• HOME
 • »
 • NEWS
 • »
 • india
 • »
 • Para-athlete | വീല്‍ചെയർ മാരത്തണിൽ 24 മണിക്കൂര്‍ കൊണ്ട് താണ്ടിയത് 213 കിലോമീറ്റര്‍; ഒഡീഷ സ്വദേശിയ്ക്ക് റെക്കോർഡ് നേട്ടം

Para-athlete | വീല്‍ചെയർ മാരത്തണിൽ 24 മണിക്കൂര്‍ കൊണ്ട് താണ്ടിയത് 213 കിലോമീറ്റര്‍; ഒഡീഷ സ്വദേശിയ്ക്ക് റെക്കോർഡ് നേട്ടം

രാജ്മഹല്‍ നഗരത്തിനും മാസ്റ്റര്‍കാന്റീന്‍ സ്‌ക്വയറിനുമിടയിലുള്ള 1.14 കിലോമീറ്റര്‍ ദൂരം 189 തവണ പിന്നിട്ടാണ് നായ്ക് ഈ നേട്ടം സ്വന്തമാക്കിയത്

 • Share this:
  ഒഡീഷ സ്വദേശിയായ പാരാ അത്ലറ്റ് വീല്‍ചെയറില്‍ 24 മണിക്കൂര്‍ കൊണ്ട് താണ്ടിയത് ഇരുന്നൂറിലധികം കിലോമീറ്ററുകള്‍. പുരി ജില്ലയില്‍ നിന്നുള്ള പാരാ അത്ലറ്റായ കമലാകാന്ത് നായക്, 24 മണിക്കൂര്‍ കൊണ്ട് വീല്‍ചെയറില്‍ 213 കിലോമീറ്റര്‍ ദൂരമാണ് പിന്നിട്ടത്.

  ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് ഈ വീല്‍ചെയര്‍ മാരത്തണ്‍ അംഗീകരിച്ചാല്‍, 2007ല്‍ 24 മണിക്കൂറിനുള്ളില്‍ മരിയോ ട്രിന്‍ഡാഡെ (പോര്‍ച്ചുഗല്‍) നേടിയ 182.4 കിലോമീറ്റര്‍ (113.34 മൈല്‍) എന്ന നിലവിലെ റെക്കോര്‍ഡ് നായക് തകര്‍ക്കും. ഭുവനേശ്വറിലെ തിരക്കേറിയ രണ്ട് ട്രാഫിക് സ്‌ക്വയറുകള്‍ക്കിടയിലായിരുന്നു മാരത്തണ്‍ വീല്‍ചെയര്‍ ഡ്രൈവ് നടത്തിയത്.

  രാജ്മഹല്‍ നഗരത്തിനും മാസ്റ്റര്‍കാന്റീന്‍ സ്‌ക്വയറിനുമിടയിലുള്ള 1.14 കിലോമീറ്റര്‍ ദൂരം 189 തവണ പിന്നിട്ടാണ് നായ്ക് ഈ നേട്ടം സ്വന്തമാക്കിയത്. ജനുവരി 15 ശനിയാഴ്ച വൈകിട്ട് 4.30ക്ക് വീല്‍ചെയർ യാത്ര ആരംഭിച്ച അദ്ദേഹം ജനുവരി 16 ഞായറാഴ്ച വൈകുന്നേരം 4.30-നാണ് നിര്‍ത്തിയത്. നായകിന്റെ 213 കിലോമീറ്റർ വീല്‍ചെയര്‍ മാരത്തണ്‍ വീഡിയോ ക്യാമറകളിലും ജിപിഎസ് ട്രാക്കറുകളിലും മൊബൈല്‍ ഫോണുകളിലുമായാണ് രേഖപ്പെടുത്തിയത്. ഈ ദൃശ്യങ്ങള്‍ കൂടി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് അധികൃതര്‍ പരിശോധിക്കുന്നുണ്ട്.

  ഫിസിയോതെറാപ്പി സെഷനുകള്‍, പ്രാഥമിക ആവശ്യങ്ങള്‍, ഭക്ഷണം കഴിയ്ക്കാനും വെള്ളം കുടിയ്ക്കാനുമുള്ള സമയം എന്നിവയ്ക്കായി 2 മണിക്കൂര്‍ ഇടവേള എടുത്തതല്ലാതെ മറ്റ് ഇടവേളകളൊന്നും നായക് ഈ ദൗത്യത്തിനിടയില്‍ എടുത്തിരുന്നില്ല. വൈകല്യം മാനസികാവസ്ഥ മാത്രമാണെന്ന സന്ദേശമാണ് ഈ നേട്ടം നല്‍കുന്നതെന്ന് പരിപാടി സംഘടിപ്പിച്ച ഒഡീഷ ആസ്ഥാനമായുള്ള എന്‍ജിഒ ആയ ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ പറഞ്ഞു. ''കഴിഞ്ഞ ആറ് വര്‍ഷമായി ഞാന്‍ ഇതിനായി തയ്യാറെടുക്കുന്നു. ഈ ചരിത്ര യാത്രയില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്,'' ഞായറാഴ്ച ഈ നേട്ടം കൈവരിച്ചതിന് ശേഷം 28കാരനായ പാരാ അത്ലറ്റ് പറഞ്ഞു.

  എട്ട് വര്‍ഷം മുമ്പായിരുന്നു അദ്ദേഹത്തിന്റെ കാലുകള്‍ തളര്‍ന്നത്. ഇനി നടക്കാന്‍ കഴിയില്ലെന്ന് അന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞതോടെ വിഷാദ രോഗത്തിന് അടിമയായി. ''നട്ടെല്ലിന് പരിക്കേറ്റതിന് ശേഷം ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകള്‍ എന്റെ മനസ്സിലേക്ക് വന്നു. എന്നാല്‍ കുടുംബവും പരിശീലകനും ഡോക്ടര്‍മാരും എന്നെ ഏറെ സഹായിച്ചു,'' എന്ന് നായക് എഎന്‍ഐയോട് പറഞ്ഞു.

  ഒഡീഷയിലെ പുരി ജില്ലയിലെ നിയാജ്പൂരിലെ ഒരു ഉള്‍ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന നായ്ക്കിന്റെ അച്ഛന്‍ ഒരു കര്‍ഷകനാണ്, അമ്മ ഒരു വീട്ടമ്മയാണ്. മൂന്ന് സഹോദരങ്ങളില്‍ രണ്ടാമത്തെയാളാണ് നായക്. മറ്റ് രണ്ട് പേര്‍ സഹോദരിമാരാണ്. 2014ല്‍, 20-ാം വയസ്സില്‍ സുഹൃത്തുക്കളോടൊപ്പം വോളിബോള്‍ കളിക്കുന്നതിനിടെയായിരുന്നു നായ്ക്കിന് നട്ടെല്ലിന് പരിക്കേറ്റത്. ടി 6 ലെവലില്‍ പരിക്കേറ്റ് അരയ്ക്ക് താഴെ ശരീരം പൂര്‍ണ്ണമായും നിര്‍ജീവമായി.

  പിന്നീട് കുടുംബത്തിന്റെയും ഡോക്ടര്‍മാരുടെയും പരിശ്രമത്തിനൊടുവില്‍ നായക് ഒരു പാരാ അത്ലറ്റിക് ആയി മാറി. വീല്‍ചെയര്‍ മാരത്തണുകളില്‍ പങ്കെടുക്കുന്നതില്‍ പരിചയസമ്പന്നനാണ് ഇപ്പോള്‍ നായക്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന എബിലിറ്റി മാരത്തണിലാണ് അദ്ദേഹം ആദ്യമായി പങ്കെടുത്തത്. 15 മണിക്കൂറിനുള്ളില്‍ 139.57 കിലോമീറ്റര്‍ വീല്‍ചെയര്‍ അള്‍ട്രാ മാരത്തണ്‍ പൂര്‍ത്തിയാക്കിയതിന്റെ റെക്കോര്‍ഡുള്ള നായക് ഇന്ത്യയിലുടനീളമുള്ള വ്യത്യസ്ത മാരത്തണുകളില്‍ പങ്കെടുത്തിട്ടുണ്ട്.

  16 തവണ ഹാഫ് മാരത്തണ്‍ റണ്ണര്‍ - (21 കി.മീ), 13 തവണ ഫുള്‍ മാരത്തണ്‍ റണ്ണര്‍ - (42 കി.മീ), ഒഡീഷ വീല്‍ചെയര്‍ ബാസ്‌കറ്റ്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ഇങ്ങനെ ധാരാളം നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള നായക് 2020ല്‍ വീല്‍ചെയറില്‍ 4200 കിലോമീറ്ററിലധികം സഞ്ചരിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്.
  Published by:Karthika M
  First published: