ഛണ്ഡീഗഡ്: രാജ്യത്ത് ലോക്ക്ഡൗണിനെ തുടർന്ന് നട്ടംതിരിയുന്ന സാധാരണക്കാരുടെ യഥാർത്ഥ ചിത്രം വരച്ചുകാട്ടുന്ന ഛണ്ഡീഗഡിലെ ഒരു രക്ഷിതാവിന്റെ കത്ത് ശ്രദ്ധേയമാകുന്നു. അതുൽ വൊഹ്റ എന്ന രക്ഷിതാവ് പ്രധാനമന്ത്രിക്ക് അയച്ച കത്താണ് ഇന്നത്തെ സാധാരണക്കാരുടെ ദയനീവാസ്ഥ വരച്ചുകാട്ടുന്നത്.
ഛണ്ഡീഗഡ് അഡ്മിനിസ്ട്രേറ്റർ വി പി സിംഗ് ബദ്നോർ വഴി പ്രധാനമന്ത്രിക്ക് അയച്ച കത്തിലെ ആവശ്യമാണ് ഞെട്ടിക്കുന്നത്. തന്റെ മകളുടെ സ്കൂൾ ഫീസ് അടയ്ക്കാൻ വൃക്ക വിൽക്കാൻ അനുമതി തേടിയാണ് കത്ത്. ഒരു സ്വകാര്യ കമ്പനിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന തനിക്ക് ലോക്ക്ഡൗൺ കാലത്ത് ജോലി നഷ്ടമായെന്നും കത്തിൽ പറയുന്നു. അഞ്ച് അംഗ കുടുംബത്തിൽ വരുമാനമുള്ള ഏക അംഗം താനാണെന്നും അതുൽ വോഹ്റ കത്തിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ടുമാസം തന്റെ കുഞ്ഞു നീക്കിയിരുപ്പിൽ നിന്ന് പണം ചെലവിട്ടാണ് പിടിച്ചുനിന്നത്. ഇപ്പോൾ അമ്മയുടെ പെൻഷൻ കൊണ്ടാണ് കഴിയുന്നതെന്നും കത്തിൽ പറയുന്നു.
വീട്ടുവാടക നൽകാനോ, ബാങ്ക് വായ്പ തവണ, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം, മറ്റു ബില്ലുകൾ എന്നിവ അടയ്ക്കാനോ കഴിയാത്ത സ്ഥിതിയാണ്. എല്ലാവരും സാമ്പത്തിക ഞെരുക്കത്തിലായിട്ടും സ്കൂളുകൾ ഫീസിനായി മുറവിളി കൂട്ടുകയാണ്. വോഹ്റയുടെ മകൾ ഛണ്ഡീഗഡിലെ സെന്റ് ജോസഫ്സ് സീനിയർ സെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയാണ്. ഡിസംബർ വരെയുള്ള ഫീസ് (32,000 രൂപ) ഉടൻ അടയ്ക്കണമെന്നാണ് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.