• HOME
  • »
  • NEWS
  • »
  • india
  • »
  • Sexual Offence | കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം; രക്ഷിതാക്കൾ ഒത്തുതീർപ്പ് നടത്തരുതെന്ന് ഹൈക്കോടതി

Sexual Offence | കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം; രക്ഷിതാക്കൾ ഒത്തുതീർപ്പ് നടത്തരുതെന്ന് ഹൈക്കോടതി

'കുട്ടിയുടെ രക്ഷിതാക്കൾ നടത്തുന്ന ഒത്തുതീർപ്പ് നടപടികൾ കുട്ടിയുടെ അഭിമാനത്തെ വീണ്ടും മുറിവേൽപ്പിക്കുകയാണ് ചെയ്യുന്നത്. രാജ്യത്തെ നിയമങ്ങൾക്ക് എതിരായ പ്രവൃത്തിയാണിത്.'

  • Share this:
    ലൈംഗിക പീഡനത്തിന് (Sexual Offence) ഇരയായ കുട്ടിയുടെ രക്ഷിതാക്കൾ പ്രതിയുമായി ഒത്തുതീർപ്പ് നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി (Punjab and Haryana High Court) വ്യക്തമാക്കി. “കുട്ടിയുടെ രക്ഷിതാക്കൾ നടത്തുന്ന ഒത്തുതീർപ്പ് നടപടികൾ കുട്ടിയുടെ അഭിമാനത്തെ വീണ്ടും മുറിവേൽപ്പിക്കുകയാണ് ചെയ്യുന്നത്. രാജ്യത്തെ നിയമങ്ങൾക്ക് എതിരായ പ്രവൃത്തിയാണിത്. ഇരയുടെ ബന്ധുക്കളും പ്രതിയും തമ്മിൽ ഒത്തുതീർപ്പിലെത്തിയെന്ന് കരുതി കേസ് ഒഴിവാക്കാൻ സാധിക്കില്ല. ഭരണഘടനാപരമായി തെറ്റായ കാര്യങ്ങളോട് കൂട്ടുനിൽക്കാനാവില്ല. കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് ലോകത്തെവിടെയും ഉണ്ടാവുന്നത്,” പങ്കജ് ജെയ്ൻെറ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

    2019ൽ എടുത്ത ഒരു പോക്സോ കേസിലെ (Pocso Case) എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിർസ സ്വദേശിയായ പ്രതി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 452, 506, പട്ടികജാതി പട്ടിവർഗക്കാർക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമത്തിലെ സെക്ഷൻ 3, പോക്സോ വകുപ്പ് എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. പ്രതിയും ഇരയുടെ കുടുംബവും തമ്മിൽ 2021ൽ ഒത്തുതീർപ്പിലെത്തിയിരുന്നു. അതിനാൽ കേസ് ഒഴിവാക്കണമെന്നായിരുന്നു പ്രതിയുടെ അപേക്ഷ.

    പ്രായപൂർത്തിയായ കുട്ടിക്ക് നേരെയുണ്ടായ അതിക്രമത്തിൽ നിന്ന് സംരക്ഷണം നൽകുക എന്ന നിയമപരമായ ഉത്തരവാദിത്വമാണെന്ന് കോടതി വ്യക്തമാക്കി. കൌമാരകാലത്തും ചെറുപ്പകാലത്തും കുട്ടികളെ ചൂഷണത്തിൽ നിന്നും പീഡനത്തിൽ നിന്നും രക്ഷിക്കുകയെന്നത് ഭരണകൂടത്തിൻെറയും നിയമവ്യവസ്ഥയുടെയും കൂടി ഉത്തരവാദിത്വമാണ്. ആർട്ടിക്കിൾ 39 പ്രകാരം അത് പാലിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ലൈംഗിക ചൂഷണത്തിൽ നിന്നും അതിക്രമത്തിൽ നിന്നും കുട്ടികളെ രക്ഷിക്കുകയെന്നതാണ് നിയമത്തിൻെറ ലക്ഷ്യം. 2012ൽ വന്നിട്ടുള്ള നിയമം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15(3)ൻെറ പിൻബലത്തോടെയുള്ളതാണെന്നും കോടതി കൂട്ടിച്ചേർത്തു.

    കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ നടത്തിയിട്ടുള്ള ഒത്തുതീർപ്പ് ഒരു കാരണവശാലും കണക്കിലെടുക്കാൻ സാധിക്കില്ല. കുട്ടിക്ക് പ്രായപൂർത്തിയായതിന് ശേഷം എടുക്കുന്ന തീരുമാനം മാത്രമേ പരിഗണിക്കാൻ സാധിക്കുകയുള്ളൂ. “കുട്ടികളുടെ അഭിമാനത്തെ വീണ്ടും മുറിവേൽപ്പിക്കാനായി രക്ഷിതാക്കൾ ഒത്തുതീർപ്പ് നടത്തുന്നത് ശരിയല്ല. നിയമവ്യവസ്ഥ അനുശാസിച്ച് കൊണ്ട് മുന്നോട്ട് പോവുന്ന ഒരു സമൂഹത്തിൽ നിന്ന് ഇതിനെതിരെ ചോദ്യങ്ങൾ ഉയരും. ആരാണ് ഇരയെ സംരക്ഷിക്കാനുള്ളത്? നിയമത്തിന് മാത്രമേ അതിന് സാധിക്കുകയുള്ളൂ,” കോടതി വ്യക്തമാക്കി. കേസുമായി മുന്നോട്ട് പോവാൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. വിചാരണകോടതിയുടെ നടപടിക്രമങ്ങൾ കുറഞ്ഞത് ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബവുമായി ഒത്തുതീർപ്പ് നടത്തി പ്രതിക്ക് കേസിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ലെന്ന് കോടതി ആവർത്തിച്ച് വ്യക്തമാക്കി.

    “ഇത്തരം കേസുകളിൽ ഒത്തുതീർപ്പിനും നേരിട്ടുള്ള പ്രശ്നപരിഹാരത്തിനും ഒരു സ്ഥാനവുമില്ല. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഒപ്പം ഇരയായ കുട്ടിയെ വീണ്ടും പീഡിപ്പിക്കുന്നതിന് തുല്യമാണ്. കോടതികൾ ഒത്തുതീർപ്പ് പരിഗണിച്ചാൽ അത് മോശം കീഴ്വഴക്കമായി സമൂഹം വിലയിരുത്തുമെന്നും ഉറപ്പാണ്. കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ പരമാവധി ശിക്ഷയാണ് ഉറപ്പാക്കേണ്ടത്,” ചണ്ഡിഗഢിലെ ബാലാവകാശ കമ്മീഷൻ മുൻ ചെയർപേഴ്സണും സാമൂഹ്യപ്രവർത്തകയുമായ ദേവി സിരോഹി പറഞ്ഞു.
    Published by:Sarath Mohanan
    First published: