• HOME
  • »
  • NEWS
  • »
  • india
  • »
  • Pariksha Pe Charcha 2022| പരീക്ഷാ രീതി, പ്രവേശന രീതി എന്നിവയെല്ലാം മാറി; മുന്നോട്ടുപോകാനുള്ള വഴിതേടി വിദ്യാർഥി; മറുപടിയുമായി പ്രധാനമന്ത്രി

Pariksha Pe Charcha 2022| പരീക്ഷാ രീതി, പ്രവേശന രീതി എന്നിവയെല്ലാം മാറി; മുന്നോട്ടുപോകാനുള്ള വഴിതേടി വിദ്യാർഥി; മറുപടിയുമായി പ്രധാനമന്ത്രി

പരീക്ഷാ പേ ചർച്ചയിൽ വിദ്യാർഥികളുമായി സംവദിച്ച് പ്രധാനമന്ത്രി

  • Share this:
    ന്യൂഡൽഹി: ബോർഡ് പരീക്ഷാ ഘടനയിൽ മാറ്റം, തുടർന്നുള്ള പ്രവേശന നടപടികളിലും മാറ്റം, വളരെയധികം മാറ്റങ്ങൾ സംഭവിക്കുമ്പോഴും മുന്നോട്ട് പോകാനുള്ള വഴി എന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിദ്യാർഥിയുടെ ചോദ്യം. “പരീക്ഷയ്ക്ക് പഠിക്കുക എന്നതല്ല. നിങ്ങൾ ഒരു പരീക്ഷയ്‌ക്ക് പഠിക്കുകയാണെങ്കിൽ, നിങ്ങളുടെ മുന്നിലെത്തുന്ന ചോദ്യം പരിഹരിക്കാനുള്ള വഴിയാണ് നിങ്ങൾ അന്വേഷിക്കുന്നത്. എന്നാൽ 10, 12 ക്ലാസുകളിലെ എല്ലാ വിഷയങ്ങളും നിങ്ങൾ പഠിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ വിദ്യാസമ്പന്നരും നൈപുണ്യമുള്ളവരും വിഷയങ്ങളിലെല്ലാം പ്രാവീണ്യമുള്ളവരുമായിരിക്കും. എല്ലാത്തരം ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഇത് നിങ്ങളെ സഹായിക്കും - അത് ബോർഡുകളോ മത്സര പരീക്ഷകളോ ആകട്ടെ,”- പരീക്ഷാ രീതികളിലെ മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഒരു കളിക്കാരനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞു- '' ജില്ലാതലത്തിലാണോ ദേശീയ തലത്തിലോ കളിക്കുന്നത് എന്നതല്ല, ഒരു കളിക്കാരൻ കളിക്കുന്നത് തന്ത്രം ഉപയോഗിച്ചാണ്. ഫലം പരിഗണിക്കാതെ മത്സര പരീക്ഷകളിൽ പങ്കെടുക്കുക അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. നന്നായി നടക്കുന്നില്ലെങ്കിൽ, അത് നിങ്ങൾക്കുള്ളതല്ല, ബദൽ നോക്കുക. വളരെയധികം മത്സരമുണ്ടെങ്കിൽ, നിങ്ങളുടെ തലമുറയ്ക്ക് ധാരാളം തെരഞ്ഞെടുപ്പുകളും സാധ്യതകളും ഉണ്ട്.''

    പരീക്ഷാ പേ ചർച്ചാ വേളയിൽ ഓൺലൈൻ പഠനത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള മറ്റൊരു ചോദ്യത്തിന് വിദ്യാഭ്യാസ മാധ്യമമല്ല പ്രശ്‌നമെന്നും മനസ്സിരുത്തി പഠിക്കുക എന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓഫ്‌ലൈൻ അധ്യാപനത്തിന് അനുബന്ധമായി ഓൺലൈൻ വിദ്യാഭ്യാസം ഉപയോഗിക്കാൻ അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന പരീക്ഷാ പേ ചർച്ച അഞ്ചാമത് പതിപ്പില്‍ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.

    വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരടക്കമുള്ളവരുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തി. കഴിഞ്ഞ വർഷത്തെ ടോപ്പർമാരെ പിന്തുടരരുതെന്നും പകരം സ്വന്തമായി തയ്യാറെടുപ്പ് നടത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ സ്‌കൂൾ വിദ്യാർത്ഥികളുമായും അവരുടെ രക്ഷിതാക്കളുമായും അധ്യാപകരുമായും പ്രധാനമന്ത്രി സംവദിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ 15 ലക്ഷത്തിലധികം പേരാണ് രജിസ്റ്റർ ചെയ്തത്.

    Also Read- Pariksha Pe Charcha 2022| സ്വന്തം താൽപര്യങ്ങൾ കണ്ടെത്താൻ കുട്ടികളെ സഹായിക്കണമെന്ന് രക്ഷിതാക്കളോട് പ്രധാനമന്ത്രി

    പ്രചോദനത്തിന് ഒരു കുത്തിവയ്പ്പും ഇല്ല. നിങ്ങളെ നിരാശരാക്കുന്നത് എന്താണെന്ന് നിങ്ങൾ പഠിക്കണം, എങ്ങനെ പ്രചോദിതരായി തുടരാം എന്ന വിദ്യാർത്ഥിയുടെ ചോദ്യത്തിന് ഉത്തരം നൽകവേ പ്രധാനമന്ത്രി പറഞ്ഞു. നമ്മൾ പലപ്പോഴും 'മോട്ടിവേഷൻ കാ ഇൻജക്ഷൻ' അല്ലെങ്കിൽ 'മോട്ടിവേഷൻ കാ ഫോർമുല' തിരയുന്നു. എന്നാൽ നമ്മളെ തരംതാഴ്ത്തുന്നവരെയും നമ്മിൽ നിന്ന് അകന്നു നിൽക്കുന്നവരെയും നമ്മൾ അന്വേഷിക്കണം. പിന്നെ നമ്മളെ പ്രചോദിപ്പിക്കുന്ന ചില പാട്ടുകൾ, പുസ്തകങ്ങൾ, തുടങ്ങിയ കാര്യങ്ങൾക്കായി നോക്കുകയും അവയെ അടുത്ത് നിർത്തുകയും വേണം, പ്രധാനമന്ത്രി പറഞ്ഞു.

    മനസ്സിരുത്താതെ വായിക്കുന്നത് തുടരുക മാത്രമല്ല, നിങ്ങൾ എങ്ങനെ സമയം ചെലവഴിക്കുന്നുവെന്ന് വിശകലനം ചെയ്യുക. നിങ്ങൾ എങ്ങനെ വായിക്കുന്നു അല്ലെങ്കിൽ പഠിക്കുന്നു, ഓരോ വിഷയത്തിലും ചെലവഴിച്ച സമയത്തിന്റെ ഫലം എന്താണ്. ചിലപ്പോൾ, നമ്മൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുകയും ഇഷ്ടപ്പെടാത്ത വിഷയങ്ങളിൽ കുറച്ച് സമയം നൽകുകയും ചെയ്യുന്നു, പ്രധാനമന്ത്രി പറഞ്ഞു.

    കുട്ടികളുടെ താൽപ്പര്യങ്ങൾ മനസ്സിലാക്കാനും അവരുടെ ശക്തി തിരിച്ചറിയാൻ അവരെ സഹായിക്കാനും മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
    സ്വന്തം ശക്തി തിരിച്ചറിയുന്നതിന് മാതാപിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും ശരിയായ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ കുട്ടികൾക്ക് സാധിക്കൂ. വിദ്യാർത്ഥികൾ അവരുടെ സ്വപ്നങ്ങൾ അല്ലെങ്കിൽ മാതാപിതാക്കളുടെ സ്വപ്നങ്ങൾ നിറവേറ്റാൻ തീരുമാനിക്കുന്നതിൽ പലപ്പോഴും ഒരു ധർമ്മസങ്കടത്തിലാണ്. ഇത് ഒരു വിദ്യാർത്ഥിയെ അനന്തമായ ആശയക്കുഴപ്പത്തിലേക്ക് നയിക്കുന്നു. കുട്ടികളുടെ താൽപ്പര്യങ്ങൾ മനസിലാക്കാനും അവരുടെ ശക്തി തിരിച്ചറിയാൻ അവരെ സഹായിക്കാനും മാതാപിതാക്കളോട് അഭ്യർത്ഥിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.
    Published by:Rajesh V
    First published: