• HOME
  • »
  • NEWS
  • »
  • india
  • »
  • Pariksha Pe Charcha | പരീക്ഷാ പേ ചർച്ച അഞ്ചാം പതിപ്പ് ഏപ്രിൽ ഒന്നിന്; പ്രധാനമന്ത്രി വിദ്യാർഥികളുമായി സംവദിക്കും

Pariksha Pe Charcha | പരീക്ഷാ പേ ചർച്ച അഞ്ചാം പതിപ്പ് ഏപ്രിൽ ഒന്നിന്; പ്രധാനമന്ത്രി വിദ്യാർഥികളുമായി സംവദിക്കും

ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള കോടിക്കണക്കിന് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഇത്തവണ പരീക്ഷ പേ ചർച്ചയിൽ പങ്കെടുക്കും

  • Share this:
    പിരിമുറുക്കമില്ലാത്ത പരീക്ഷകൾ ഉറപ്പാക്കാൻ “പരീക്ഷ പേ ചർച്ച” എന്ന പ്രധാനമന്ത്രിയുടെ സമ്പർക്കപരിപാടി ഒരു പൊതുജന പ്രസ്ഥാനമാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആഹ്വാനം ചെയ്ത്. 2022 ഏപ്രിൽ ഒന്നിനാണ് പ്രധാനമന്ത്രിയുടെ ആശയവിനിമയ പരിപാടിയായ ‘പരീക്ഷ പേ ചർച്ച’യുടെ അഞ്ചാം പതിപ്പ്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള കോടിക്കണക്കിന് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഇതിൽ പങ്കെടുക്കുന്നു ഇതിനായി നടത്തപ്പെട്ട സർഗാത്മക രചന (creative writing) മത്സരത്തിനായി 15.7 ലക്ഷം പേർ രജിസ്റ്റർ ചെയ്തു.

    ഏപ്രിൽ 1 ന് നടക്കുന്ന “പരീക്ഷാ പേ ചർച്ച” യുടെ അഞ്ചാമത് രാജ്യാന്തര ആശയ വിനിമയ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളുമായും അധ്യാപകരുമായും രക്ഷിതാക്കളുമായും സംവദിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. ഈ തത്സമയ പരിപാടിയിൽ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന പരീക്ഷാ സമ്മർദ്ദവും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി തൻറെ സ്വതസിദ്ധമായ ശൈലിയിൽ പ്രതികരിക്കുന്ന വാർഷിക പരിപാടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    കോവിഡ്-19 മഹാമാരിയിൽ നിന്ന് രാജ്യം കരകയറുകയും പരീക്ഷകൾ ഓഫ്‌ലൈൻ മോഡിലേക്ക് മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ വർഷത്തെ പരീക്ഷ പേ ചർച്ചയുടെ പ്രാധാന്യത്തെക്കുറിച്ച് മന്ത്രി പ്രധാൻ വിശദീകരിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വിജ്ഞാനാധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ പിപിസി പോലുള്ള സംരംഭങ്ങളുടെ പ്രാധാന്യം അടിവരയിട്ടുകൊണ്ട്, പ്രധാനമന്ത്രി വിദ്യാർത്ഥികളുമായി നേരിട്ട് സംവദിക്കുന്ന ഒരു ഔപചാരിക ആശയ വിനിമയ പരിപാടിയായി പിപിസി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഗവർണർമാരുടെ സാന്നിധ്യത്തിൽ നടക്കുന്ന പരിപാടി വീക്ഷിക്കുന്നതിനായി രാജ്യത്തുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ രാജ്ഭവനുകൾ സന്ദർശിക്കുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തുടനീളമുള്ള സംസ്ഥാന സർക്കാരുകൾ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയിലുടനീളം മാത്രമല്ല, മറ്റ് രാജ്യങ്ങളിലും ഇന്ത്യൻ പ്രവാസികൾക്കായി പിപിസി ലൈവ് സ്ട്രീം ചെയ്യുമെന്ന് മന്ത്രി സൂചിപ്പിച്ചു. ഈ പരിപാടി ഒരു ബഹുജന പ്രസ്ഥാനമാക്കുന്നതിനും വിദ്യാർത്ഥികൾക്ക് സമ്മർദ്ദരഹിതമായ പരീക്ഷകൾ ഉറപ്പാക്കുന്നതിനും മാധ്യമങ്ങളുടെ പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു.

    യുവാക്കൾക്ക് പിരിമുറുക്കമില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ‘എക്സാം വാരിയേഴ്സ്’ എന്ന വലിയ പ്രസ്ഥാനത്തിന്റെ ഭാഗമാണ് പരീക്ഷാ പേ ചർച്ചയെന്ന് പ്രധാൻ എടുത്തുപറഞ്ഞു. ഓരോ കുട്ടിയുടെയും തനതായ വ്യക്തിത്വം ആഘോഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും പൂർണ്ണമായി പ്രകടിപ്പിക്കാൻ അനുവദിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം വളർത്തിയെടുക്കാൻ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സമൂഹത്തെയും ഒരുമിച്ച് കൊണ്ടുവരാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളാൽ നയിക്കപ്പെടുന്ന ഒരു പ്രസ്ഥാനമാണിത്.

    അഞ്ചാമത് പതിപ്പ് ന്യൂഡൽഹിയിൽ, ടൗൺ ഹാൾ ഇൻറ്ററാക്ടിവ് ഫോർമാറ്റിൽ താൽക്കട്ടോറ സ്റ്റേഡിയത്തിൽ നിന്ന് രാവിലെ 11 മണിക്ക് നടക്കുമെന്ന് മന്ത്രി അറിയിച്ചു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള കോടിക്കണക്കിന് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഒരു ഓൺലൈൻ ക്രിയേറ്റീവ് രചനാ മത്സരത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തിട്ടുണ്ടെന്നും പ്രധാൻ അറിയിച്ചു. MyGov പ്ലാറ്റ്‌ഫോമിലൂടെ 2021 ഡിസംബർ 28 മുതൽ 2022 ഫെബ്രുവരി 3 വരെയാണ് മത്സരം സംഘടിപ്പിച്ചത്. ഈ വർഷം 15.7 ലക്ഷം പേർ ക്രിയേറ്റീവ് റൈറ്റിംഗ് മത്സരത്തിനായി രജിസ്റ്റർ ചെയ്തതിൽ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി.

    Also Read- പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമം; പഞ്ചാബ് സ്വദേശി സിക്ക ഖാന്‍ സഹോദരനോടൊപ്പം കഴിയാൻ പാകിസ്ഥാനിലെത്തി

    MyGov-ലെ മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രശംസാപത്രവും പ്രധാനമന്ത്രി എഴുതിയ എക്സാം വാരിയേഴ്സ് പുസ്തകം അടങ്ങിയ പ്രത്യേക പരീക്ഷാ പേ ചർച്ച കിറ്റും സമ്മാനിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ‘സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് ‘ കഴിഞ്ഞ നാല് വർഷമായി ഈ പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നു. PPC യുടെ ആദ്യ മൂന്ന് പതിപ്പുകൾ ന്യൂഡൽഹിയിൽ ഒരു ടൗൺ ഹാൾ ഇൻറ്ററാക്ടിവ് ഫോർമാറ്റിൽ നടന്നു. പ്രധാനമന്ത്രിയുടെ ആശയവിനിമയ പരിപാടിയായ "പരീക്ഷ പേ ചർച്ച 1.0" ന്റെ ആദ്യ പതിപ്പ് 2018 ഫെബ്രുവരി 16-ന് നടന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികളുമായുള്ള പ്രസ്തുത പരിപാടിയുടെ രണ്ടാം പതിപ്പ് "പരീക്ഷ പേ ചർച്ച 2.0" 2019 ജനുവരി 29 നും മൂന്നാം പതിപ്പ് 2020 ജനുവരി 20 നും നടന്നു. കോവിഡ്-19 മഹാമാരി കാരണം, നാലാമത്തെ പതിപ്പ് 2021 ഏപ്രിൽ 7 ന് ഓൺലൈനായി നടന്നു.

    ദൂരദർശൻ (DD നാഷണൽ, DD ന്യൂസ്, DD ഇന്ത്യ), റേഡിയോ ചാനലുകൾ, ടിവി ചാനലുകൾ, EduMinofIndia, narendramodi, pmoindia, pibindia, ദൂരദർശൻ നാഷണൽ, MyGovIndia, DDNews, രാജ്യസഭാ ടിവി, സ്വയം പ്രഭ എന്നീ YouTube ചാനലുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ മീഡിയ എന്നിവയിൽ ഈ പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യും.
    Published by:Anuraj GR
    First published: