ഇന്ത്യ-പാക്കിസ്ഥാൻ വിഭജന കാലത്ത് (Partition) വേർപെട്ട സഹോദരനെ തേടി പാക്കിസ്ഥാൻ സ്വദേശിയായ വയോധിക. മാധ്യമപ്രവർത്തകയായ ലോറൻ ഫ്രെയർ ആണ് ഇവരെക്കുറിച്ചുള്ള വാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഷരീഫ ബീവി (Sharifa Bibi) എന്ന സ്ത്രീയാണ് ഇന്ത്യയിലുള്ള സഹോദരനായി തിരച്ചിൽ നടത്തുന്നത്. 1947 ലെ വിഭജന സമയത്ത് സഹോദരന് 7 വയസു മാത്രം ആയിരുന്നു പ്രായം എന്ന് ഷരീഫ ബീവി പറയുന്നു.
ഡൽഹിയിലെ ഒരു സമ്പന്ന ഹൈന്ദവ കുടുംബം ഷരീഫാ ബീവിയുടെ സഹോദരനെ ദത്തെടുത്തെന്നാണ് വിവരം. 1990 കളിൽ ഒരിക്കൽ യഥാർഥ കുടുംബത്തെ അന്വേഷിക്കാൻ ഇദ്ദേഹം പാകിസ്ഥാനിലേക്ക് പോയിരുന്നു. പക്ഷേ, കുടുംബാംഗങ്ങൾ തമ്മിൽ കണ്ടുമുട്ടാനായില്ല. അപ്പോൾ മുതൽ ഷരീഫ ബീവിയും തന്റെ സഹോദരനു വേണ്ടി തിരച്ചിൽ ആരംഭിച്ചിരുന്നു.
''ഇത് പാകിസ്ഥാനിലെ ബുരെവാലയിലുള്ള ഷരീഫ ബീവിയാണ്. 1947-ൽ, വിഭജനകാലത്ത് ഷരീഫാ ബിവിക്ക് സഹോദരൻ മുഹമ്മദ് തുഫൈലിനെ നഷ്ടപ്പെട്ടു. അന്ന് അദ്ദേഹത്തിന് 7 വയസായിരുന്നു പ്രായം. ഒരു റെയിൽവേ സ്റ്റേഷനിൽ അവൻ ഉറങ്ങുന്നത് കണ്ടെത്തിയിരുന്നു. പിന്നീട് ഇന്ത്യയിലെ ഒരു കുടുംബം ദത്തെടുത്തു. 75 വർഷങ്ങൾക്ക് ശേഷം അവനെ കണ്ടെത്താൻ ശ്രമങ്ങൾ നടന്നുവരികയാണ്. സഹായിക്കാമോ'', എന്ന അഭ്യർഥനയോടെയാണ് ലോറൻ ഫ്രെയർ ഷരീഫ ബീവിയുടെ വീഡിയോ പോസ്റ്റ് ചെയ്തത്.
This is Sharifa Bibi in Burewala, Pakistan. In 1947, she lost her brother Mohammed Tufail in the turmoil of Partition. He was 7. He was spotted sleeping at a rail station & eventually adopted by a family in India. 75 years later, @NPR is trying to find him. Can u help? 1/ pic.twitter.com/COlEUU2Utk
''മുഹമ്മദിന്റെ ദത്തുകുടുംബം അവന്റെ പേര് അർജുൻ എന്നോ രഞ്ജിത് എന്നോ മറ്റോ മാറ്റിയിരിക്കാം. അവരുടെ കുടുംബപ്പേര് സിംഗ് എന്നായിരിക്കാം. ഇന്ദിരാഗാന്ധിയുടെ വീടിനടുത്തുള്ള ബംഗ്ലാവിലാണ് ഇവർ താമസിച്ചിരുന്നത്. അവന് കുതിരകളെ ഇഷ്ടമായിരുന്നു. അദ്ദേഹം വളർന്ന് ഡൽഹി റേസ് ക്ലബ്ബിൽ മൃഗഡോക്ടറായി. ഉച്ചയ്ക്ക് 2 മണിക്കാണ് ജോലിയിൽ നിന്ന് ഇറങ്ങിയിരുന്നത്. പിന്നീട് ചാന്ദ്നി ചൗക്കിലായിരുന്നു അദ്ദേഹത്തിന്റെ താമസം. പെഹ്ലെവാൻ എന്നൊരു ധാബ അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. അവിടുത്തെ സ്ഥിരം ആളായിരുന്നു അവൻ.
1990-കളുടെ തുടക്കത്തിൽ, മുഹമ്മദ്/അർജുൻ തന്റെ സഹോദരിമാരെ കണ്ടെത്താൻ പാകിസ്ഥാനിലേക്ക് എത്തിയിരുന്നു. പക്ഷേ, അവർക്ക് പരസ്പരം കണ്ടെത്താനായില്ല. പാകിസ്ഥാനിൽ എത്തിയപ്പോൾ അവൻ ക്ലീൻ ഷേവ് ആയിരുന്നു. അവൻ ഒരു സൽവാർ കമീസ് ധരിച്ചിരുന്നു, അവന്റെ തലയുടെ വശത്ത് ഒരു പ്രത്യേക അടയാളം ഉണ്ടായിരുന്നു. പഞ്ചാബി പട്ടണമായ കസൂരിലെ ഒരു കള്ളക്കടത്തുകാരന്റെ സഹായത്തോടെ താൻ ഇന്ത്യയിൽ നിന്ന് അതിർത്തി കടന്ന് ഒളിച്ചോടിയതാണെന്ന് അദ്ദേഹം നാട്ടുകാരോട് പറഞ്ഞിരുന്നു'', തുടർന്നുള്ള പോസ്റ്റുകളിൽ ലോറൻ ഫ്രെയർ കുറിച്ചു.
മുസ്ലീം കുടുംബം സംരക്ഷിച്ച സഹോദരിയെ കാണാൻ സിഖ് സഹോദരങ്ങൾ പാക്കിസ്ഥാനിലെത്തിയ സംഭവം അടുത്തിടെ വാർത്തകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 75 കാരിയായ മുംതാസിനാണ് ഒട്ടും നിനച്ചിരിക്കാതെ തന്റെ സഹോദരങ്ങളെ കാണാനുള്ള ഭാഗ്യം ലഭിച്ചത്. വിഭജനകാലത്താണ് (Partition) മുംതാസ് പിതാവ് പാല സിങ്ങിൽ (Pala Singh) നിന്നും വേർപെട്ടത്. ഒരു മുസ്ലീം കുടുംബത്തിന്റെ സംരക്ഷണത്തിലാണ് പിന്നീട് വളർന്നത്. സോഷ്യൽ മീഡിയ വഴിയാണ് പാലയുടെ മൂന്ന് ആൺമക്കളായ ഗുർമുഖ് സിംഗ്, ബൽദേവ് സിംഗ്, രഘ്ബീർ സിംഗ് എന്നിവർ തങ്ങളുടെ അർധസഹോദരിയെക്കുറിച്ച് അറിഞ്ഞത്. തുടർന്ന് മൂവരും കർതാപൂരിലെ ഒരു കടയുടമയുമായി ബന്ധപ്പെട്ടു. കടയുടമ മുംതാസിനെ വിവരം അറിയിച്ചു. ഒടുവിൽ എല്ലാവരും കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബിൽ വെച്ച് കണ്ടുമുട്ടുകയായിരുന്നു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.