മാമ്പഴമെന്ന് കേട്ടാൽ അങ്കണത്തൈമാവും അതിലെ ആദ്യത്തെ മാമ്പഴവുമെല്ലാം തന്നെ നമ്മുടെ മനസിലേക്ക് ഓടിവരുന്ന ഗൃഹാതുരസ്മരണകളാണ്. എന്നാൽ, മാമ്പഴം കഴിക്കുന്ന കാര്യത്തിൽ പ്രമേഹ രോഗികളുടെ കാര്യമാണ് കഷ്ടം. കാരണം പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉള്ളതിനാൽ സ്വാദിഷ്ടമായ മാമ്പഴം കഴിക്കുന്നത് പ്രമേഹരോഗികൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. ഇവിടെയാണ് പ്രമേഹ രോഗികൾക്ക് ആശ്വാസവുമായി പാകിസ്ഥാനിലെ ഒരു കർഷകൻ രംഗത്ത് എത്തുന്നത്. അദ്ദേഹം തയ്യാറാക്കുന്ന മാമ്പഴത്തില്‍ പഞ്ചസാരയുടെ അളവ് വളരെ കുറവാണെന്നതാണ് സവിശേഷമായ കാര്യം.
പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നതും ഏവര്‍ക്കും ഏറ്റവും പ്രിയപ്പെട്ടതുമായ മാമ്പഴത്തിന്റെ സീസൺ എത്തിക്കഴിഞ്ഞു. മിൽക്ക് ഷെയ്ക്കുകൾ മുതൽ ഐസ്ക്രീമുകൾ വരെയുള്ള എല്ലാ വിഭവങ്ങളുടെയും പാചക കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നു. മാമ്പഴ ഉൽപ്പന്നങ്ങള്‍ കൊതിയൂറും ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ഓണ്‍ലൈനില്‍ ഇതിനോടകം തന്നെ തങ്ങളുടെ സാന്നിധ്യം സജീവമാക്കിയിട്ടുണ്ട്. മാമ്പഴം വ്യാപകമായി ഉപയോഗിക്കുമ്പോഴും പഞ്ചസാരയുടെ അളവ് കൂടുതലുള്ളതിനാൽ പ്രമേഹമുള്ളവർ അവ കഴിക്കുന്നത് ആശങ്കാജനകമാണ്.
അതേസമയം, പ്രമേഹരോഗികൾക്ക് വലിയ ആശ്വാസമായി, നാലു മുതൽ ആറു ശതമാനം വരെ പഞ്ചസാരയില്ലാത്ത മൂന്നുതരം പഞ്ചസാരരഹിത മാമ്പഴങ്ങളുമായി ഒരു പാകിസ്ഥാനി വിദഗ്ദ്ധൻ രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം തയ്യാറാക്കിയ സോനാരോ, ഗ്ലെൻ, കീറ്റ് എന്നീ പേരുകളിൽ മൂന്നുതരം പഞ്ചസാരരഹിത മാമ്പഴങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. സിന്ധിലെ ടാൻഡോ അലഹയാറിലെ 'എം എച്ച് പൻവാർ ഫാംസ്' എന്ന സ്വകാര്യ കാർഷിക ഫാമിലെ മാമ്പഴ വിദഗ്ദ്ധന്റെ ശാസ്ത്രീയ പരിചരണത്തിന് ശേഷമാണ് അവ പാകിസ്ഥാനിലെ വിപണികളിൽ അവതരിപ്പിച്ചത്.
കേരളം വെള്ളരിക്കപട്ടണം ആയി മാറി; ആരെന്തു ചെയ്താലും ഇവിടെ ന്യായീകരണ ക്യാപ്സ്യൂൾ വരും: വിഡി സതീശൻ
'മാമ്പഴവും വാഴപ്പഴവും ഉൾപ്പെടെയുള്ള പഴങ്ങളുമായി ബന്ധപ്പെട്ട ഗവേഷണത്തിനായി പാകിസ്ഥാൻ സർക്കാർ പൻവാറിനു സിതാര - ഇ - ഇംതിയാസ് ബഹുമതി നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം, ഞാൻ അദ്ദേഹത്തിന്റെ ജോലി തുടരുന്നു. പാകിസ്ഥാനിലെ അന്തരീക്ഷത്തിലും മണ്ണിലുമുള്ള വളർച്ച പരിശോധിക്കുന്നതിനായി വിവിധതരം മാമ്പഴങ്ങൾ വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതിനു ശേഷം ഞങ്ങള്‍ അതില്‍ ശാസ്ത്രീയ പരിചരണം നടത്തിയാണ് പഞ്ചസാരയുടെ അളവ് കുറച്ചത്.' - എം എച്ച് പൻവാറിന്റെ അനന്തരവനും ഒരു മാമ്പഴ വിദഗ്ദ്ധനുമായ ഗുലാം സർവാർ എ ആര്‍ വൈ ന്യൂസിനോട് പറഞ്ഞു.
സിന്ധ്രി, ചൗൺസ തുടങ്ങിയ ഇനങ്ങളിൽ 12 മുതൽ 15 ശതമാനം വരെ പഞ്ചസാര ഉണ്ടെങ്കിലും തന്റെ കൃഷിയിടത്തിലെ ചില ഇനങ്ങൾക്ക് 4 - 5 ശതമാനം പഞ്ചസാരയുടെ അളവ് മാത്രമേയുള്ളൂവെന്ന് അദ്ദേഹം അവകാശപ്പെടുന്നു. കീറ്റ് ഇനങ്ങളിൽ ഏറ്റവും കുറഞ്ഞ പഞ്ചസാരയുടെ അളവ് 4.7 ശതമാനമാണെന്നും സോനാരോ, ഗ്ലെൻ എന്നിവയ്ക്ക് പഞ്ചസാരയുടെ അളവ് യഥാക്രമം 5.6 ശതമാനവും ആറു ശതമാനവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താൻ മാർക്കറ്റുകളിൽ മാമ്പഴം നിലവിൽ കിലോഗ്രാമിന് 150 രൂപ നിരക്കിലാണ് ലഭിക്കുന്നത്. മാമ്പഴത്തിന്റെ വില സാധാരണക്കാരായ ആളുകൾക്ക് താങ്ങാനാവുന്ന നിരക്കിലാണ് എം എച്ച് പൻവാർ ഫാംസ് നല്‍കുന്നത്.
സർക്കാരിന്റെ സഹായമില്ലാതെ വ്യക്തിഗത അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും 300 ഏക്കർ സ്ഥലത്ത് നൂതന, മധ്യ, ആദ്യകാല ഇനങ്ങൾ ഉൾപ്പെടെ 44 തരത്തിലുള്ള മാമ്പഴ ഇനങ്ങൾ ലഭ്യമാണെന്നും അദ്ദേഹം പറയുന്നു.
മാമ്പത്തിന്റെ ഷെൽഫ് ആയുസ്സ് വർദ്ധിപ്പിക്കുന്നതിനും പ്രമേഹരോഗികൾക്കായി അതിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പുതിയ ഇനങ്ങൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്ന് ഗുലാം സർവാർ പറയുന്നു. ഉൽപാദനം മെച്ചപ്പെടുത്തുന്നതിനും പുതിയ സാങ്കേതിക വിദ്യകൾ കണ്ടെത്തുന്നതിനും തങ്ങള്‍ കൂടുതൽ ഊന്നൽ കൊടുക്കുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aam aadmi Party, Mango