ഗുജറാത്തിനെ (Gujarat) അപകീര്‍ത്തിപ്പെടുത്താനും നിക്ഷേപങ്ങള്‍ (investments) തടയാനും ഗൂഢാലോചന നടക്കുന്നുണ്ടെന്നും എന്നാല്‍ സംസ്ഥാനം അവയെ മറികടന്ന് പുരോഗതിയുടെ പാതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി (Prime Minister) നരേന്ദ്ര മോദി (Narendra Modi). നിരവധി പോരായ്മകളുണ്ടെങ്കിലും 2047-ഓടെ ഇന്ത്യ ഒരു വികസിത രാജ്യമായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്തില്‍ എത്തിയ പ്രധാനമന്ത്രി കച്ച് ജില്ലയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു. ഈ വര്‍ഷം അവസാനം ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നിലവില്‍ ബിജെപിയാണ് ഇവിടെ ഭരിക്കുന്നത്. റാലിയ്ക്ക് മുന്‍പ് മോദി മൂന്ന് കിലോമീറ്റര്‍ റോഡ് ഷോ നടത്തിയിരുന്നു. ആയിരക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രിയ്ക്ക് അഭിവാദ്യം അര്‍പ്പിക്കാനായി റോഡിന് ഇരുവശവും തടിച്ചുകൂടിയത്. ജനക്കൂട്ടം അദ്ദേഹത്തിന്റെ പേര് വിളിച്ചുപറയുകയും ത്രിവര്‍ണ്ണ പതാക വീശി പ്രധാനമന്ത്രിയോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു.
റോഡ് ഷോയ്ക്ക് ശേഷം, 2001 ലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ സ്മരണയ്ക്കായി ഭുജ് പട്ടണത്തില്‍ നിര്‍മ്മിച്ച 'സ്മൃതി വന്‍' എന്ന സ്മാരകം മോദി ഉദ്ഘാടനം ചെയ്തു. സര്‍ദാര്‍ സരോവര്‍ പദ്ധതിയുടെ കച്ച് ബ്രാഞ്ച് കനാല്‍, ഭുജിലെ റീജിയണല്‍ സയന്‍സ് സെന്റര്‍ സര്‍ഹദ് ഡയറിയുടെ പുതിയ ഓട്ടോമാറ്റിക് പാല് സംസ്കരണം - പാക്കിംഗ് പ്ലാന്റ്, ഭുജിലെ റീജിണല്‍ സയന്‍സ് സെന്റര്‍, ഗാന്ധിധാമിലെ ഡോ. ബാബാസാഹിബ് അംബേദ്ക്കര്‍ കണ്വെന്ഷന് സെന്റര്‍ എന്നിവയുള്‍പ്പെടെ 4,400 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനുമായി അദ്ദേഹം കച്ച് യൂണിവേഴ്യുടെ മൈതാനത്തേയ്ക്കാണ് പിന്നീട് പോയത്.
"ഗുജറാത്ത് ഒന്നിനു പുറകെ ഒന്നായി പ്രകൃതി ക്ഷോഭങ്ങള്‍ നേരിടുകയാണ്. എന്നാല്‍ അതിന് പുറമെ സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ രാജ്യത്തിനകത്തും പുറത്തും ഗൂഢാലോചനകള്‍ നടക്കുന്നു. ഗുജറാത്തിലേയ്ക്ക് നിക്ഷേപങ്ങള്‍ എത്താതിരിക്കാന്‍ ആവര്‍ത്തിച്ചുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അപകീര്‍ത്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും സംസ്ഥാനം അവഗണിച്ചു. ഗൂഢാലോചനകളെ അതിജീവിച്ച് പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു", മോദി വ്യക്തമാക്കി.
"2001ലെ കച്ച് ഭൂകമ്പത്തിന് ശേഷം പുനര്‍ വികസനത്തിനായി ഞങ്ങള്‍ കഠിനമായി പരിശ്രമിച്ചു. ദുരന്തത്തെ അവസരമാക്കി മാറ്റുമെന്ന് പ്രഖ്യാപിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു. ഇന്ന് അതിന്റെ ഫലം നമുക്ക് കാണാന്‍ കഴിയും", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂകമ്പത്തിന്റെ കെടുതികളില്‍ നിന്ന് കച്ചിന് കരകയറാന്‍ സാധിക്കില്ലെന്ന് പലരും പറഞ്ഞു. എന്നാല്‍ ആളുകള്‍ ഈ സാഹചര്യത്തില്‍ മാറ്റം കൊണ്ടുവന്നു എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
"2047ഓടെ ഇന്ത്യ ഒരു വികസിത രാജ്യമായി മാറുമെന്ന് ഞാന്‍ പറയുമ്പോള്‍ അതില്‍ പല പോരായ്മകളും നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ എനിക്കത് കൃത്യമായി കാണാന്‍ സാധിക്കും. ഇന്നത്തെ നമ്മുടെ തീരുമാനം 2047ല്‍ സാക്ഷാത്ക്കരിക്കപ്പെടും. ദുരന്ത നിവാരണ നിയമം നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഗുജറാത്ത് മാറി", മോദി വ്യക്തമാക്കി.
2001ലെ ഭൂകമ്പത്തിനു ശേഷമുള്ള കച്ചിന്റെ വികസനത്തെക്കുറിച്ച് സംസാരിച്ച മോദി, കച്ചില്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സിമന്റ് പ്ലാന്റുകളാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടി. വെല്‍ഡിംഗ് പൈപ്പ് നിര്‍മ്മാണത്തിലും ലോകത്തില്‍ തന്നെ രണ്ടാം സ്ഥാനത്താണ് കച്ച് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
"ലോകത്തിലെ രണ്ടാമത്തെ വലി ടെക്സ്റ്റൈല്‍ പ്ലാന്റ് കച്ചിലാണ്. ഏഷ്യയിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയും കച്ചില്‍ വന്നു. ഇന്ത്യയുടെ ചരക്ക് നീക്കത്തിന്റെ 30 ശതമാനവും കണ്ട്ല, മുന്ദ്ര തുറമുഖങ്ങളാണ് കൈകാര്യം ചെയ്യുന്നത്. കച്ച് രാജ്യത്തിന്റെ 30 ശതമാനം ഉപ്പ് ഉല്‍പ്പാദിപ്പിക്കുന്നു. ഭുജിലെ സ്മൃതി വാന്‍ സ്മാരകവും അഞ്ജറിലെ വീര്‍ ബാല്‍ സ്മാരകവും കച്ച് അനുഭവിച്ച വേദനയുടെ പ്രതീകങ്ങളാണ്", മോദി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.