• HOME
  • »
  • NEWS
  • »
  • india
  • »
  • Gaya Airport | ഗയ വിമാനത്താവളത്തിന്റെ കോഡ് 'GAY'; മാറ്റണമെന്ന ആവശ്യവുമായി പാർലമെന്ററി സമിതി

Gaya Airport | ഗയ വിമാനത്താവളത്തിന്റെ കോഡ് 'GAY'; മാറ്റണമെന്ന ആവശ്യവുമായി പാർലമെന്ററി സമിതി

ഇന്ത്യയിലെ ഒരു പുണ്യ നഗരത്തിലെ വിമാനത്താവളത്തിന് 'ഗേ' എന്ന കോഡ് നാമം അനുയോജ്യമല്ലെന്നാണ് സമിതിയുടെ വാദം.

  • Share this:
    ബിഹാറിലെഗയ രാജ്യാന്തര വിമാനത്താവളത്തിന്റെ (Gaya International Airport) കോഡ് നാമമായ 'ഗേ' (GAY) മാറ്റണമെന്ന ആവശ്യവുമായി പാര്‍ലമെന്ററി സമിതി (Parliamentary Committee). പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പാര്‍ലമെന്ററി സമിതിയാണ് സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സമിതി ഈ വിഷയം പരാമര്‍ശിച്ചു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനുമായും (IATA) ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളുമായും ഇക്കാര്യം ചർച്ച ചെയ്യാനുള്ള ശ്രമങ്ങൾ നടത്തണമെന്നും സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഒരു പുണ്യ നഗരത്തിലെ വിമാനത്താവളത്തിന് 'ഗേ' എന്ന കോഡ് നാമം അനുയോജ്യമല്ലെന്നാണ് സമിതിയുടെ വാദം.

    ഗയ വിമാനത്താവളത്തിന് 'ഗേ' എന്ന കോഡ് ഉപയോഗിക്കുന്നത് അനുചിതമായതിനാല്‍ 'YAG' പോലുള്ള ബദല്‍ കോഡുകൾ നിര്‍ദ്ദേശിക്കണമെന്ന് സമിതി അഭിപ്രായപ്പെട്ടു. വ്യോമയാന മാനദണ്ഡങ്ങള്‍ അനുസരിച്ച് അയാട്ട ആണ് വിമാനത്താവളങ്ങള്‍ക്ക് സ്റ്റേഷന്‍ കോഡ് അനുവദിക്കുന്നത്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഈ വിമാനത്താവളം പ്രവര്‍ത്തനക്ഷമമായത് മുതല്‍ ഗയയ്ക്ക്, ഗേ എന്ന കോഡ് തന്നെയാണ് ഉപയോഗിച്ചു പോരുന്നത്.

    വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ട് ന്യായമായ കാരണങ്ങളൊന്നുമില്ലാതെ വിമാനത്താവളങ്ങളുടെ കോഡ് നാമം മാറ്റാന്‍ സാധിക്കില്ലെന്നാണ് ലോകത്തെമ്പാടുമുള്ള എയര്‍ലൈനുകളുടെ ട്രേഡ് അസോസിയേഷനായ അയാട്ടയുടെ പ്രതികരണമെന്ന് വ്യോമയാന മന്ത്രാലയത്തിലെ വക്താക്കൾ അറിയിച്ചു. വിമാനത്താവളങ്ങൾക്ക് അനുവദിച്ചിട്ടുള്ള ലൊക്കേഷന്‍ കോഡുകള്‍ സ്ഥിരമാണെന്നും കോഡ് മാറ്റണമെങ്കിൽ പ്രാഥമികമായും സുരക്ഷയെ സംബന്ധിച്ച ശക്തമായ ന്യായീകരണം ആവശ്യമാണെന്നും അയാട്ട പ്രസ്താവിച്ചു.

    അയാട്ടയുമായി വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് പാനല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അയാട്ടയില്‍ അംഗമായ എയര്‍ ഇന്ത്യ വിഷയം അസോസിയേഷനെ (അയാട്ട) അറിയിച്ചിരുന്നു. അയാട്ടയോട് ഈ വിഷയം വീണ്ടും പരിഗണിക്കാൻ ആവശ്യപ്പെട്ടുള്ള എയര്‍ ഇന്ത്യയുടെ ശ്രമങ്ങളെ സമിതി അഭിനന്ദിക്കുകയും ചെയ്തു.

    ഗയ വിമാനത്താവളത്തിന്റെ കോഡ് നാമം മാറ്റുന്നതുമായി ബന്ധപ്പെട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച അപേക്ഷയെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ റിപ്പോര്‍ട്ടില്‍ പാർലമെന്ററി സമിതി സൂചിപ്പിച്ചിരുന്നു. ഗയ വിമാനത്താവളത്തിന്റെ കോഡ് നാമം മാറ്റുന്നതിന് ആവശ്യമായ എല്ലാ കൂടിക്കാഴ്ചകളും ഔദ്യോഗിക നടപടികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രാലയവും എയര്‍ ഇന്ത്യയും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
    Published by:Arun krishna
    First published: