HOME » NEWS » India » PANDIT JAWAHARLAL NEHRU DEATH ANNIVERSARY SOME LESSER KNOWN FACTS ABOUT INDIA S FIRST PM GH

Jawaharlal Nehru Death Anniversary | ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെക്കുറിച്ച് അറിയപ്പെടാത്ത 10 കാര്യങ്ങൾ

നാല് തവണയാണ് നെഹ്‌റുവിന് നേരെ കൊലപാതക ശ്രമങ്ങൾ നടന്നിട്ടുള്ളത്. ആദ്യത്തെ ശ്രമം ഇന്ത്യയുടെ വിഭജന സമയത്തായിരുന്നു.

News18 Malayalam | news18-malayalam
Updated: May 27, 2021, 12:39 PM IST
Jawaharlal Nehru Death Anniversary | ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെക്കുറിച്ച് അറിയപ്പെടാത്ത 10 കാര്യങ്ങൾ
Jawaharlal Nehru
  • Share this:
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർ ലാൽ നെഹ്‌റു ഒരു എഴുത്തുകാരൻ എന്ന നിലയിലും ദാർശനികൻ എന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു. മതനിരപേക്ഷതയിലും സാമൂഹ്യ പുരോഗതിയിലും അടിയുറച്ച് വിശ്വസിച്ചുകൊണ്ട് ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിൽ സമാനതകൾ ഇല്ലാത്തതും വളരെ നിർണായകവുമായ പങ്കാണ് അദ്ദേഹം വഹിച്ചത്.


 മോത്തിലാൽ നെഹ്‌റു - സ്വരൂപ് റാണി ദമ്പതികളുടെ മകനായി 1889 നവംബർ 14-ന് അലഹബാദിലാണ് ജവഹർ ലാൽ നെഹ്‌റു ജനിച്ചത്. ശക്തനായ ഒരു നേതാവ് എന്ന നിലയിലും രാഷ്ട്രീയപ്രവർത്തകൻ, സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളിലും ഇന്ത്യയുടെ ചരിത്രത്തിൽ സവിശേഷമായ സ്ഥാനം സൃഷ്‌ടിച്ച നെഹ്‌റു വിദേശത്താണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വിദേശപഠനത്തിന് ശേഷം 1912-ൽ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി.

ഒരു അഭിഭാഷകനായി പ്രവർത്തിച്ചു വരുന്ന ഘട്ടത്തിലാണ് നെഹ്‌റു ആനി ബസന്റിന്റെ നേതൃത്വത്തിലുള്ള ഹോം റൂൾ ലീഗിൽ ചേരുന്നത്. അങ്ങനെയാണ് അദ്ദേഹം ആദ്യമായി മഹാത്മാ ഗാന്ധിയെ കാണുന്നത്. തുടർന്ന് 1920-ൽ നിസഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായും പ്രവർത്തിച്ചു. ബ്രിട്ടീഷുകാരിൽ നിന്ന് ജയിൽശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നതും മറ്റനേകം ക്രൂരതകൾക്ക് വിധേയനാകേണ്ടി വന്നതും ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. സ്വതന്ത്രഭാരതത്തിനായി അദ്ദേഹം ഉജ്ജ്വലമായ പോരാട്ടം തുടർന്നു.


 ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച അവസരത്തിൽ നെഹ്‌റു നടത്തിയ ശ്രദ്ധേയമായ പ്രസംഗം  ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ പ്രഭാഷണങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. 1947 ഓഗസ്റ്റ് 15-ന് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി ചുമതലയേറ്റ ജവഹർലാൽ നെഹ്‌റു പിന്നീട് ഇന്ത്യയുടെ വികസനത്തിനും പുരോഗതിയ്ക്കും വേണ്ടിയുള്ള അക്ഷീണ പ്രയത്നത്തിലായിരുന്നു. ലോകം മുഴുവൻ നെഹ്‌റുവിനെ അനുസ്മരിക്കുന്ന ഈ അവസരത്തിൽ അദ്ദേഹത്തെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില വസ്തുതകൾ നോക്കാം.


നെഹ്‌റു പ്രാഥമിക വിദ്യാഭ്യാസം നേടിയത് വീട്ടിൽ തന്നെയായിരുന്നു. 15 വയസുവരെ അദ്ദേഹം വീട്ടിൽ നിന്ന് തന്നെ വിദ്യാഭ്യാസം നേടി.


ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി അദ്ദേഹത്തിന് 9 തവണ ജയിലിൽ കഴിയേണ്ടി വന്നിട്ടുണ്ട്. ആകെ 3,259 ദിവസങ്ങളാണ് അദ്ദേഹം ജയിലിൽ ചെലവഴിച്ചത്.


1934 മുതൽ 1935 വരെയുള്ള കാലഘട്ടത്തിൽ ജയിലിൽ കഴിയവെയാണ് അദ്ദേഹം തന്റെ ആത്മകഥയായ 'സ്വാതന്ത്ര്യത്തിലേക്ക്' എഴുതിയത്. അത് 1936-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.


4 തവണ നെഹ്‌റുവിന് നേരെ കൊലപാതക ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ആദ്യത്തെ ശ്രമം ഇന്ത്യയുടെ വിഭജന സമയത്തായിരുന്നു. മറ്റ് 3 ശ്രമങ്ങൾ യഥാക്രമം 1955, 1956, 1961 എന്നീ വർഷങ്ങളിലായിരുന്നു.


മകൾ ഇന്ദിരാ ഗാന്ധിയ്ക്ക് 10 വയസ് പ്രായമുള്ളപ്പോൾ നെഹ്‌റു 30 കത്തുകൾ അവർക്ക് അയച്ചിട്ടുണ്ട്. ഈ കത്തുകൾ പിന്നീട് സമാഹരിക്കുകയും 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.


ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സമാധാനം പുലർത്താൻ നടത്തിയ ശ്രമങ്ങളുടെ പേരിൽ നെഹ്‌റുവിനെ 1950-നും 1955-നും ഇടയിൽ 11 തവണ നോബൽ സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.


യൂറോപ്യൻ വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യ സമര കാലഘട്ടത്തിലുടനീളം നെഹ്‌റു ഷെർവാണി, നീണ്ട കുർത്ത തുടങ്ങിയ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.


നെഹ്രുവിന്റെ വസ്ത്രധാരണം ലോകശ്രദ്ധ നേടിയിട്ടുണ്ട്. നെഹ്‌റു ധരിച്ചിരുന്ന തൊപ്പി 'നെഹ്‌റു തൊപ്പി' എന്ന പേരിലും അദ്ദേഹത്തിന്റെ ജാക്കറ്റ് 'നെഹ്‌റു ജാക്കറ്റ്' എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി.


മഹാത്മാ ഗാന്ധിയുടെ മരണത്തെ തുടർന്ന്  'ആ വെളിച്ചം അസ്തമിച്ചു' എന്നാണ് നെഹ്‌റു പാർലമെന്റിൽ പറഞ്ഞത്:


നെഹ്രുവിന്റെ ശവസംസ്കാര ചടങ്ങിൽ രാജ്യത്തെമ്പാടും നിന്ന് 1.5 ദശലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്.

Published by: Asha Sulfiker
First published: May 27, 2021, 12:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories