പഞ്ചാബ്: പിറ്റ് ബുൾ (Pitbull)ആക്രമണത്തിൽ പതിമൂന്നുകാരന് ഗുരുതര പരിക്ക്. പഞ്ചാബിലെ ഗുരദാസ്പൂർ ജില്ലയിൽ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. പിതാവിനൊപ്പം ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന കുട്ടിയെ പിറ്റ് ബുൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ ഒരു ചെവി പൂർണമായി നഷ്ടപ്പെട്ടു.
പട്ടിയുടെ ആക്രമണത്തിൽ നിന്ന് പിതാവ് ഏറെ പാടുപെട്ടാണ് മകനെ രക്ഷിച്ചത്. അൽപം കൂടി വൈകിയിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഗുരുദാസ്പൂരിലെ കോട്ലി ബൻ സിംഗ് ഗ്രാമത്തിലായിരുന്നു സംഭവം.
ഇരുചക്ര വാഹനത്തിൽ പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടയിലാണ് കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. റോഡരികിൽ യജമാനനൊപ്പമായിരുന്നു പിറ്റ് ബുൾ. ബൈക്കിന്റെ പുറകിലുള്ള കുട്ടിയെ കണ്ടതോടെ പട്ടി കുരയ്ക്കാൻ തുടങ്ങി. ഇതിനിടയിൽ ഉടമയുടെ കയ്യിൽ നിന്ന് പട്ടിയുടെ ചങ്ങലയും വിട്ടു. ഇതോടെ പട്ടി അക്രമാസക്തനായി കുട്ടിയുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു.
Also Read-
മകന്റെ വളർത്തുനായയുടെ കടിയേറ്റ് 82 കാരിക്ക് ദാരുണാന്ത്യംആക്രമണത്തിനിരയായ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
അടുത്തിടെ വീട്ടിൽ വളർത്തിയ പിറ്റ്ബുള്ളിന്റെ ആക്രമണത്തിൽ എൺപത്തിരണ്ടുകാരി കൊല്ലപ്പെട്ടത് വാർത്തയായിരുന്നു. ലഖ്നൗവിലെ കൈസർബാഗിൽ കഴിഞ്ഞയാഴ്ച്ചയായിരുന്നു സംഭവം. മുൻ അധ്യാപികയായ സുശീല ത്രിപാഠിയാണ് മരിച്ചത്. സുശീലയുടെ മകൻ അമിത്തിന്റെ വളർത്തുനായയാണ് ആക്രമിച്ചത്.
കൈസർബാഗിലെ ബംഗാളി തോല ഏരിയയിലാണ് അമിത്തും സുശീലയും താമസിച്ചിരുന്നത്. ചൊവ്വാഴ്ച്ച പുലർച്ചെ ആറ് മണിക്ക് സുശീല മാത്രം വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. അമിത് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. രക്തം വാർന്നാണ് മരിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സുശീലയുടെ കഴുത്തിലും അടിവയറ്റിലുമായി 12 ആഴത്തിലുള്ള മുറിവുകൾ ഏറ്റതായി കണ്ടെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.