ക്ഷേത്രങ്ങളിലെ വിഐപി സംസ്കാരത്തിൽ (VIP culture) ജനങ്ങൾ നിരാശരാണെന്ന് (frustrated) ചെന്നൈയിലെ മദ്രാസ് ഹൈക്കോടതി ബെഞ്ചിന്റെ (Madras High Court bench) നിരീക്ഷണം. ക്ഷേത്രങ്ങളിലെ (Temples) പ്രത്യേക പ്രവേശനം വിഐപികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമായി പരിമതപ്പെടുത്തണം എന്നും ബന്ധുക്കൾക്ക് പാടില്ലെന്നും തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂരിലെ പ്രസിദ്ധമായ അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം പറഞ്ഞു. തമിഴ്‌നാട്ടിലെ ഈ പ്രശസ്തമായ ആരാധനാലയത്തിലെ പ്രത്യേക ദർശനം സംബന്ധിച്ച് നിരവധി നിർദ്ദേശങ്ങളും ബെഞ്ച് പുറപ്പെടുവിച്ചു.
“ചിലർ പ്രത്യേക ദർശനം അർഹിക്കുന്നു എന്നതിൽ തർക്കമില്ല. എന്നാൽ, അത്തരം ഉപചാരങ്ങൾ ആ വ്യക്തികൾ വഹിക്കുന്ന പ്രത്യേക പദവികൾക്ക് മാത്രമായി നീക്കിവച്ചിരിക്കുന്നതാണ് നേരെ മറിച്ച് വ്യക്തിപരമായി നൽകുന്നതല്ല. മിക്ക വികസിത രാജ്യങ്ങളിലും, ഏറ്റവും ഉയർന്ന പദവികളിലുള്ള ചുരുക്കം ചിലർക്ക് മാത്രമേ സർക്കാർ സംരക്ഷണം നൽകുന്നുള്ളൂ. അതായത്, ഭരണഘടനാപരമായ പദവിയിലുള്ള വ്യക്തികൾക്ക് മാത്രം, ബാക്കിയുള്ളവർ സുരക്ഷ നിർവഹിക്കാൻ വേണ്ടിയുള്ളവരാണ്. ചില പ്രത്യേക അവകാശങ്ങൾ പൗരന്മാരുടെ സമത്വത്തിന് തടസ്സമാകില്ല” ജഡ്ജി ചൂണ്ടിക്കാട്ടി.
“വിഐപി സംസ്കാരത്തിൽ ആളുകൾ നിരാശരാണ്, പ്രത്യേകിച്ച് ക്ഷേത്രങ്ങൾ പോലെ അടച്ചിട്ട പരിസരങ്ങളിൽ, വിഐപികളുടെയും മറ്റ് പ്രധാന വ്യക്തികളുടെയും പ്രത്യേക ദർശനത്തിന്റെ പേരിൽ ഭക്തർ നിരവധി ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരുന്നുണ്ട്. ആളുകൾ ഇതിൽ ഖേദിക്കുക മാത്രമല്ല യഥാർത്ഥത്തിൽ ശപിക്കുകയും ചെയ്യുന്നുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുദർശനത്തിന് അസൗകര്യം ഉണ്ടാകാതെ വിഐപി ദർശനം ഉറപ്പാക്കാൻ ക്ഷേത്ര ഭരണസമിതി ബാധ്യസ്ഥരാണ്. വിഐപികളുടെ പട്ടിക തമിഴ്‌നാട് സർക്കാർ ഇതിനകം അറിയിച്ചിട്ടുണ്ടെന്നും വിഐപികളുടെ പ്രസ്തുത പട്ടിക ക്ഷേത്ര ഭരണസമിതി പരിപാലിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
"വിഐപികൾക്കായുള്ള പ്രത്യേക പ്രവേശനം ദർശനത്തിനായി കാത്തിരിക്കുന്ന ഭക്തരുടെയും പൊതുജനങ്ങളുടെയും സമത്വത്തിനുള്ള അവകാശം ലംഘിക്കുന്നതിന് കാരണമാകരുതെന്നും വിഐപി പ്രവേശനം വിഐപികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തണം, ബന്ധുക്കൾക്ക് പാടില്ല എന്നും” ജഡ്ജി ചൂണ്ടിക്കാട്ടി.
വിഐപികൾക്കൊപ്പം സുരക്ഷ ഉദ്യേഗസ്ഥരും അനുഗമിക്കേണ്ടി വന്നേക്കാം. എന്നാൽ സ്റ്റാഫ് അംഗങ്ങൾക്കും മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥർക്കും വിഐപികൾക്കൊപ്പം പ്രത്യേക ദർശനം അനുവദിക്കില്ലെന്ന കാര്യം വ്യക്തമാക്കുന്നതായും ജഡ്ജി പറഞ്ഞു.
മറ്റ് ഭക്തർക്കൊപ്പം പണമടച്ചുള്ള വരിയിലൂടെയോ അല്ലെങ്കിൽ സൗജന്യ ദർശനത്തിനുള്ള നിരയിലൂടെയോ മാത്രമേ മറ്റ് ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ദർശനത്തിന് അനുവദിക്കാവൂ എന്നും ജഡ്ജി വ്യക്തമാക്കി.
മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഭക്തർ ദൈവത്തെ ആരാധിക്കുന്നത്, അതിനാൽ ഭക്തർക്കിടയിൽ ഒരു വിവേചനവും ഉണ്ടാകാൻ പാടില്ല, കാരണം വിഐപികളും ഭക്തർ എന്ന നിലയിലാണ് ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്നത്.
“ദൈവം മാത്രമാണ് വിഐപി. ഏതെങ്കിലും ഒരു വിഐപി മറ്റ് ഏതെങ്കിലും ഒരു ഭക്തന് എന്തെങ്കിലും അസൗകര്യം ഉണ്ടാക്കുകയാണെങ്കിൽ, അത്തരമൊരു വിഐപി മതപരമായ പാപമാണ് ചെയ്യുന്നത്, അത് ദൈവം ക്ഷമിക്കില്ല. അതിനാൽ, വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള വിഐപി വിഭാഗത്തിൽ ഉൾപ്പെടാത്ത ഉദ്യോഗസ്ഥരേയോ മറ്റ് വ്യക്തികളേയോ, ഭക്തരേയോ, സംഭാവന നൽകുന്നവരേയോ വിഐപിയ്‌ക്കൊപ്പമോ പ്രത്യേക നിര ഉണ്ടാക്കിയോ ക്ഷേത്രത്തിൽ പ്രത്യേക ദർശനം നടത്താൻ അനുവദിക്കുന്നതല്ല എന്നും “ കോടതി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.