കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തലത്തില്‍ പ്രചാരണം ശക്തമാക്കാനൊരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പതിനായിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരെ വിര്‍ച്വലായി അഭിസംബോധന ചെയ്തു. കൂടാതെ ‘റെവ്ഡി സംസ്കാരം’ (സൗജന്യമായി നല്‍കുന്നത്) അവസാനിപ്പിക്കുന്നതിനുള്ള ശക്തമായ ചുവടുവെയ്പ്പിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു.
കോൺഗ്രസ് പാര്‍ട്ടിയ്ക്ക് തന്നെ വാറന്റി ഇല്ലാത്തപ്പോൾ പാർട്ടി നൽകുന്ന ഗ്രാരന്റിയ്ക്ക് എന്ത് അര്‍ത്ഥമാണുള്ളതെന്ന് ചോദിച്ച് മോദി കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ചു. എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി (ഗൃഹജ്യോതി), ഓരോ കുടുംബത്തിലെയും ഗ്രഹനാഥക്ക് 2,000 രൂപ പ്രതിമാസ സഹായം (ഗൃഹ ലക്ഷ്മി), ബിരുദധാരികളായ യുവാക്കള്‍ക്ക് എല്ലാ മാസവും 3,000 രൂപ, ഡിപ്ലോമക്കാര്‍ക്ക് (18-25 വയസ്സിനിടയിലുള്ളവര്‍ക്ക്) രണ്ട് വര്‍ഷത്തേക്ക് (യുവനിധി പദ്ധതി) 1,500 രൂപ എന്നിവയാണ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്കുന്ന വാഗ്ദാനങ്ങൾ.
സൗജന്യങ്ങള്‍ കാരണം സംസ്ഥാനങ്ങള്‍ കടക്കെണിയില്‍ മുങ്ങുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തിനും സര്‍ക്കാരുകള്‍ക്കും ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്നും ഊന്നിപ്പറഞ്ഞു. ‘നമ്മുടെ രാജ്യത്ത് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയത്തെ അധികാരത്തിന്റെയും അഴിമതിയുടെയും മാര്‍ഗമാക്കിയിരിക്കുകയാണ്, ഇത് നേടിയെടുക്കുന്നതിന് അവര്‍ ‘സാം, ധാം, ദണ്ഡ്, ബേദ്’ (നയതന്ത്രം, ധനം, ശിക്ഷ, ദൗര്‍ബല്യം) തുടങ്ങിയ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുന്നു. ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോ കര്‍ണാടകയുടെ ഭാവി തലമുറയെക്കുറിച്ചോ യുവാക്കളെക്കുറിച്ചോ സ്ത്രീകളെക്കുറിച്ചോ ചിന്തിക്കുന്നില്ല,’ പ്രധാനമന്ത്രി പറഞ്ഞു.
സൗജന്യ രാഷ്ട്രീയം കാരണം, പല സംസ്ഥാനങ്ങളും വലിയ തോതിലാണ് പണം ചെലവാക്കുന്നത്, അത് ഭാവി തലമുറക്ക് കൂടി വേണ്ടിയുള്ളതാണ് പ്രധാനമന്ത്രി പറഞ്ഞു.
‘രാജ്യത്തിന് ഇങ്ങനെ മുന്നോട്ട് പോകാന്‍ കഴിയില്ല, സര്‍ക്കാരുകള്‍ക്കും ഇങ്ങനെ മുന്നോട്ട് പോകാന്‍ കഴിയില്ല, വര്‍ത്തമാനകാലത്തോടൊപ്പം ഭാവിയെക്കുറിച്ചും സര്‍ക്കാരുകള്‍ ചിന്തിക്കണം. സര്‍ക്കാരിന് ദൈനംദിന ആവശ്യങ്ങള്‍ക്കായി മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയില്ല, അവര്‍ ആസ്തി സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് 10-ന് നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി പ്രചാരണം ശക്തമാക്കാനുള്ള പാര്‍ട്ടിയുടെ ശ്രമത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. പ്രധാനമന്ത്രിയുടെ ഈ വിര്‍ച്വല്‍ റാലിയില്‍ 58,112 ബൂത്തുകളില്‍ നിന്നായി 50 ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി നേരത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തെ പര്യടനം നടത്താനിരിക്കുന്ന പ്രധാനമന്ത്രി ആറ് പൊതുയോഗങ്ങളില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയും രണ്ട് റോഡ് ഷോകളില്‍ പങ്കെടുക്കുകയും ചെയ്യും.
ബി.ജെ.പി. കുറുക്കുവഴികള്‍ സ്വീകരിക്കുന്നില്ലെന്നും വികസിത ഇന്ത്യക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മോദി പറഞ്ഞു. ‘അഞ്ച് വര്‍ഷത്തെ സ്വന്തം ഭരണത്തെക്കുറിച്ച് ബിജെപി ചിന്തിക്കുന്നില്ല, മറിച്ച് രാജ്യത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഞങ്ങള്‍ പാര്‍ട്ടിയെക്കുറിച്ചല്ല, രാജ്യത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ചല്ല, മറിച്ച് അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
ചില താല്‍ക്കാലിക വെല്ലുവിളികള്‍ നേരിടുന്നതിന് രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍, സൗജന്യ വാക്സിനേഷന് തുടങ്ങി സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ട്. ഇത് സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കണമെങ്കില്‍, സൗജന്യമായി നല്‍കുന്നത് നിര്‍ത്തലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ യുവാക്കളോട് അഭ്യര്‍ത്ഥിക്കുന്നു, ചില പാര്‍ട്ടികള്‍ സൗജന്യമായി എല്ലാം വിതരണം ചെയ്തുകൊണ്ട് നിങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിച്ചേക്കാം, എന്നാല്‍ നിങ്ങളുടെയും വരാനിരിക്കുന്ന തലമുറയുടെയും ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടത് നിങ്ങളുടെ കടമയാണ്…’ പ്രധാനമന്ത്രി പറഞ്ഞു. ഹിമാചല്‍ പ്രദേശിലും രാജസ്ഥാനിലും എല്ലാം സൗജന്യമായി നല്‍കാമെന്ന കോണ്‍ഗ്രസിന്റെ ഉറപ്പ്, ഉറപ്പായിട്ട് മാത്രം തുടരുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് എന്നാല്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെ ഉറപ്പാണ്. യഥാര്‍ത്ഥ ഉറപ്പ് നല്കാന് കഴിയാത്ത ഒരു ഘട്ടത്തിലേക്ക് കോണ്‍ഗ്രസ് എത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.