ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിപക്ഷ വിമർശനങ്ങൾക്ക് ലോക്സഭയിൽ ശക്തമായ ഭാഷയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെറ്റിദ്ധരിപ്പിക്കാനും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പൗരത്വ വിഷയത്തിൽ കേരള മുഖ്യമന്ത്രിയുടെ നിലപാടിനെയും മോദി വിമർശിച്ചു. ഒരു വശത്ത് പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ തീവ്രവാദ സംഘടനകൾ നുഴഞ്ഞുകയറുന്നതിനെതിരെ മുന്നറിയിപ്പ് നൽകുന്ന മുഖ്യമന്ത്രി ഡൽഹിയിൽ ഇത്തരക്കാരെ പിന്തുണയ്ക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി നൽകവെ, പാകിസ്ഥാനിൽ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങളെ പിന്തുണച്ചുകൊണ്ട് രാം മനോഹർ ലോഹ്യയും ലാൽ ബഹാദൂർ ശാസ്ത്രിയും നടത്തിയ പ്രസ്താവനകളും പ്രധാനമന്ത്രി ഉദ്ധരിച്ചു.
"രാജ്യത്തെ വഴിതെറ്റിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും ശരിയാണോ? ഇത്തരം പ്രചാരണത്തിന്റെ ഭാഗമാകാൻ ആർക്കെങ്കിലും കഴിയുമോ? സിഎഎയ്ക്ക് എതിരെ പ്രതിപക്ഷ പാർട്ടികൾ സ്വീകരിക്കുന്ന പാത നിർഭാഗ്യകരമാണ്," അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പൗരത്വ വിരുദ്ധ നിയമ പ്രക്ഷോഭങ്ങളിൽ തീവ്രവാദികൾ പങ്കാളികളാകുമെന്ന് കേരള മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ദേശീയ തലസ്ഥാനത്ത് സമാനമായ പ്രതിഷേധത്തെ ഇടതുപക്ഷ അംഗങ്ങൾ പിന്തുണയ്ക്കുകയാണെന്നും മോദി പറഞ്ഞു.
നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവിൽ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾ മറച്ചുവെക്കാനുള്ള ശ്രമം നടക്കുകയാണ്. ഈ പ്രതിഷേധങ്ങളിലൂടെ ആർക്കും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read
'കശ്മീരിന്റെ സ്വത്വം ഇല്ലാതായത് 1990 ജനുവരി 19-ന്; അന്ന് കോൺഗ്രസ് എവിടെയായിരുന്നു': നരേന്ദ്ര മോദി
2014 ലെ യുപിഎ ഭരണകാലത്ത് പാർലമെന്റിൽ തെലങ്കാന രൂപീകരണ ബിൽ തിടുക്കത്തിൽ കൊണ്ടുവന്നതും പ്രധാനമന്ത്രി അംഗങ്ങളെ ഓർമ്മിപ്പിച്ചു. "വാതിലുകൾ അടച്ചും ടിവി കാമറകൽ ഓഫാക്കിയും തെലങ്കാന രൂപീകരിച്ചത് രാജ്യം കണ്ടതാണ്."
വാജ്പേയ് സർക്കാർ ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഛത്തീഗഡ് സംസ്ഥാനങ്ങൾ രൂപീകരിച്ച രീതിയും അദ്ദേഹം ചൂണ്ടിക്കാട്ടി.
2014 ഡിസംബർ 31 നകം ഇന്ത്യയിലെത്തിയ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ മുസ്ലീം ഒഴികെയുള്ള എല്ലാ മതങ്ങളിലെയും അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്ന പുതിയ നിയമത്തിനെതിരായ പ്രതിഷേധത്തെയും അദ്ദേഹം വിമർശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.