന പദ്ധതിയില്‍ നഷ്ടപരിഹാര തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കാകും എത്തുക. സംസ്ഥാന സര്‍ക്കാര്‍ അഞ്ച് കോടി രൂപ വകയിരുത്തിയിരിക്കുന്ന പദ്ധതിയില്‍ ക്ഷീര കര്‍ഷകരെ പൂര്‍ണ്ണമായും ജിയോ മാപ്പിംഗ് ചെയ്യുന്നു എന്ന പ്രത്യേകതയും ഉണ്ട്.

Summary: Paddy straw from Punjab make way to Kerala to feed cattle

First published:

Tags: Cattle, Kerala, Punjab