ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന ബലാക്കോട്ടിലെ ജെയ്ഷ് ഇ മുഹമ്മദ് ഭീകര ക്യാമ്പുകൾ തകർത്തതിന് തെളിവ് ചോദിക്കുന്ന പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
നരേന്ദ്രമോദി. പാകിസ്ഥാൻ തന്നെ ഇന്ത്യയുടെ വ്യോമാക്രമണത്തിന് തെളിവ് നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂസ് 18 നെറ്റ് വർക്ക് ഗ്രൂപ്പ് എഡിറ്റർ എൻ ചീഫ് രാഹുൽ
ജോഷിയുമായുള്ള എക്സ്ക്ല്യൂസീവ് അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
'നമ്മൾ മൗനം പാലിച്ചപ്പോഴും എന്തുകൊണ്ടാണ് അവർ അഞ്ചുമണിക്ക് ഉണർന്ന് ട്വീറ്റ് ചെയ്തത്? പാകിസ്ഥാൻ തന്നെ തെളിവ് നൽകിയിരിക്കുന്നു. പാകിസ്ഥാനെ ആക്രമിച്ചുവെന്ന
അവകാശവാദം ആദ്യം ഉന്നയിച്ചത് ഇന്ത്യയല്ല'- പ്രധാനമന്ത്രി പറഞ്ഞു. തെളിവുവേണമെന്ന ആവശ്യങ്ങളെ തള്ളിക്കളഞ്ഞ പ്രധാനമന്ത്രി, ഇത്തരം ഭാഷകൾ ശത്രുവിനെ
പ്രോത്സാഹിക്കുന്നതും രാജ്യത്തെ തന്നെ ആശയക്കുഴപ്പിലാക്കുന്നതും സൈനികരുടെ മനോവീര്യത്തെ തകർക്കുന്നതുമാണെന്നും പറഞ്ഞു.
പ്രതിപക്ഷത്ത് നിന്നും നിരവധി നേതാക്കളാണ് ബലാക്കാട്ട് ആക്രമണത്തിൽ ഭീകര ക്യാമ്പുകൾ തകർന്നതിന് തെളിവ് ചോദിച്ചത്. ആക്രമണത്തിലെ നാശനഷ്ടങ്ങളെ സംബന്ധിച്ചും
കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് സംബനധിച്ചും ഇവർ തെളിവ് ആവശ്യപ്പെട്ടിരുന്നു. ബിജെപി അധ്യക്ഷൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ മരണ സംഖ്യയെ പറ്റിയും നാശനഷ്ടങ്ങളെ
പറ്റിയും വ്യത്യസ്തമായ കണക്കുകൾ പുറത്തുവിട്ട സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാക്കൾ ഇത്തരം ആവശ്യം ഉയർത്തിയത്. ഇതുപോലുള്ള സമയത്ത് എല്ലാവരും സൈനികരുടെ
മനോവീര്യം ഉയർത്തുന്നവിധത്തിൽ ഏകസ്വരത്തിലാണ് സംസാരിക്കേണ്ടതെന്നായിരുന്നു ഇതിനോട് പ്രധാനമന്ത്രി പ്രതികരിച്ചത്.
'മുൻപും പലതവണ യുദ്ധമുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ആരെങ്കിലും ഇത്തരത്തിലുള്ള ഭാഷ ഉപയോഗിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല' - അധികാരത്തോടുള്ള കോൺഗ്രസിന്റെ
ആർത്തിയാണ് ഇത്തരം പരാമർശങ്ങളിലൂടെ പുറത്തുവരുന്നതെന്നും മോദി പറഞ്ഞു. 'ഇന്ത്യയിലുള്ള ആരും പാകിസ്ഥാനെയോ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയോ
വിശ്വസിക്കില്ല. പക്ഷെ നിർഭാഗ്യകരമെന്ന് പറയട്ടെ ഇവിടത്തെ പ്രതിപക്ഷം സംസാരിക്കുന്നത് പാകിസ്ഥാന്റെ അതേ ഭാഷയിലാണ്. ഇത് ആശങ്കക്ക് ഇടനൽകുന്നതാണ്. ഇന്ത്യയിൽ
ആറുമാസം കൂടുമ്പോൾ തെരഞ്ഞെടുപ്പുകൾ നടക്കാറുണ്ട്. അതുകൊണ്ടുതന്നെ ബലാക്കോട്ട് ആക്രമണത്തെ തെരഞ്ഞെടുപ്പുമായി ബന്ധിക്കുന്നത് തെറ്റാണ്' - മോദി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ യുദ്ധനീക്കമെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു. വ്യോമാക്രമണത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ പ്രതിപക്ഷവും വിമർശനം
ഉന്നയിച്ചിരുന്നു. രാഷ്ട്രീയ നേട്ടത്തിനാലി ബിജെപി ബലാക്കോട്ട് ആക്രമണത്തെ ഉപയോഗിക്കുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവന് മനീഷ് തിവാരി പറഞ്ഞിരുന്നു.
(അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് രാത്രി ഏഴിനും പത്തിനും സിഎൻഎൻ- ന്യൂസ് 18, ന്യൂസ് 18 ഇന്ത്യ, സിൻബിസി ടിവി18, ന്യൂസ് 18 കേരളം ഉൾപ്പെടെയുള്ള ചാനലുകളിൽ കാണാം)ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.