ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിവാദത്തിന്റെ(Hijab Row) പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ്(common dress code) വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍(Supreme Court) പൊതുതാത്പര്യ ഹര്‍ജി. നിഖില്‍ ഉപാധ്യായ എന്നയാളാണ് ഒരേ ഡ്രസ് കോഡ് എന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും ഡ്രസ് കോഡ് വേണമെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം കര്‍ണാടകയിലെ ഹിജാബ് വിവാദം സംബന്ധിച്ച് ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തിയിരുന്നു. ഹിജാബ് വിവാദത്തെ ദേശീയ വിഷയമായി ഉയര്‍ത്തിക്കൊണ്ട് വരരുതെന്ന് അഭിഭാഷകരോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. വിഷയം അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഉചിതമായ സമയത്ത് ഹര്‍ജി പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വ്യക്തമാക്കി.
സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സ്പെഷല്‍ ലീവ് പെറ്റീഷന് മുതിര്‍ന്ന അഭിഭാഷകന് ദേവദത്ത് കാമത്ത് ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. ഹിജാബ് വിവാദത്തിലെ ഹൈക്കോടതി നിരീക്ഷണങ്ങളെ ഹര്‍ജിക്കാര്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
കേസില്‍ തീര്‍പ്പുണ്ടാകുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബും, കാവി ഷാളും അടക്കം വിശ്വാസവുമായി ബന്ധപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കരുത് തുടങ്ങിയ കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഭരണഘടനയില്‍ ഊന്നി നിന്നുക്കൊണ്ട് ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇടക്കാല ഉത്തരവ് ഇതുവരെ അപ്ലോഡ് ചെയ്തിട്ടില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. ഈ സാഹചര്യത്തിലായിരുന്നു വിഷയം ഡല്‍ഹിയിലേക്ക് കൊണ്ടുവന്ന് ദേശീയ തലത്തിലേക്ക് എത്തിക്കാനാണോ ആവശ്യപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചത്.
ഹിജാബ് വിവാദം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ദിവസവും നിരസിച്ചിരുന്നു. കര്‍ണ്ണാടക ഹൈക്കോടതി അടിയന്തര സ്വഭാവത്തോടെ വിഷയം പരിഗണിക്കുന്നുണ്ടെന്നും കോടതി ഉത്തരവിന് ശേഷം ആവശ്യമെങ്കില്‍ പരിഗണിക്കാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ പ്രതികരണം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.