മുബൈ :മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയുടെ പരസ്യമായി സംസാരിക്കുന്നതില്‍ നിന്ന് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ ചോദ്യമുന്നയിച്ച് ഡിവിഷന് ബെഞ്ച്. ഈ ഹര്‍ജി എങ്ങനെ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി ആയി പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് അഭയ് അഹൂജ, എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചത്.
സാമൂഹിക പരിഷ്കര്‍ത്താവായ ജ്യോതിഫാ ഫൂലെ, സാവിത്രി, മഹാരാഷ്ട്ര ഭരണാധികാരിയായിരുന്ന ഛത്രപതി ശിവജി എന്നിവരെപ്പറ്റി കോഷ്യാരി നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ഗവര്‍ണര്‍ക്കെതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഇത്തരം സംസാരം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
അഭിഭാഷകനായ നിതിന്‍ സാത്പുതെ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ പരാതി പരിശോധിച്ച ശേഷമാണ് തങ്ങള്‍ക്ക് എങ്ങനെ അദ്ദേഹത്തിന്റെ വാക്കുകളെ നിയന്ത്രിക്കാന്‍ കഴിയും എന്നും ഇതെങ്ങനെ ഒരു പൊതു താല്‍പ്പര്യ ഹര്‍ജിയായി പരിഗണിക്കുമെന്നും ബെഞ്ച് ചോദിച്ചത്. വിഷയവുമായി ബന്ധപ്പെട്ട രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം കേസ് പരിഗണിക്കാമെന്ന് കോടതി ഉത്തരവിട്ടു.
വിവാദ പരാമര്‍ശങ്ങള്‍
ഫെബ്രുവരി 2നാണ് ഭഗത് സിംഗ് കോഷ്യാരി വിവാദ പരാമര്‍ശം നടത്തിയത്. സമര്‍ഥ് രാംദാസ് ആണ് ഛത്രപതി ശിവാജിയുടെ ഗുരുവെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇത് ചരിത്ര വസ്തുതകള്‍ക്ക് എതിരാണ്.
‘ഒരുപാട് ചക്രവര്‍ത്തിമാര്‍ ഈ മണ്ണില്‍ ജനിച്ചിട്ടുണ്ട്. എന്നാല്‍ ചാണക്യന് ഇല്ലായിരുന്നെങ്കില്‍ ആരെങ്കിലും ചന്ദ്രഗുപ്തനെപ്പറ്റി അറിയുമായിരുന്നോ? ഗുരു സമര്‍ത്ഥ് (രാംദാസ്) ഇല്ലായിരുന്നെങ്കില്‍ ആരെങ്കിലും ഛത്രപതി ശിവജിയെ അറിയുമായിരുന്നോ?’, എന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.
അതേസമയം സാവിത്രി ഫൂലെയെപ്പറ്റിയും ജ്യോതിഫാ ഫൂലെയെപ്പറ്റിയും തെറ്റായ പ്രസ്താവന ഗവര്‍ണര്‍ നടത്തിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഹര്‍ജി പ്രകാരം, സാവിത്രി ഫൂലെയുടെ പ്രതിമ ഉദ്ഘാടനം ചെയ്യവേ ഗവര്‍ണര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘സാവിത്രിഭായിക്ക് പത്തു വയസ്സുള്ളപ്പോഴാണ് അവര്‍ വിവാഹിതയായത്. അവരുടെ ഭര്‍ത്താവിന് (ജ്യോതിറാവു ഫൂലെ) അന്ന് 13 വയസ്സ് ആയിരുന്നു പ്രായം. ഇനി ഒന്ന് ചിന്തിച്ച് നോക്കൂ. വിവാഹ ശേഷം എന്താണ് ആ പെണ്‍കുട്ടിയും ആണ്‍കുട്ടിയും ചെയ്തിരിക്കുക? എന്തായിരിക്കും അവര്‍ ചിന്തിച്ചിരിക്കുക? എന്നായിരുന്നു.
ഗവര്‍ണര്‍ക്ക് പ്രായമേറിവരികയാണെന്നും നിലവിലെ ശാരീരിക ക്ഷമതയിൽ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും പരാതിയില്‍ പറയുന്നു. സാധാരണ ഗവര്‍ണറെ നീക്കം ചെയ്യുന്നത് ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകൾ, അഴിമതി, ഭരണഘടനാ ലംഘനങ്ങള്‍, അല്ലെങ്കില്‍ മോശം പെരുമാറ്റം എന്നിവയുള്‍പ്പെടെയുള്ള അസാധാരണ സാഹചര്യങ്ങളിലാണെന്നും ഹർജിയിൽ പറയുന്നു.
മഹാരാഷ്ട്രയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരിലും മുമ്പ് ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി വിവാദത്തിൽ അകപ്പെട്ടിരുന്നു. ‘മഹാരാഷ്ട്രയില്‍നിന്ന് ഗുജറാത്തികളേയും രാജസ്ഥാനികളേയും ഒഴിവാക്കിയാല്‍ പിന്നെ സംസ്ഥാനത്തെ സാമ്പത്തിക രംഗത്ത് ഒന്നും ബാക്കിയുണ്ടാവില്ല, പ്രത്യേകിച്ച് മുംബൈയിലും താനെയിലും. മുംബൈക്ക് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായി തുടരാന്‍ കഴിയില്ല’ – എന്നായിരുന്നു കോഷ്യാരി മുമ്പ് നടത്തിയ വിവാദ പരാമര്‍ശം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.