തിരുവനന്തപുരം: വോട്ടെടുപ്പിൽ അബദ്ധം പറ്റിയാൽ ഉത്തർപ്രദേശ് കേരളമാകുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ (Yogi Adityanath) പരാമർശത്തിന് മറുപടിയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). യുപിയിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിനത്തിലായിരുന്നു പരാമർശം. ഒരു അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്.
Also Read-
'സൂക്ഷിക്കുക, തെറ്റുപറ്റിയാല്‍ യുപി കേരളമായി മാറും'; വോട്ടെടുപ്പ് ദിനത്തില്‍ വോട്ടര്‍മാരോട് യോഗി ആദിത്യനാഥ്
ഇതിനാണ് പിണറായി വിജയൻ ട്വിറ്ററിലൂടെ മറുപടി നൽകിയിരിക്കുന്നത്. യോഗി ആദിത്യനാഥ് ഭയപ്പെടുന്നതു പോലെ യുപി കേരളമായാൽ, ആരും ജാതിയുടേയും മതത്തിന്റേയും പേരിൽ കൊല്ലപ്പെടില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കി. മികച്ച വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, സാമൂഹ്യക്ഷേമം, ഉയർന്ന ജീവിത നിലവാരം എന്നിവ ഉറപ്പു വരും എന്ന് മാത്രമല്ല, മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യർ കൊല്ലപ്പെടാത്ത യോജിപ്പുള്ള സമൂഹവുമായിരിക്കും. ഇതാണ് യഥാർത്ഥത്തിൽ ഉത്തർപ്രദേശിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും പിണറായി വിജയൻ ട്വീറ്റിൽ പറഞ്ഞു.
വോട്ടെടുപ്പിന് തൊട്ടു മുമ്പായിരുന്നു തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വീഡിയോ സന്ദേശമായിയോഗി ആദിത്യനാഥിന്റെ കേരളത്തെ കുറിച്ചുള്ള പരാമർശം. ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഭയരഹിതമായ ജീവിതം ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ പുറത്തുവന്നതോടെ മറുപടിയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ രംഗത്തെത്തുകയായിരുന്നു.
പടിഞ്ഞാറന്‍ യു.പിയില്‍ 58 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 2.27 കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക. പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലായി 623 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണിക്കാണ് പോളിങ് ആരംഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.