• HOME
  • »
  • NEWS
  • »
  • india
  • »
  • പരിസ്ഥിതിക്ക് ദോഷം; തെരഞ്ഞെടുപ്പിനിടെ റോഡ്ഷോകളും ബൈക്ക് റാലിയും നിരോധിക്കണമെന്ന് ഹർജി

പരിസ്ഥിതിക്ക് ദോഷം; തെരഞ്ഞെടുപ്പിനിടെ റോഡ്ഷോകളും ബൈക്ക് റാലിയും നിരോധിക്കണമെന്ന് ഹർജി

തെരഞ്ഞെടുപ്പിനിടെ റോഡ് ഷോകളും ബൈക്ക് റാലിയും നടത്തുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി:തെരഞ്ഞെടുപ്പിനിടെ റോഡ് ഷോകളും ബൈക്ക് റാലിയും നടത്തുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. റോഡ് ഷോകളും ബൈക്ക് റാലിയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങളുടെ ലംഘനമാണെന്നും ഇത് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതാണെന്നും കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.

    ഉത്തർപ്രദേശ് മുൻ ഡിജിപി വിക്രം സിംഗ്, പരിസ്ഥിതി പ്രവർത്തകനായ ശൈവിക അഗർവാൾ എന്നിവരാണ് ഹർജി നൽകിയിരിക്കുന്നത്. അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട ബെഞ്ചിലാണ് ഹർജി നൽകിയിരിക്കുന്നത്.

    also read:വനിതകൾക്ക് 41 ശതമാനം സീറ്റ് : മമതയെ അഭിനന്ദിച്ച് ബൽറാം, വിപ്ലവകരമെന്ന് ഡോ. ബിജു

    അതേസമയം ഹർജി അടിയന്തരമായി പരിഗണിക്കാൻ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തുന്ന റോഡ് ഷോകളും ബൈക്ക് റാലികളും വായു മലിനീകരണവും ശബ്ദ മലിനീകരണവും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഗതാഗതക്കുരുക്കും ഉണ്ടാക്കുന്നുവെന്ന് ഹർജിക്കാർ വ്യക്തമാക്കുന്നു.

    റോഡ്ഷോകളിലും തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും പത്തിൽ കൂടുതൽ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും ഉപയോഗിക്കുന്ന വാഹനങ്ങൾ രജിസ്റ്റർ ചെയ്തവയായിരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ഹർജി നൽകിയ അഭിഭാഷകനായ വിരാഗ് ഗുപ്ത പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശമനുസരിച്ച് രണ്ട് വാഹനങ്ങൾ തമ്മിൽ 200 മീറ്റർ അകലം പാലിക്കണമെന്നും റോഡിന്റെ പകുതിയിലധികം മൂടപ്പെടരുതെന്നും റോഡ്ഷോയിൽ പങ്കെടുക്കുന്ന വാഹനങ്ങളും ആളുകളും മുൻകൂട്ടി അധികാരികളെ അറിയിക്കണമെന്നും പറയുന്നു.

    ഈ നിർദേശങ്ങളെല്ലാം പേപ്പറിൽ ഒതുങ്ങുകയാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും ശിക്ഷാനടപടി ലംഘിക്കുകയാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ റോഡ് ഷോകളിൽ ഉപയോഗിക്കുന്നുണ്ടെന്നും ഇവ 1988ലെ മോട്ടോർ വാഹന നിയമം, 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമം തുടങ്ങി നിരവധി നിയമങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.

    ടിവിയും ഇന്റർനെറ്റും ടോയ്ലെറ്റും ഉൾപ്പെടെ എല്ലാ ആഡംബരങ്ങളോടും കൂടിയ പരിഷ്കരിച്ച വാഹനങ്ങൾ വളരെ ചെലവേറിയവയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് ചെലവിനെക്കാൾ കൂടുതലാണെന്നും ഹർജിക്കാർ ആരോപിക്കുന്നു. ഇത്തരം വാഹനങ്ങളുപയോഗിച്ച് നടത്തുന്ന റോഡ് ഷോകൾക്കിടെ വിവിഐപികൾ ആക്രമണത്തിനിരയാവുന്നുവെന്നും ഹർജി ചൂണ്ടിക്കാട്ടുന്നു.

    തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയുണ്ടായ ആക്രമണത്തിൽ രാജ്യത്തിന് ഒരു മുൻ പ്രധാനമന്ത്രിയെ നഷ്ടമായിട്ടുണ്ടെന്നും പാകിസ്ഥാനിൽ മുൻ പ്രധാനമന്ത്രി വെടിയേറ്റ് മരിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.‌

    First published: