• HOME
 • »
 • NEWS
 • »
 • india
 • »
 • Passport | യെമനിലേക്കുള്ള യാത്രാ വിലക്ക്: പിടിച്ചെടുത്ത പാസ്പോർട്ടുകൾ വിട്ടുനൽകണമെന്ന ആവശ്യവുമായി ഹർജിക്കാർ

Passport | യെമനിലേക്കുള്ള യാത്രാ വിലക്ക്: പിടിച്ചെടുത്ത പാസ്പോർട്ടുകൾ വിട്ടുനൽകണമെന്ന ആവശ്യവുമായി ഹർജിക്കാർ

യെമനിലേക്കുള്ള യാത്രകള്‍ കേന്ദ്രസർക്കാരിന്റെ വിദേശകാര്യ നയങ്ങളെ സാരമായി ബാധിക്കുമെന്ന കാരണം പറഞ്ഞാണ് പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തത്.

 • Last Updated :
 • Share this:
  കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യെമനില്‍ (Yemen) ജോലി ചെയ്തിരുന്ന ചില ഇന്ത്യന്‍ പൗരന്മാരുടെ (Indian citizens) പാസ്‌പോര്‍ട്ടുകള്‍ (passport) അധികൃതര്‍ പിടിച്ചെടുത്തിരുന്നു. എന്നാൽ തങ്ങളുടെ പാസ്‌പോർട്ട് വിട്ടുനൽകണമെന്ന് ആവശ്യവുമായി ഹര്‍ജിക്കാര്‍ ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതിയെ (Delhi High court) സമീപിച്ചു.

  യെമനിലേക്കുള്ള യാത്രകള്‍ കേന്ദ്രസർക്കാരിന്റെ വിദേശകാര്യ നയങ്ങളെ സാരമായി ബാധിക്കുമെന്ന കാരണം പറഞ്ഞാണ് പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തത്. തങ്ങള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണെന്നും തങ്ങളുടെ സാഹചര്യം മൂലമാണ് സുരക്ഷ പ്രശ്‌നങ്ങളുള്ള യെമന്‍ പോലുള്ള രാജ്യത്ത് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായതെന്നും പാസ്പോര്‍ട്ട് വിട്ടുനല്‍കണമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ അപേക്ഷിച്ചു.

  അതേസമയം, കേന്ദ്രസര്‍ക്കാര്‍ യാത്രാ വിലക്ക് നീക്കുന്നത് വരെ യെമനിലേക്ക് യാത്ര ചെയ്യില്ലെന്ന് സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാണെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ബന്ധപ്പെട്ട വകുപ്പില്‍ നിന്നുള്ള മറുപടി ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന്, കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് സെപ്തംബര്‍ ഒന്നിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

  read also: 'പാകിസ്ഥാനിലേക്ക് അബദ്ധത്തിൽ മിസൈൽ' മൂന്ന് എയർഫോഴ്സ് ഉദ്യോഗസ്ഥരെ പുറത്താക്കി

  2019 സെപ്തംബര്‍ 26ലെ കേന്ദ്രസര്‍ക്കാരിന്റെ ഗസറ്റ് വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകനായ സുഭാഷ് ചന്ദ്രന്‍ കെ.ആര്‍ വാദിച്ചു. വിജ്ഞാപനമനുസരിച്ച്, യെമനിലേക്കുള്ള യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പാസ്പോര്‍ട്ടോ യാത്രാ രേഖയോ അസാധുവാണ്.

  ഇത് ലംഘിച്ച് യെമനിലേക്ക് യാത്ര ചെയ്യുന്ന ഏതൊരു ഇന്ത്യന്‍ പൗരനും 1967 ലെ പാസ്പോര്‍ട്ട് നിയമത്തിന്റെ 12-ാം വകുപ്പ് പ്രകാരമുള്ള നടപടിക്ക് വിധേയമാകുമെന്നും ഇവരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുകയോ റദ്ദാക്കുകയോ ചെയ്യുമെന്നുമാണ് നിയമം.

  see also: എല്ലാ പാർട്ടികളും സൗജന്യങ്ങളെ അനുകൂലിക്കുന്നവർ; ക്ഷേമവും സൗജന്യവും തിരിച്ചറിയണം: സുപ്രീം കോടതി

  അതേസമയം, തങ്ങളുടെ കൂട്ടത്തിലുള്ളവരില്‍ ഭൂരിഭാഗവും മധ്യവയസ്‌കരാണെന്നും അവര്‍ക്ക് ഈ ഘട്ടത്തിൽ രാജ്യത്ത് തൊഴിൽ കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ഹർജിക്കാർ വ്യക്തമാക്കി. അവരില്‍ ഭൂരിഭാഗവും യെമന്‍ ഒഴികെയുള്ള നിരവധി വിദേശ രാജ്യങ്ങളില്‍ ജോലി തേടുന്നവരാണെന്നും ഹര്‍ജിയില്‍ പറയുന്നു.

  അതേസമയം, ഈ വര്‍ഷം മാര്‍ച്ചില്‍, മതപഠനത്തിനായി യെമനിലേക്ക് പോയ മലയാളി സംഘത്തെ തിരികെ നാട്ടിലെത്തിച്ചിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ള 14 അംഗ സംഘത്തെയാണ് തിരികെ എത്തിച്ചത്. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി അബ്ദുല്‍ ഹാഷിം, മൂന്ന് കുട്ടികള്‍, കോഴിക്കോട് സ്വദേശിനിയായ ഭാര്യ, ഇവരുടെ ബന്ധുക്കള്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

  അബ്ദുല്‍ ഹാഷിമും കുടുംബവും ഇവരുടെ കുടുംബത്തിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള 12 പേര്‍, മറ്റ് രണ്ടുപേര്‍ ഇവരാണ് യെമന്‍ ലക്ഷ്യമാക്കി പോയത്. ചെലവ് കുറവാണെന്നും യഥാര്‍ഥ മതപഠനം യെമനില്‍ സാധ്യമാകും എന്നും ഇവര്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.

  ആഭ്യന്തര കലാപവും വിദേശ ഇടപെടലുകളും കൊണ്ട് കലുഷിതമായ യെമനിലേക്ക് പോകാന്‍ വേണ്ട അനുമതി കേന്ദ്രസര്‍ക്കാരില്‍നിന്ന് ഇവര്‍ വാങ്ങിയിരുന്നില്ല. വിമാന മാര്‍ഗം ഒമാനിലെ സലാലയില്‍ എത്തുകയും അവിടെനിന്ന് റോഡ് മാര്‍ഗം യെമന്‍ അതിര്‍ത്തി കടക്കാനുമാണ് സംഘം പദ്ധതിയിട്ടത്. എന്നാല്‍ യെമന്‍ ചെക്‌പോസ്റ്റില്‍ വച്ച് സേന ഇവരെ തടഞ്ഞു തിരിച്ചയച്ചതായാണ് വിവരം.
  Published by:Amal Surendran
  First published: