• HOME
  • »
  • NEWS
  • »
  • india
  • »
  • Price Rise | 'പെന്‍സിലിനും റബ്ബറിനും മാഗിയ്ക്കും വില കൂടി'; പ്രധാനമന്ത്രിയ്ക്ക് ഒന്നാം ക്ലാസുകാരിയുടെ കത്ത്

Price Rise | 'പെന്‍സിലിനും റബ്ബറിനും മാഗിയ്ക്കും വില കൂടി'; പ്രധാനമന്ത്രിയ്ക്ക് ഒന്നാം ക്ലാസുകാരിയുടെ കത്ത്

'എന്റെ പേര് കൃതി. ഒന്നാം ക്ലാസിലാണ് ഞാന്‍ പഠിക്കുന്നത്. മോദിജി, വലിയ വിലക്കയറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. എന്റെ പെന്‍സിലിനും റബ്ബറിനും പോലും വില കൂടി

  • Last Updated :
  • Share this:
    രാജ്യത്ത് വിലക്കയറ്റം (price hike) അതിരൂക്ഷമായിരിക്കുകയാണ്. ഇപ്പോഴിതാ ഒരു ഒന്നാം ക്ലാസുകാരി (first standard student) വിലക്കയറ്റം കാരണം തനിയ്ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് (narendra modi) കത്തെഴുതിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ (utter pradesh) കനൗജ് ജില്ലയില്‍ നിന്നുള്ള കൃതി ദുബെ എന്ന പെണ്‍കുട്ടിയുടെ കത്താണ് വാര്‍ത്തകളില്‍ നിറയുന്നത്.

    'എന്റെ പേര് കൃതി ദുബെ. ഒന്നാം ക്ലാസിലാണ് ഞാന്‍ പഠിക്കുന്നത്. മോദിജി, വലിയ വിലക്കയറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. എന്റെ പെന്‍സിലിനും റബ്ബറിനും പോലും വില കൂടി. മാഗിയുടെ വില പോലും വര്‍ദ്ധിച്ചിരിക്കുകയാണ്. പുതിയ പെന്‍സില്‍ ചോദിക്കുമ്പോള്‍ ഇപ്പോള്‍ അമ്മ തല്ലുകയാണ്. ഞാന്‍ എന്ത് ചെയ്യും? മറ്റ് കുട്ടികളാണെങ്കില്‍ എന്റെ പെന്‍സില്‍ മോഷ്ടിയ്ക്കുകയാണ്' കൃതി കത്തില്‍ വ്യക്തമാക്കി.

    ഹിന്ദിയില്‍ എഴുതിയിരിക്കുന്ന കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

    'ഇത് എന്റെ മകളുടെ മന്‍ കി ബാത്താണ്. സ്‌കൂളില്‍ വെച്ച് പെന്‍സില്‍ നഷ്ടമായതിന്റെ പേരില്‍ അമ്മ ശകാരിച്ചതില്‍ അവള്‍ക്ക് വലിയ വിഷമമുണ്ട്.' കൃതിയുടെ അച്ഛനും അഭിഭാഷകനുമായ വിശാല്‍ ദുബെ പറഞ്ഞു.

    സോഷ്യല്‍ മീഡിയകളിലൂടെയാണ് പെണ്‍കുട്ടിയുടെ കത്തിനെപ്പറ്റി അറിഞ്ഞതെന്ന് സ്ഥലം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അശോക് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. 'കുട്ടിയെ സഹായിക്കാന്‍ ഞാന്‍ തയ്യാറാണ്. അവളുടെ കത്ത് ബന്ധപ്പെട്ട അധികാരികളില്‍ എത്തിക്കാന്‍ പരമാവധി ശ്രമിക്കും' അദ്ദേഹം പറഞ്ഞു.

    അതേസമയം, വിലക്കയറ്റം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് 2022 മെയ് മാസത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അഞ്ച് ഇന പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. അവ എന്തെല്ലാമെന്ന് നോക്കാം.

    ഇന്ധന - പാചക വാതക വില

    പെട്രോള്‍ ലിറ്ററിന് 9.50 രൂപ കുറയും. ഡീസല്‍ ലിറ്ററിന് 8 രൂപ കുറയും. കേന്ദ്ര എക്‌സൈസ് തീരുവ കുറച്ചതോടെയാണിത്. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് എക്‌സൈസ് തീരുവ കുറച്ചത്. ഇതോടെയാണ് പെട്രോള്‍ ലിറ്ററിന് 9.50 രൂപയുടെയും ഡീസല്‍ ലിറ്ററിന് എട്ട് രൂപയുടെയും കുറവുണ്ടാവുന്നതെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്. കൂടാതെ പാചക വാതകത്തിന് വീണ്ടും സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതി മുഖാന്തരമാണ് സബ്‌സിഡി ലഭിക്കുന്നത്. സിലിണ്ടറിന് 200 രൂപ എന്ന കണക്കില്‍ പരമാവധി 12 സിലിണ്ടറുകള്‍ക്കാണ് സബ്‌സിഡി ലഭിക്കുക.

    വളങ്ങളും കീടനാശിനികളും

    കാര്‍ഷിക രംഗത്ത് ചെലവുയരുന്ന സാഹചര്യത്തില്‍ വളങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നത് ഉയര്‍ത്തി. ഈ വര്‍ഷത്തെ ബജറ്റില്‍ 1.05 ലക്ഷം കോടിയാണ് വളം സബ്‌സിഡിയായി നീക്കിവെച്ചത്. ഒരു ലക്ഷം കോടി രൂപ കൂടി സബ്‌സിഡിയായി നല്‍കും. ഇതോടെ വളത്തിന്റെ വില കുറയും.

    പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍

    പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ അസംസ്‌കൃത വസ്തുക്കളുടെയും അനുബന്ധ ഘടകങ്ങളുടെയും ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ കുറയ്ക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ ഇറക്കുമതിയെ ഇന്ത്യ വന്‍തോതില്‍ ആശ്രയിക്കുന്നതായി കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.

    ഇരുമ്പ് - ഉരുക്ക്

    ഇരുമ്പിന്റെയും ഉരുക്കിന്റെയും അനുബന്ധ ഘടകങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് തീരുവ കുറയ്ക്കാനും തീരുമാനമെടുത്തിരുന്നു. ഈ മേഖലയില്‍ കയറ്റുമതിക്ക് നികുതി ഇളവ് പ്രഖ്യാപിക്കുകയും ചെയ്തു.

    സിമന്റ്

    നിര്‍മ്മാണ മേഖലയിലും ചെലവ് ചുരുക്കാന്‍ കേന്ദ്രം ഇടപെടുന്നുണ്ട്. സിമന്റ് ലഭ്യത ഉറപ്പാക്കാനും സിമന്റ് വില കുറയ്ക്കാനുമാണ് ശ്രമം. സിമന്റ് മേഖലയില്‍ ചരക്ക് ഗതാഗതം സുഗമമാക്കാനും ഇടപെടുമെന്നും കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
    Published by:Anuraj GR
    First published: